ചന്ദ്രനിൽ പോകണമെങ്കിൽ ഇപ്പോഴുള്ളതിനെക്കാൾ വളരെ ശക്തികൂടിയ റോക്കറ്റുകൾ ഉണ്ടാക്കേണ്ടിവരും. അതിനുള്ള കാര്യങ്ങൾ ആസൂത്രണം ചെയ്യേണ്ടതുണ്ട്. പക്ഷേ, റോബോട്ടുകളെ അയക്കാൻ പറ്റും. ഏകദേശം 10 കൊല്ലത്തിനകം മനുഷ്യനെ ചന്ദ്രനിലെത്തിക്കാൻ കഴിഞ്ഞേക്കും. അതിനാവശ്യമായ വിഭവങ്ങളും പരിശ്രമവുമുണ്ടാക്കണം.
ഇന്ത്യൻ ബഹിരാകാശദൗത്യത്തിലെ നിർണായക നാഴികക്കല്ലാണ് ചന്ദ്രയാൻ-മൂന്ന്. മറ്റ് ഗ്രഹങ്ങളെ കുറിച്ച് പഠിക്കാനുള്ള പുതിയ അധ്യായത്തിന്റെ തുടക്കം. 2008ൽ തുടങ്ങിയതാണ് നമ്മൾ ചന്ദ്രനെ പറ്റി പഠിക്കാൻ. ആദ്യമായി ചന്ദ്രയാൻ-ഒന്ന് വഴി ചന്ദ്രന് ചുറ്റും പോയി അതിന്റെ ഉപരിതലത്തെ കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ചു. അവിടെയുള്ള ധാതുക്കൾ എന്തൊക്കെയാണ് എന്നതുൾപ്പെടെ ചന്ദ്രോപരിതലത്തെ പറ്റി ഒരുപാട് വിവരങ്ങൾ ശേഖരിച്ചു. റിമോർട്ട് സെൻസിങ് കാമറ ഉപയോഗിച്ചാണ് ആ വിവരങ്ങൾ ശേഖരിച്ചത്. ആ വിവരങ്ങൾ എത്രമാത്രം കൃത്യമാണെന്ന് അറിയാനായി ചന്ദ്രോപരിതലത്തിലിറങ്ങി സാമ്പിൾ ശേഖരിച്ച് വിലയിരുത്തേണ്ടതുണ്ട്. അതിന്റെ ഭാഗമായിട്ടായിരുന്നു ചന്ദ്രയാൻ-രണ്ട് ദൗത്യം. ഏകദേശം നാലു കൊല്ലം മുമ്പ് വിക്ഷേപിച്ച ചന്ദ്രയാൻ-രണ്ടിൽ എല്ലാം ഭംഗിയായി പോയി. എന്നാൽ, അവസാനത്തെ രണ്ട് കിലോമീറ്റർ മുകളിൽ വെച്ച് ചെറിയ തകരാർ വന്നതിനാൽ ക്രാഷ് ലാൻഡിങ്ങായി മാറി. ആ പേടകം തന്നെ തകർന്നുപോയി. അതിന്റെ സാങ്കേതിക തകരാറുകൾ പരിഹരിച്ച് വീണ്ടും കൃത്യമായി ചന്ദ്രനിൽ ഇറങ്ങുകയാണ് ചന്ദ്രയാൻ-മൂന്നിന്റെ ലക്ഷ്യം. ആദ്യ ഭാഗമെല്ലാം ഭംഗിയായി കഴിഞ്ഞു.
മാർക്ക് മൂന്നിലെ മഹാദൗത്യം
ജൂലൈ 14ന് ഉച്ച 2.35ന് ചന്ദ്രയാൻ-മൂന്ന് പേടകം ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽനിന്ന് മാർക്ക് മൂന്ന് റോക്കറ്റിൽ കുതിച്ചു. ജി.എസ്.എൽ.വി വെഹിക്കിൾ ഉപയോഗിച്ച് ഉപഗ്രഹവും പ്രൊപ്പൽഷൻ മൊഡ്യൂളും കൂടെ ഭൂമി ചുറ്റി. ഭൂമിയിൽ നിന്ന് ചന്ദ്രനിലേക്കുള്ള യാത്ര കഴിഞ്ഞ് ആഗസ്റ്റ് ഒന്നിന് പേടകത്തെ ഭൂമിക്ക് ചുറ്റുമുള്ള ഭ്രമണപഥത്തിൽനിന്ന് വേർപെടുത്തി. ആഗസ്റ്റ് അഞ്ചിന് ചന്ദ്രന് ചുറ്റുമുള്ള ഭ്രമണപഥത്തിലെത്തിച്ചു. ആഗസ്റ്റ് 17ന് മാതൃപേടകമായ പ്രൊപ്പൽഷൻ മൊഡ്യൂളിൽനിന്ന് ലാൻഡർ മൊഡ്യൂളിനെ സ്വതന്ത്രമാക്കി. ഞായറാഴ്ച പുലർച്ച ചന്ദ്രന്റെ ഏറ്റവും അടുത്തുള്ള ഭ്രമണപഥത്തിലെത്തിച്ചു. കൃത്യമായ ഭ്രമണപഥത്തിൽ സഞ്ചരിക്കുകയാണ്. ലാൻഡർ മൊഡ്യൂളിനെ ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ഇറക്കാനുള്ള പദ്ധതി ബുധനാഴ്ച തുടങ്ങും. ഇത് വളരെ നിർണായക പ്രകിയയാണ്.
റോക്കറ്റ് എൻജിനുകൾ കൃത്യമായും ശരിയായ ദിശയിലും മാഗ്നിറ്റ്യൂഡിലും പ്രവർത്തിച്ചെങ്കിൽ മാത്രമേ ഇതിന് സാധിക്കൂ. ഭൂമിയിൽനിന്ന് ഒന്നും ചെയ്യാൻ കഴിയില്ല. ചന്ദ്രനിലുള്ള പേടകത്തിലെ കമ്പ്യൂട്ടറാണ് എല്ലാം നിശ്ചയിക്കുക. ആ കമ്പ്യൂട്ടറിൽ വളരെ ശക്തമായ കാമറകളുണ്ട്. വിവിധ തരത്തിലുള്ള ചിത്രങ്ങളെടുക്കാൻ അതിനാകും. ലാൻഡർ പൊസിഷൻ ഡിറ്റക്ഷൻ കാമറ (LPDC) ഉപയോഗിച്ച് ലാൻഡർ ചിത്രങ്ങൾ പകർത്തിത്തുടങ്ങി. ശേഖരിക്കുന്ന വിവരങ്ങളെല്ലാം പേടകത്തിലെ കമ്പ്യൂട്ടർ വിശകലനം ചെയ്തശേഷമേ ലാന്ഡിങ്ങിന് കമാന്ഡ് കൊടുക്കൂ.
ലാൻഡിങ്ങിന്റെ അവസാന ഘട്ടം കൂടുതൽ സങ്കീർണമാണ്. പാറക്കെട്ടുകളും കുണ്ടും കുഴികളുമൊക്കെ നിറഞ്ഞതാണ് ചന്ദ്രന്റെ ഉപരിതലം. ഇതൊന്നുമില്ലാത്ത സ്ഥലം നോക്കി വേണം ഇറക്കാൻ. ഉപരിതലത്തിൽ നിന്ന് 100 മീറ്റർ മുകളിൽ എത്തുമ്പോൾ പേടകം അൽപസമയം നിൽക്കും. ലാൻഡറിലെ ഉപകരണങ്ങൾ സജ്ജമാണെന്ന് ശാസ്ത്രജ്ഞർ ഉറപ്പുവരുത്തിയശേഷം സോഫ്റ്റ് ലാൻഡിങ് നിശ്ചയിച്ച സ്ഥലത്ത് സൂര്യപ്രകാശമെത്തുന്നതിനായി കാത്തിരിക്കും. പേടകത്തെ ചന്ദ്രനിലേക്ക് ഇറക്കുന്നതിനുള്ള തയാറെടുപ്പ് ബുധനാഴ്ച വൈകീട്ട് 5.45ന് ആരംഭിക്കും. തുടർന്നുള്ള 18 മിനിറ്റ് അതിനിർണായകമാണ്. സെക്കൻഡിൽ 1.68 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കുന്ന പേടകത്തെ വേഗം കുറച്ചുകൊണ്ടുവന്നാണ് ലാൻഡ് ചെയ്യിക്കുക. ലാൻഡിങ് ലെഗ്ഗുകൾക്ക് കരുത്തുകൂട്ടിയിട്ടുള്ളതിനാൽ സെക്കൻഡിൽ മൂന്ന് മീറ്റർ വേഗത്തിൽ ലാൻഡ് ചെയ്താലും പിഴവ് സംഭവിക്കില്ല.ലാൻഡർ പൊസിഷൻ ഡിറ്റക്ഷൻ കാമറ ഉപയോഗിച്ചാണ്ചന്ദ്രോപരിതലത്തിലെ പ്രതലം കൃത്യമാണോയെന്ന് പരിശോധിക്കുക. കാമറ പകർത്തുന്ന ഡേറ്റകൾ അൽപ സമയത്തിനകം ഭൂമിയിൽ (ഐ.എസ്.ആർ.ഒ) ലഭിക്കുമെങ്കിലും ഇവിടെ നിന്ന് കമാൻഡ് ചെയ്യാൻ കഴിയില്ല എന്നതാണ് ഇതിലെ സങ്കീർണത. പേടകത്തിലെ കമ്പ്യൂട്ടറാണ് ചന്ദ്രോപരിതലത്തിലെ ലാൻഡിങ്ങിനുള്ള ശരിയായ സ്ഥലം കണ്ടെത്തി അവിടെ ഇറങ്ങണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത്. 4.2 കിലോമീറ്റർ നീളവും 2.5 കിലോമീറ്റർ വീതിയുമുള്ള സ്ഥലമാണ് ലാൻഡിങ്ങിന് നിശ്ചയിച്ചിട്ടുള്ളത്.
ഒട്ടും പരിചയമില്ലാത്ത, ഒരു ബീക്കണോ റഡാറോ ഒന്നുമില്ലാത്ത സ്ഥലത്ത് എയർക്രാഫ്റ്റ് ഇറക്കുന്നതുപോലെയാണിത്. ലോകത്തിന്റെ മുൻപന്തിയിൽ എത്താനുള്ള അവസരം കൂടിയാണിത്. അതിനുള്ള സാങ്കേതികവിദ്യ നമ്മൾ വികസിപ്പിച്ചു. ദൗത്യം വിജയിച്ചാൽ അമേരിക്ക, റഷ്യ, ചൈന എന്നീ രാജ്യങ്ങൾക്കുപിന്നാലെ, ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിങ് നടത്തുന്ന രാജ്യമാകും ഇന്ത്യ. 60 ശതമാനം ചാന്ദ്രദൗത്യം മാത്രമേ ഇതുവരെ വിജയിച്ചിട്ടുള്ളൂ. അമേരിക്കയും റഷ്യയും ചൈനയുമാണ് മുന്നിൽ.
മനുഷ്യരെ ചന്ദ്രനിലേക്ക് അയക്കാൻ കുറേ മുന്നോട്ട് പോകാനുണ്ട്. മനുഷ്യരെ ഭൂമിക്ക് ചുറ്റും അയക്കാനുള്ള ‘ഗഗൻയാൻ-മൂന്ന്’ ദൗത്യം പുരോഗമിക്കുന്നു. മൂന്ന് ബഹിരാകാശ ശാസ്ത്രജ്ഞരെ ഭൂമിക്ക് ചുറ്റും അയക്കുകയും ഒരാഴ്ച കഴിഞ്ഞ് തിരിച്ച് കൊണ്ടുവരുന്നതുമാണിത്. ഒന്നുരണ്ടുവർഷത്തിനകം യാഥാർഥ്യമാകും. ചന്ദ്രനിൽ പോകണമെങ്കിൽ ഇപ്പോഴുള്ളതിനെക്കാൾ വളരെ ശക്തികൂടിയ റോക്കറ്റുകൾ ഉണ്ടാക്കേണ്ടിവരും. അതിനുള്ള കാര്യങ്ങൾ ആസൂത്രണം ചെയ്യേണ്ടതുണ്ട്. പക്ഷേ, റോബോട്ടുകളെ അയക്കാൻ പറ്റും. ഏകദേശം 10 കൊല്ലത്തിനകം മനുഷ്യനെ ചന്ദ്രനിലെത്തിക്കാൻ കഴിഞ്ഞേക്കും. അതിനാവശ്യമായ വിഭവങ്ങളും പരിശ്രമവുമുണ്ടാക്കണം.
റോക്കറ്റ് സാങ്കേതികവിദ്യയിൽ ലോകരാഷ്ട്രങ്ങളിൽ മുൻ നിരയിൽ നിൽക്കുന്ന രാജ്യമാണ് ഇന്ത്യ. ജി.എസ്.എൽ.വി മാത്രമെടുത്താൽ മറ്റു രാജ്യങ്ങളുടെ ഉപഗ്രഹങ്ങൾ വരെ വിക്ഷേപിക്കാനുള്ള സംവിധാനം നമ്മളുണ്ടാക്കി. അമേരിക്കയുടെ ഉപഗ്രഹം ഇവിടുന്ന് വിക്ഷേപിച്ചിരുന്നു. പി.എസ്.എൽ.വിയും അതുപോലെ തന്നെയാണ്. 10 ടൺ ഭാരത്തോളം ഭൂമിക്കും ചുറ്റും എത്തിക്കാനുള്ള ശേഷി നാം നേടിക്കഴിഞ്ഞു. അമേരിക്കക്കും ചൈനക്കുമൊക്കെ 25 ടൺ വരെ എത്തിക്കാനുള്ള ശേഷിയുണ്ട്. നമ്മുടെ അടുത്ത പദ്ധതിയായി 25 മുതൽ 100 ടൺ വരെ ഭാരം കൊണ്ടുപോകാനുള്ള സാധ്യതകളുണ്ട്. അതിനാവശ്യമായ പഠനം നടക്കുന്നുണ്ട്.
തയാറാക്കിയത്: സുധീർ മുക്കം
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.