പെരിയ: ഇന്ത്യയില്‍ 15 വയസ്സിനും 49 വയസ്സിനും ഇടയിലുള്ള സ്ത്രീകളില്‍ എട്ടില്‍ ഒരാള്‍ക്ക് വിളര്‍ച്ചയും അമിതഭാരവും പൊണ്ണത്തടിയും ഒരുമിച്ചുള്ളതായി പഠനം. കേരള-കേന്ദ്ര സര്‍വകലാശാല പബ്ലിക് ഹെല്‍ത്ത് ആൻഡ് കമ്യൂണിറ്റി മെഡിസിന് വിഭാഗം അസിസ്റ്റന്റ് പ്രഫ. ഡോ. ജയലക്ഷ്മി രാജീവ്, വിദ്യാര്‍ഥി സീവര്‍ ക്രിസ്റ്റ്യന്‍, തിരുവനന്തപുരം ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് അച്യുതമേനോന് സെന്റര്‍ ഫോര്‍ ഹെല്‍ത്ത് സയന്‍സ് സ്റ്റഡീസിലെ പ്രഫ.ശ്രീനിവാസന് കണ്ണന് എന്നിവരാണ് പഠനം നടത്തിയത്.
സ്പ്രിംഗര്‍ നേച്ചറില്‍ നിന്നുള്ള യൂറോപ്യന്‍ ജേണല്‍ ഓഫ് ക്ലിനിക്കല്‍ ന്യൂട്രീഷനില്‍ ഈ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. മ്യാന്മറില് പത്തില്‍ ഒരാള്‍ക്കും നേപ്പാളില്‍ പതിനഞ്ചില്‍ ഒരാള്‍ക്കുമാണ് വിളര്‍ച്ചയും അമിതഭാരവും പൊണ്ണത്തടിയും ഒരുമിച്ചുള്ളത്. ഇന്ത്യയിലെ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണപ്രദേശങ്ങളിലുമായി ഒമ്പതെണ്ണത്തില്‍ 15 ശതമാനത്തിലധികമാണ് വ്യാപനം.
വിളര്‍ച്ചയും അമിതഭാരവും പൊണ്ണത്തടിയും ഒരുമിച്ച് ഉണ്ടാകാനുള്ള സാധ്യത പ്രായമായ, സമ്പന്നരായ സ്ത്രീകള്‍ക്കിടയില്‍ വര്‍ധിച്ചതായാണ് കാണുന്നത്. ഭക്ഷണശീലങ്ങളിലെ അനാരോഗ്യകരമായ മാറ്റങ്ങള്‍ ഇതിന് കാരണമായേക്കാമെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു.
സമ്പന്നരായ സ്ത്രീകളില്‍ കൊഴുപ്പ്, ഉപ്പ്, പഞ്ചസാര, സംസ്കരിച്ച ഭക്ഷണം എന്നിവയുടെ ഉപഭോഗം വര്‍ധിക്കുമ്പോള്‍, പാവപ്പെട്ട സ്ത്രീകള്‍ പരിമിതമായ പോഷകങ്ങളുള്ള വിലകുറഞ്ഞ ഭക്ഷണം കഴിക്കാന്‍ നിര്‍ബന്ധിതരാകുന്നു. വിളര്‍ച്ചയും അമിതഭാരവും ഒരുമിച്ചുണ്ടാവുന്നതിന്റെ കാരണങ്ങള്‍ എല്ലാ വിഭാഗം സ്ത്രീകളിലും ഒരുപോലെയല്ലെന്ന് ഇത് സൂചിപ്പിക്കുന്നു.
ഇന്ത്യയിലും മ്യാന്മറിലും നഗരപ്രദേശങ്ങളില്‍ നിന്നുള്ള വിദ്യാസമ്പന്നരായ സ്ത്രീകളില്‍ വിളര്‍ച്ചയും അമിതഭാരം/പൊണ്ണത്തടിയും ഒരുമിച്ചുണ്ടാകുന്നതിനുള്ള സാധ്യത കൂടുതലായി കാണപ്പെട്ടെങ്കിലും നേപ്പാളില്‍ ഇത് വ്യത്യസ്തമായിരുന്നു. നിലവില്‍ ലഭ്യമായ പഠനങ്ങള്‍ അനുസരിച്ച് അമിതവണ്ണം വിളര്ച്ചക്കു കാരണമാകും. അങ്ങനെയെങ്കില്‍ സ്ത്രീകളില്‍ അമിതവണ്ണം വിളര്‍ച്ചയുടെ വ്യാപനത്തെക്കാള്‍ കൂടുതലായിരിക്കണം.
എന്നാല്‍ മൂന്ന് രാജ്യങ്ങളിലും വിളര്‍ച്ചയുടെ വ്യാപനമാണ് കൂടുതലായുള്ളത്. സ്ത്രീകള്‍ക്കിടയില്‍ വിളര്‍ച്ചയും അമിതഭാരവും ഒരുമിച്ചുണ്ടാകുന്നതിലേക്ക് നയിക്കുന്ന അടിസ്ഥാന കാരണങ്ങള്‍ മനസ്സിലാക്കുന്നതിനും പ്രതിരോധ ചികിത്സാ മാര്‍ഗങ്ങള്‍ അവലംബിക്കുന്നതിനും കൂടുതല്‍ പഠനങ്ങള്‍ ആവശ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.