വാഷിങ്ടൺ: മഹാമാരി കാലത്ത് ശരിക്കും പ്രതിസന്ധിയിലാണ്, ഒത്തുചേരലുകൾ. സർക്കാർ വിലക്കിയും ശരിക്കും ഭയന്നും സ്വന്തം വീടകങ്ങളിലേക്ക് സമൂഹം ചുരുങ്ങുേമ്പാൾ കൂട്ടായി മാത്രം നടക്കേണ്ട മതചടങ്ങുകൾ പോലും പൊതുവെ ശുഷ്കം. ആയിരങ്ങളെ അണിനിരത്തി ആവേശ പ്രസംഗം നടത്തിയ പ്രഭാഷകർ വിസ്മൃതിയിലേക്ക് മറഞ്ഞുതുടങ്ങി. എന്നിട്ടും, കൂടണമെന്നുള്ളവർ ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ താത്കാലിക അഭയം കണ്ടെത്തുന്നു. അതാണിപ്പോൾ താരവും. ഓൺലൈനിൽ നടക്കുന്നത് എണ്ണമറ്റ മത പരിപാടികൾ.
ഇതിനെ എങ്ങനെ അവസരമാക്കാമെന്ന തിരക്കിട്ട അന്വേഷണങ്ങളിലാണ് സമൂഹ മാധ്യമങ്ങൾ. ഹിൽസോങ് ചർച്ച് അടുത്തിടെ സമൂഹ മാധ്യമ ഭീമനായ ഫേസ്ബുക്കുമായി കരാറിലെത്തിയത് ഇതിന്‍റെ തുടർച്ചയായിരുന്നു. യു.എസ് നഗരമായ അറ്റ്ലാന്റയിൽ പുതിയ കേന്ദ്രം തുറന്ന ഹിൽസോങ് ചർച്ച് പുറത്തിറക്കിയ വാർത്ത കുറിപ്പിലാണ് കുർബാനകളുൾപെടെ തത്സമയം എല്ലാവരിലും എത്തിക്കാൻ ഫേസ്ബുക്കുമായി കരാറിലെത്തിയെന്ന് അറിയിച്ചത്. ഇതോടെ ചർച്ചിനു കീഴിലെ പരിപാടികൾ ഫേസ്ബുക്കിൽ മാത്രമാകും തത്സമയ സംപ്രേഷണം. ''ഫേസ്ബുക്കിൽ ചർച്ചിന്‍റെ ഭാവി എന്വതാകുമെന്ന് കണ്ടെത്തുകയാണ് ഞങ്ങൾ ഒന്നിച്ച്'' എന്നായിരുന്നു കരാർ വിവരം പുറത്തുവിട്ട് പാസ്റ്റർ സാം കോളിയറുടെ പ്രതികരണം.
വിപണി ആസ്തി മൂല്യം ലക്ഷം കോടി ഡോളർ എന്ന റെക്കോഡ് അടുത്തിടെ പിന്നിട്ട ഫേസ്ബുക്ക് വിവിധ മത സംഘടനകളുമായും വിഭാഗങ്ങളുമായും കരാറുകളിലെത്തുന്നത് വ്യാപിപ്പിക്കുകയാണ്. അസംബ്ലീസ് ഓഫ് ഗോഡ്, ചർച്ച് ഓഫ് ഗോഡ് ഇൻ ക്രൈസ്റ്റ് തുടങ്ങിയവ നേരത്തെ ഫേസ്ബുക്കിനൊപ്പം ചേർന്നവയാണ്.
ചർച്ചുകൾ, പള്ളികൾ, സിനഗോഗുകൾ തുടങ്ങി എല്ലാ മതസ്ഥാപനങ്ങളുടെയും മതപരമായ സേവനങ്ങൾ ഫേസ്ബുക്കിലാക്കാനാണ് സമൂഹ മാധ്യമ ഭീമന്‍റെ ശ്രമം. കൂട്ട പ്രാർഥനകൾ ഓൺലൈനാക്കിയും മറ്റു സാമൂഹിക ഇടപെടലുകൾക്ക് അവസരമൊരുക്കിയും നേരത്തെ രംഗത്തുള്ള ഫേസ്ബുക്ക് പ്രാർഥനകൾ പങ്കുവെക്കാൻ പുതിയ ആപുകൾ വികസിപ്പിക്കുന്നതും തിരക്കിട്ട് പുരോഗമിക്കുകയാണ്. സമൂഹ മാധ്യമങ്ങളിൽ പ്രത്യേക സുരക്ഷയും സ്വകാര്യതയും വാഗ്ദാനം ചെയ്ത് പ്രത്യേക ഗ്രൂപുകൾക്ക് രൂപം നൽകാനുള്ള ടൂളുകളുള്ള ഓൺലൈൻ റിസോഴ്സ് ഹബ് ഫേസ്ബുക്ക് സി.ഇ.ഒ ഷെറിൽ സാൻഡ്ബെർഗ് പങ്കുവെച്ചിരുന്നു.
കോവിഡ് പുതിയ തരംഗങ്ങളായി പടരുന്ന കാലത്ത് ഓൺലൈൻ മത ജീവിതം ഉടനൊന്നും അവസാനിക്കുന്ന ലക്ഷണമില്ല. സ്വന്തമായ ആപുകൾ വികസിപ്പിച്ച് അത് പരമാവധി വരുതിയിൽനിർത്താനാണ് ഫേസ്ബുക്ക് ശ്രമം.
സാമൂഹികമായി മനുഷ്യർ ഒന്നിച്ച പ്രധാന വേദിയായ മതത്തിന്‍റെ ലേബലും സമൂഹ മാധ്യമങ്ങൾ ഏറ്റെടുക്കുന്നതിന്‍റെ പ്രായോഗിക പ്രശ്നങ്ങൾ ഒരു വശത്ത് തുറിച്ചുനോക്കുേമ്പാഴും ഇത് വീണുകിട്ടിയ വലിയ അവസരമാക്കുകയാണ് വമ്പന്മാർ.
നിലവിൽ 300 കോടിയോളം ഉപയോക്താക്കൾ ഫേസ്ബുക്കിനുണ്ട്. ക്രിസ്ത്യൻ മതത്തിന് 230 കോടിയും ഇസ്ലാമിന് 180 കോടിയുമാണ് അംഗസംഖ്യ.
അടുത്തിടെ ഫേസ്ബുക്കി ഒരു പ്രാർഥന ഫീച്ചർ പരിചയപ്പെടുത്തിയിരുന്നു. ഒരു ഗ്രൂപിലെ വിശ്വാസിക്ക് പ്രാർഥനക്ക് റിക്വസ്റ്റ് അയക്കാനും മറ്റുള്ളവർക്ക് പ്രതികരിക്കാനും അവസരം നൽകുന്നതാണ് ഈ സവിശേഷത. കൂടുതൽ പേർ പരിപാടികൾ ആസ്വദിക്കുകയും പങ്കാളികളാകുകയും ചെയ്താൽ പണം നൽകുന്ന സൗകര്യവുമുള്ളത് പലരെയും ഇതിലേക്ക് ആകർഷിക്കുമെന്നും സമൂഹ മാധ്യമം കാണുന്നു.
കോവിഡ് നിയന്ത്രണങ്ങൾ ആളുകളെ വിശ്വാസ കേന്ദ്രങ്ങളിൽനിന്ന് അകറ്റി നിർത്തിയപ്പോൾ ആ ഇടത്തിലേക്ക് കയറിയിരുന്ന സമൂഹ മാധ്യമങ്ങൾ ശാശ്വതമായി അത് നിലനിർത്താനുള്ള ശ്രമങ്ങൾ സജീവമാക്കുകയാണ്. ഫേസ്ബുക്ക് തന്നെ അതിൽ മുന്നിൽ. ഫേസ്ബുക്കിന് കീഴിലാണ് സന്ദർശകർ ഏറ്റവും കൂടുതലുള്ള ആദ്യ അഞ്ചിൽ പെട്ട വാട്സാപ്പും ഇൻസ്റ്റഗ്രാമും.
എന്നാൽ, 2017 മുതൽ വിശ്വാസികളുടെ കൂട്ടായ്മ ഫേസ്ബുക്ക് ആരംഭിച്ചിട്ടുണ്ടെന്നാണ് ന്യൂയോർക് ടൈംസ് റിപ്പോർട്ട് വ്യക്തമാക്കുന്നത്. ഓൺലൈൻ മതം യഥാർഥ മതത്തെ വീഴ്ത്തുമോ എന്നാണ് ലോകം ഉറ്റുനോക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.