ദുബൈ: മരണത്തിലേക്ക് വിമാനം കയറുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് ഷറഫു പിലാശേരി ഏൽപിച്ച നന്മയുടെ നാണയത്തുട്ടുകൾ അവൻെറ ആഗ്രഹംപോലെ പാവങ്ങൾക്കായി ചെലവഴിച്ച് സുഹൃത്ത് ഷാഫി പറക്കുളം. 'ബാക്ക് ടു ഹോം' എന്ന പോസ്റ്റിട്ട് ദുബൈയിൽനിന്ന് വിമാനം കയറിയ കോഴിക്കോട് കുന്ദമംഗലം സ്വദേശി ഷറഫുവിൻെറ മരണം പ്രവാസലോകത്തിന് ഏറെ വേദനയുണ്ടാക്കിയ സംഭവമായിരുന്നു. ഷറഫുവിൻെറ ആഗ്രഹ സഫലീകരണത്തിനായി ഷാഫിയും സുഹൃത്തുക്കളും ചേർന്ന് ലേബർ കാമ്പിലാണ് ഭക്ഷണവിതരണം നടത്തിയത്.
യാത്രാദിവസം പുലർച്ചെ കട തുറന്നയുടൻ കയറിവന്ന ഷറഫുദ്ദീൻ ഷാഫിയെ തുക ഏൽപിക്കുകയായിരുന്നു. യു.എ.ഇയിൽ കുടുങ്ങിക്കിടക്കുന്നവർക്കും ബുദ്ധിമുട്ടുന്നവർക്കും ജോലി ഇല്ലാത്തവർക്കും ഭക്ഷണം നൽകാൻ ഈ തുക ഉപയോഗിക്കണമെന്നായിരുന്നു ഷറഫുവിൻെറ നിർദേശം. ലോക്ഡൗൺ സമയത്തും റമദാൻ മാസത്തിലും പാവങ്ങൾക്ക് സൗജന്യമായി ഭക്ഷണം നൽകാൻ സഹായവുമായി ഷറഫു എത്തിയിരുന്നു. ഷറഫു നൽകിയ തുകക്ക് പുറമെ സുഹൃത്തുക്കളിൽനിന്നുൾപ്പെടെ ലഭിച്ച പണം ഉപയോഗിച്ചായിരുന്നു ഭക്ഷണം വിതരണം ചെയ്തത്. ഭാര്യ അമീന ഷെറിനും മകൾ ഫാത്തിമ ഇസ്സയും ആശുപത്രിയിൽ തുടരുകയാണ്. മകൾ ഇപ്പോഴും ഐ.സി.യുവിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.