ദുബൈ: നോക്കെത്താദൂരത്തെ സ്വപ്നങ്ങൾ ഒന്നൊന്നായി വെട്ടിപ്പിടിക്കുകയാണ് യു.എ.ഇ. ബഹിരാകാശത്ത് ആദ്യമായി അറബ് പൗരനെ എത്തിച്ച രാജ്യം, അറബ് ലോകത്തെ ആദ്യ ചൊവ്വാദൗത്യം എന്നിവക്കു പിന്നാലെയാണ് ആദ്യമായി ചന്ദ്രനിലേക്കും കുതിപ്പ് നടത്തിയിരിക്കുന്നത്. ഇതിനു പുറമെ, രാജ്യാന്തര ബഹിരാകാശനിലയത്തിൽ ആറു മാസം ചെലവഴിക്കുന്ന ആദ്യ സഞ്ചാരിയായി മാറാനുള്ള തയാറെടുപ്പിലാണ് യു.എ.ഇ പൗരൻ സുൽത്താൻ അൽ നിയാദി. 2019 സെപ്റ്റംബർ 25നായിരുന്നു ബഹിരാകാശത്ത് ആദ്യമായി അറബ് പൗരന്റെ പാദമുദ്ര പതിഞ്ഞത്. യു.എ.ഇ ബഹിരാകാശ പര്യവേക്ഷകൻ മേജർ ഹസ്സ അൽമൻസൂരിയാണ് എട്ടു ദിവസത്തേക്ക് ബഹിരാകാശത്തെത്തിയത്.കസാഖ്സ്താനിലെ ബൈകനൂർ കോസ്മോ ഡ്രോമിൽനിന്ന് നാസയുടെ പര്യവേക്ഷക ജസീക മീർ, റഷ്യൻ കമാൻഡർ ഒലേഗ് സ്ക്രിപോച്ച്ക എന്നിവർക്കൊപ്പം സോയൂസ് എം.എസ് 15 എന്ന പേടകത്തിലായിരുന്നു ഹസ്സയുടെ യാത്ര. ഒക്ടോബർ നാലു വരെ സംഘം ഇവിടെ തുടർന്നു.
ഹസ്സക്കൊപ്പം ആകാശത്തേക്ക് കുതിച്ചത് ഒരു നാടിന്റെ ഒന്നാകെയുള്ള പ്രതീക്ഷകളും സ്വപ്നങ്ങളുമായിരുന്നു. അന്ന് രണ്ട് ബഹിരാകാശയാത്രികരെയാണ് യു.എ.ഇ മാസങ്ങളായി ഈ ദൗത്യത്തിനായി പരിശീലിപ്പിച്ചത്. ഒപ്പം പരിശീലനം നേടിയ സുല്‍ത്താന്‍ അല്‍ നെയാദി അടിയന്തര സാഹചര്യത്തില്‍ ഹസ്സക്കു പകരം ദൗത്യം ഏറ്റെടുക്കാന്‍ തയാറായി നിൽപുണ്ടായിരുന്നു.ഹസ്സ യാത്ര പുറപ്പെട്ടതിന് തൊട്ടുപിന്നാലെ യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന്റെ പ്രഖ്യാപനമെത്തി-'മ്മുടെ അടുത്ത ലക്ഷ്യം ചൊവ്വയാണ്. അതും സമ്പൂർണമായി യു.എ.ഇ യുവത രൂപകൽപന ചെയ്ത സാേങ്കതിക സംവിധാനങ്ങളോടെ'. എട്ടു ദിവസത്തിനുശേഷം തിരിച്ചെത്തിയ ഹസ്സക്ക് രാജകീയ സ്വീകരണമാണ് ഒരുക്കിയത്.
ചൊവ്വയിലേക്ക്
2020 ജൂലൈ 20നാണ് അറബ് ലോകത്തെ ആദ്യ ചൊവ്വാ പര്യവേക്ഷണ പേടകം ഹോപ്പ് പ്രോബ് (അൽ അമൽ) ചൊവ്വയിലേക്ക് കുതിച്ചത്. 2021 ഫെബ്രുവരി ഒമ്പതിനായിരുന്നു 'ഗ്രഹപ്രവേശം'. ശാസ്ത്രജ്ഞന്മാർ 50 ശതമാനം വിജയസാധ്യത കൽപിച്ച ഹോപ്പ് ലക്ഷ്യത്തിലെത്തിയതോടെ ചൊവ്വയിൽ പേടകം എത്തിക്കുന്ന അഞ്ചാമത്തെ രാഷ്ട്രമായി യു.എ.ഇ. ആദ്യ ശ്രമത്തിൽതന്നെ ദൗത്യം വിജയിപ്പിച്ച മൂന്നാമത്തെ രാജ്യമെന്ന നേട്ടവും യു.എ.ഇ സ്വന്തമാക്കി. 686 ദിവസം (ചൊവ്വയിലെ ഒരുവർഷം) ഹോപ് ചൊവ്വയിലുണ്ടാവും. ഇതിനകം നിരവധി ചിത്രങ്ങൾ ഹോപ്പിൽനിന്ന് ലഭിച്ചുകഴിഞ്ഞു. എമിറേറ്റ്സ് മാർസ് സ്പെക്ട്രോ മീറ്റർ, ഇമേജർ, ഇൻഫ്രാറെഡ് സ്പെക്ട്രോ മീറ്റർ എന്നീ മൂന്ന് ഉപകരണങ്ങളാണ് പര്യവേക്ഷണത്തിന് ഉപയോഗിക്കുന്നത്.
ഇന്ത്യയുടെ മംഗൾയാൻ ഉൾപ്പെടെ രണ്ടു രാജ്യങ്ങൾ മാത്രമാണ് ചൊവ്വാദൗത്യം ആദ്യ ശ്രമത്തിൽതന്നെ ലക്ഷ്യത്തിലെത്തിച്ചിരുന്നത്. 735 ദശലക്ഷം ദിർഹമാണ് ഹോപ്പിന്റെ നിർമാണ ചെലവ്. നൂറ് ശതമാനവും ഇമാറാത്തി പൗരന്മാരായിരുന്നു ദൗത്യത്തിനു പിന്നിൽ.
സുൽത്താനാകാൻ നിയാദി
രാജ്യാന്തര ബഹിരാകാശനിലയത്തിൽ (ഐ.എസ്.എസ്) ആറുമാസം ചെലവഴിക്കുന്ന ആദ്യ അറബ് ബഹിരാകാശ സഞ്ചാരിയാകാൻ യു.എ.ഇ പൗരൻ സുൽത്താൻ അൽ നിയാദി ഒരുങ്ങിക്കഴിഞ്ഞു. ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററിൽനിന്ന് 2023 സെപ്റ്റംബറിൽ വിക്ഷേപിക്കുന്ന സ്പേസ് എക്സ് ക്രൂ 6 പേടകത്തിലാണ് അൽ നിയാദി ബഹിരാകാശത്തേക്ക് പോകുക.180 ദിവസം അദ്ദേഹം ബഹിരാകാശത്ത് ചെലവഴിക്കും. ബഹിരാകാശത്തേക്ക് ദീർഘകാലത്തേക്ക് സഞ്ചാരികളെ അയക്കുന്ന 11ാമത്തെ രാജ്യമായും യു.എ.ഇ മാറും. യു.എ.ഇയിൽനിന്നും ബഹിരാകാശദൗത്യത്തിനായി ആദ്യമായി തെരഞ്ഞെടുത്ത സഞ്ചാരികളിൽ ഒരാളാണ് സുൽത്താൻ അൽ നിയാദി. ആദ്യ ബഹിരാകാശയാത്രികൻ ഹസ്സ അൽ മൻസൂരിക്കൊപ്പം സുൽത്താൻ അൽ നിയാദിയെയും തെരഞ്ഞെടുത്തിരുന്നു. യു.എ.ഇയുടെ ആദ്യ ബഹിരാകാശയാത്രികർ ആകുന്നതിന് നിരവധി ടെസ്റ്റുകൾ നടത്തിയശേഷം 4022 പേരിൽനിന്നാണ് ഹസ്സ അൽ മൻസൂരിയെയും സുൽത്താൻ അൽ നിയാദിയും തെരഞ്ഞെടുക്കപ്പെട്ടത്.
ലക്ഷ്യം ശുക്രനും
യു.എ.ഇയുടെ മറ്റൊരു ലക്ഷ്യമാണ് ശുക്രൻ. ശുക്ര ഗ്രഹത്തിന്റെയും സൗരയൂഥത്തിലെ ഏഴു ഛിന്നഗ്രഹങ്ങളെയും പര്യവേക്ഷണം നടത്താനുള്ള പദ്ധതി ഇതിന്റെ ഭാഗമായി പ്രഖ്യാപിച്ചു. ചൊവ്വക്കും വ്യാഴത്തിനും ഇടയിലെ ഛിന്നഗ്രഹ വലയം പര്യവേക്ഷണം ചെയ്യുകയെന്ന പ്രാഥമിക ലക്ഷ്യത്തോടെ 2028ലാണ് പര്യവേക്ഷണം ആസൂത്രണം ചെയ്തിരിക്കുന്നത്. ഭൂമിയിലേക്ക് പതിക്കുന്ന മിക്ക ഉൽക്കകളുടെയും ഉത്ഭവസ്ഥാനമെന്ന നിലയിലാണ് ഇവിടം പഠനത്തിന് തിരഞ്ഞെടുത്തത്. 3.6 ബില്യൺ കിലോമീറ്ററാണ് ദൂരം. ചൊവ്വയിലേക്കുള്ള ഹോപ് പേടകത്തിന്റെ ഏഴു മടങ്ങ് യാത്ര. ഛിന്നഗ്രഹത്തിൽ എത്തുന്ന ആദ്യ അറബ് ബഹിരാകാശ ദൗത്യമായിരിക്കും ഇത്.
പര്യവേക്ഷണ പേടകം രൂപപ്പെടുത്താൻ ഏഴു വർഷമെടുക്കുമെന്നാണ് കരുതപ്പെടുന്നത്. അഞ്ചുവർഷത്തെ യാത്രയും ഛിന്നഗ്രഹത്തിൽ എത്തിച്ചേരുന്നതിന് ആവശ്യമായി വരും. ബഹിരാകാശ ഏജൻസിയുടെ ദൗത്യത്തിന്റെ ഭാഗമായി അഞ്ചു പുതിയ പദ്ധതികൾ ആരംഭിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഇമാറാത്തി ബഹിരാകാശ ബിസിനസ് വളർത്തിയെടുക്കുക, കരാറുകളിൽ യു.എ.ഇ കമ്പനികൾക്ക് മുൻഗണന നൽകുക, യുവാക്കളെ പരിശീലിപ്പിക്കുന്നതിന് പ്രോഗ്രാം സംഘടിപ്പിക്കുക, പ്രാദേശികവും അന്താരാഷ്ട്ര തലത്തിലുള്ളതുമായ സർവകലാശാലകളെ ദൗത്യത്തിന്റെ ഭാഗമാക്കുക എന്നിവ ഇതിൽ ഉൾപ്പെടുന്നു. ശുക്രഗ്രഹത്തെയും ഛിന്നഗ്രഹങ്ങളെയും ലക്ഷ്യംവെക്കുന്ന ബഹിരാകാശ ദൗത്യത്തിന് തുടക്കമിടുന്ന അഞ്ചാമത്തെ ലോകരാജ്യമാണ് യു.എ.ഇ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.