അറബ് ലോകം ചന്ദ്രനിലേക്ക്: ആദ്യ ചാന്ദ്രദൗത്യം റാശിദ് റോവറിന്‍റെ വിക്ഷേപണം ഇന്ന്

ദുബൈ: അറബ് ലോകത്തിന്‍റെ പ്രതീക്ഷകളുംപേറി യു.എ.ഇയുടെ ആദ്യ ചാന്ദ്രദൗത്യം 'റാശിദ് റോവർ' ഇന്ന് കുതിപ്പ് തുടങ്ങും. ബുധനാഴ്ച ഉച്ചക്ക് 12.39ന് േഫ്ലാറിഡയിലെ കെന്നഡി സ്പേസ് സെന്‍ററിൽനിന്നാണ് റാശിദ് റോവറിന്‍റെ വിക്ഷേപണം.

അറബ് ലോകത്തിലെ ആദ്യ ചാന്ദ്ര ദൗത്യമായതിനാൽ കണ്ണും കാതും കൂർപ്പിച്ച് പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ഗൾഫ് ഒന്നടങ്കം. മോശം കാലാവസ്ഥയെത്തുടർന്ന് പലതവണ മാറ്റിവെച്ച ദൗത്യമാണ് ഇന്ന് യാഥാർഥ്യമാകാനൊരുങ്ങുന്നത്. എന്നാൽ, നിലവിൽ കാലാവസ്ഥ അനുകൂലമാണെന്നാണ് വിലയിരുത്തൽ.മഴക്ക് നാലുശതമാനം സാധ്യത മാത്രമാണുള്ളത്.

അവസാനനിമിഷം വിക്ഷേപണം മാറ്റേണ്ടി വന്നാൽ ഡിസംബർ ഒന്നിന് ഉച്ചക്ക് 12.37 ആണ് അടുത്ത സമയമായി കണ്ടുവെച്ചിരിക്കുന്നത്. അടുത്ത വർഷം ഏപ്രിലോടെ 'റാശിദ്' ദൗത്യം പൂർത്തിയാക്കുമെന്നാണ് കരുതുന്നത്. വിവിധ സാമൂഹിക മാധ്യമ പേജുകളിലൂടെ തത്സമയ സംപ്രേഷണമുണ്ടായിരിക്കും. www.mbrsc.ae/luna ലിങ്കിലൂടെയും തത്സമയ സംപ്രേഷണം കാണാം.

രാവിലെ 10.30 മുതൽ സംപ്രേഷണം തുടങ്ങും. ഐ സ്പേസാണ് 'ഹകുട്ടോ-ആർ മിഷൻ-1' എന്ന ജാപ്പനീസ് ലാൻഡർ നിർമിച്ചിരിക്കുന്നത്. ഈ ലാൻഡറിലാണ് 'റാശിദി'നെ ചന്ദ്രോപരിതലത്തിൽ എത്തിക്കുക.

ദുബൈയിലെ മുഹമ്മദ് ബിൻ റാശിദ് സ്പേസ് സെന്‍ററിലെ എൻജിനീയർമാരാണ് റാശിദ് റോവർ നിർമിച്ചത്. സ്വപ്നതടാകം എന്നർഥമുള്ള 'ലാകസ് സോംനിയോറം' എന്ന ഭാഗത്തായിരിക്കും ചന്ദ്രനിൽ റാശിദ് ഇറങ്ങുക.

'സ്വപ്നതടാകം' പ്രാഥമിക ലാൻഡിങ് സൈറ്റാണ്, മറ്റ് മൂന്ന് സ്ഥലങ്ങൾ അടിയന്തരഘട്ടത്തിൽ ഉപയോഗിക്കാനായി തെരഞ്ഞെടുത്തിട്ടുണ്ട്. അന്തരിച്ച യു.എ.ഇ വൈസ് പ്രസിഡൻറും ദുബൈ ഭരണാധികാരിയുമായ ശൈഖ് റാശിദ് ബിൻ സഈദ് ആൽ മക്തൂമിന്റെ നാമധേയത്തിലാണ് പദ്ധതി അറിയപ്പെടുന്നത്.


Tags:    
News Summary - UAE moon mission: Rashid rover launch today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.