തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ ബഷീർ കൊലപാതകക്കേസിലെ പ്രതി ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കലക്ടറായി നിയമിച്ചത് തിടുക്കപ്പെട്ടുള്ള തീരുമാനമാണെന്ന് ലോക് താന്ത്രിക് ജനതാദൾ നേതാവ് സലീം മടവൂർ. പദവി കൊടുക്കൽ നിർബന്ധമാണെങ്കിൽ പോലും ബഷീർ കൊലപാതകക്കേസ് വിചാരണ തീർന്ന് 2028-നകം കലക്ടർ സ്ഥാനം കൊടുത്താൽ മതിയെന്നിരിക്കെയാണ് ഇപ്പോൾ കലക്ടറാക്കിയതെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു.
ക്രിമിനൽ നടപടി നേരിടുന്ന ഉദ്യോഗസ്ഥനെ പ്രമോട്ട് ചെയ്താൽ കേസിനെ തെറ്റായി ബാധിക്കുമോ എന്ന് പരിഗണിച്ചില്ലെന്ന് മാത്രമല്ല, കേസിലെ സാക്ഷികൾ ജോലി ചെയ്യുന്ന ആരോഗ്യ വകുപ്പിൽ തന്നെ ജോയന്‍റ് സെക്രട്ടറിയായി നിയമിച്ച് എല്ലാ ഉത്തരവുകളെയും പരസ്യമായി വെല്ലുവിളിച്ചു. ഇപ്പോൾ ജില്ല കലക്ടർ കൂടിയായതോടെ എല്ലാം പരിപൂർണമായി. സിവിൽ സർവീസ് ഉദ്യോഗസ്ഥരുടെ ഡിപ്പാർട്ട്മെൻറൽ പ്രമോഷൻ കമ്മറ്റിയുടെ നിയമ വിരുദ്ധ തീരുമാനങ്ങൾക്കെതിരെ സെൻട്രൽ വിജിലൻസ് കമ്മീഷന് വരും ദിവസങ്ങളിൽ പരാതി ഫയൽ ചെയ്യുന്നതാണെന്നും സലീം മടവൂർ ഫേസ്ബുക്കിൽ കുറിച്ചു.
ശ്രീറാം വെങ്കട്ട റാമിനെ സർവീസിനിടയിൽ കലക്ടറാക്കാതെ നിർവാഹമില്ലെന്നാണ് ചിലർ ന്യായീകരിക്കുന്നത്.
യു.പി.എസ്.സിയുടെ പ്രൊമോഷൻ ചാർട്ട് പ്രകാരം ഒരു ഐ.എ.എസുകാരൻ സർവീസിലെ ആദ്യത്തെ നാലു വർഷം സബ് ഡിവിഷണൽ മജിസ്ട്രേട്ട് റാങ്കിലാണ് ജോലി ചെയ്യേണ്ടത്. 2012 ൽ സിവിൽ സർവീസിലെത്തിയ ശ്രീറാം 2016 ൽ ഡെപ്യൂട്ടി സെക്രട്ടറി / അണ്ടർ സെക്രട്ടറി റാങ്കിലെത്തി. 2020-23 ൽ ഇദ്ദേഹം ജോയൻ്റ് സെക്രട്ടറി അല്ലെങ്കിൽ ജില്ലാ മജിസ്ട്രേട്ട് (കലക്ടർ) പദവിയിലെത്തണം. 2024-28 ൽ ജില്ലാ കലക്ടർ / സ്പഷ്യൽ സെക്രട്ടറി / ഡയരക്ടർ പദവി വഹിക്കണം. അതായത് പദവി കൊടുക്കൽ നിർബന്ധമാണെങ്കിൽ പോലും ഇദ്ദേഹത്തിന് ബഷീർ കൊലപാതകക്കേസ്സിൻ്റെ വിചാരണ തീർന്ന് 2028 നകം കലക്ടർ സ്ഥാനം കൊടുത്താൽ മതിയെന്നിരിക്കെ ഇപ്പോൾ കലക്ടറാക്കിയത് തിടുക്കപ്പെട്ടുള്ള തീരുമാനമാണ്.
രണ്ടാമത്തെതും സുപ്രധാനവുമായ കാര്യം കേന്ദ്ര അഭ്യന്തര വകുപ്പിൻ്റെ കീഴിലുള്ള പേഴ്സണൽ മന്ത്രാലയം 3-3-2008 ന് ഇറക്കിയ സർക്കുലർ പ്രകാരവും അനുബന്ധമായി ചേർത്ത 1992 സപ്തംബർ 14 ൻ്റെ MO.22011/4/91-Estt.(A ) ഓഫീസ് മെമ്മോറാണ്ട ത്തിലെ 2 (iii) പ്രകാരവും ക്രിമിനൽ നടപടിയോ അച്ചടക്ക നടപടിയോ നേരിടുന്ന ഉദ്യോഗസ്ഥരുടെ പ്രമോഷൻ്റെ കാര്യത്തിൽ വ്യക്തമായ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. ഇത് പ്രകാരം 2.1 ൽ നിർവചിക്കുന്നത് ഇത്തരം കേസ്സുകളിൽ പ്രമോഷൻ കമ്മിറ്റി കൂടി തീരുമാനം ക്രിമിനൽ കേസ് തീർപ്പാകുന്നത് വരെ മുദ്രവെച്ച കവറിൽ സൂക്ഷിക്കണമെന്നാണ്.
"The Departmental Promotion Committee shall assess the suitability of Government servants coming within the purview of the circumstances mentioned above along with other eligible candidates without taking into consideration the disciplinary case/criminal prosecution pending. The assessment of the DPC including 'unfit for promotion' and the grading awarded by it will be kept in a sealed cover. The cover will be superscribed 'Findings regarding suitability for promotion to the grade/post of ……….in respect of Shri………..(name of the Government servant). Not to be opened till the terminator of the disciplinary case/criminal prosecution against Shri…….'. The proceeding of the DPC need only contain the note 'The findings are contained in the attached sealed cover'. The authority competent to fill the vacancy should be separately advised to fill the vacancy in the higher grade only in an officiating capacity when the findings of the DPC in respect of the suitability of a Government servant for his promotion are kept in a sealed cover".
Para (3) ൽ പറയുന്നത് പ്രകാരം ക്രിമിനൽ കേസ്സ് കാരണം പ്രമോഷൻ തടയപ്പെട്ട വ്യക്തിയുടെ ബന്ധപ്പെട്ട കേസ്സ് തീർപ്പാക്കുകയും ഉദ്യോഗസ്ഥൻ നിരപരാധിയാണെന്ന് തെളിയിക്കപ്പെടുകയും ചെയ്താൽ അയാൾക്ക് നേരത്തെയുള്ള, അതായത് മുദ്രവെച്ച കവറിലെ തീരുമാനപ്രകാരം അനുയോജ്യമായ നിയമനം നൽകണം.
എന്നാൽ ക്രിമിനൽ കേസ്സിൻ്റെ തീരുമാനം നീണ്ടു പോകാതെ സമയ പരിധിക്കുള്ളിൽ തീർക്കാൻ ബന്ധപ്പെട്ടവർ ശ്രമിക്കണമെന്ന് ഖണ്ഡിക 4ൽ പറയുന്നു. ഓരോ ആറുമാസത്തിലും പ്രസ്തുതവിവരങ്ങൾ പ്രൊമോഷൻ കമ്മറ്റി പരിശോധനാ വിധേയമാക്കണം. നിശ്ചിത കാലാവധി കഴിഞ്ഞിട്ടും കേസ്സിൽ തീരുമാനമായില്ലെങ്കിൽ ഡി.പി.സിക്ക് മുദ്രവെച്ച കവർ തുറന്ന് പരിശോധിച്ച് താൽക്കാലിക പ്രമോഷൻ നൽകാമെന്ന് പാരാ 5 ൽ പറയുന്നു . അവിടെയും ചില വ്യവസ്ഥകൾ പറയുന്നു.
(a) പ്രസ്തുത വ്യക്തിയുടെ പ്രമോഷൻ പൊതുജന താൽപര്യത്തിന് വിരുദ്ധമാണോ എന്ന് പരിശോധിക്കണം.
(b) കുറ്റം പ്രമോഷൻ തടയാൻ മാത്രം ഗുരുതരമാണോ എന്ന് പരിശോധിക്കണം.
c, d(ഇവിടെ ബാധകമല്ല)
(e) പ്രസ്തുത ഉദ്യോഗസ്ഥൻ പ്രമോഷൻ നേടിയാൽ കേസ്സിനെ ബാധിക്കുന്ന തരത്തിൽ ഇടപെടുമോ?
ഇതിലൊക്കെ തൃപ്തരാണെങ്കിലും തീരുമാനത്തിന് മുമ്പ് സി.ബി.ഐയുടെ അഭിപ്രായം തേടണം.
ഇനി വിഷയത്തിലേക്കു വരാം.
ശ്രീറാം വെങ്കട്ടറാമിനെ ജോയൻ്റ് സെക്രട്ടറിയായി 2020 മാർച്ചിൽ പ്രമോട്ട് ചെയ്തത് കേന്ദ്ര പേഴ്സണൽ മന്ത്രാലയത്തിൻ്റെ ഓഫീസ് മെമ്മോറാണ്ടം OM 20011/5/90-Estt (D) Dated 4.11.1992 ൻ്റെ നഗ്നമായ ലംഘനമാണ്. പാരാ 2 ൽ പറയുന്നത് പ്രകാരം പ്രമോഷൻ തടഞ്ഞില്ല. പാരാ 4 പ്രകാരം തീരുമാനം മുദ്രവെച്ച കവറിൽ സൂക്ഷിച്ചില്ല. 5 (1)ൽ പറയുന്നത് പ്രകാരം താൽകാലിക പ്രമോഷന് പകരം ജോയൻറ് സെക്രട്ടറിയായി സ്ഥിരം പ്രമോഷൻ നൽകി.5 (a) യിൽ പറയുന്നത് പ്രകാരം പൊതുജന പ്രതിഷേധം ഗൗനിച്ചില്ല. 5 ( b) പ്രകാരം ഗൗരവമായ കുറ്റമാണെന്ന് ഗൗനിച്ചില്ല. എല്ലാത്തിലുമുപരി 5 (e) യിൽ പറയുന്നത് പ്രകാരം പ്രസ്തുത ക്രിമിനൽ നടപടി നേരിടുന്ന ഉദ്യോഗസ്ഥനെ പ്രമോട്ട് ചെയ്താൽ കേസ്സിനെ തെറ്റായി ബാധിക്കുമോ എന്ന് പരിഗണിച്ചില്ലെന്ന് മാത്രമല്ല, അദ്ദേഹത്തെ കേസ്സിലെ സാക്ഷികൾ ജോലി ചെയ്യുന്ന ആരോഗ്യ വകുപ്പിൽ തന്നെ ജോയൻ്റ് സെക്രട്ടറിയായി നിയമിച്ച് എല്ലാ ഉത്തരവുകളെയും പരസ്യമായി വെല്ലുവിളിച്ചു. ഇപ്പോൾ ജില്ലാ കലക്ടർ കൂടെയായതോടെ എല്ലാം പരിപൂർണമായി.
സിവിൽ സർവീസ് ഉദ്യോഗസ്ഥരുടെ ഡിപ്പാർട്ട്മെൻറൽ പ്രമോഷൻ കമ്മറ്റിയുടെ നിയമ വിരുദ്ധ തീരുമാനങ്ങൾക്കെതിരെ സെൻട്രൽ വിജിലൻസ് കമ്മീഷന് വരും ദിവസങ്ങളിൽ പരാതി ഫയൽ ചെയ്യുന്നതാണ്.
ഉത്തരവാദപ്പെട്ടവർ നിയമ വിരുദ്ധമായ തീരുമാനങ്ങളെ ന്യായീകരിക്കാതെ തെറ്റുതിരുത്താനാണ് തയാറാവേണ്ടത്. അതാണ് മാന്യമായ മാർഗം. അല്ലാതെ ചോദ്യം ചെയ്യുന്നവരെ ഭയപ്പെടുത്താൻ ശ്രമിക്കുന്നവരോട് പരമ പുച്ഛം മാത്രം.
ബഷീറിൻ്റെ കാര്യത്തിൽ എന്തൊക്കെ തിരിച്ചടിയുണ്ടായാലും ശബ്ദിച്ചു കൊണ്ടേയിരിക്കും.
സസ്നേഹം
സലീം മടവൂർ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.