തിരുവനന്തപുരം: ആക്ടിവിസ്റ്റ് ടീസ്റ്റ സെറ്റല്‍വാദിന് പിന്നാലെ മലയാളി മാധ്യമപ്രവര്ത്തകന് സിദ്ദിഖ് കാപ്പനും ജാമ്യം ലഭിച്ചതോടെ തനിക്ക് പുറത്തിറങ്ങി നടക്കാന്‍ പേടിയാകുന്നുവെന്ന് ആര്.എസ്.എസ് സൈദ്ധാന്തികന്‍ ടി.ജി. മോഹന്‍ദാസ്. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. 'ആദ്യം ടീസ്റ്റ സെറ്റല്‍വാദിന് ജാമ്യം ലഭിച്ചു. ഇപ്പോള്‍ ദേ സിദ്ദിഖ് കാപ്പനും ജാമ്യം കൊടുത്തിരിക്കുന്നു! പുറത്തിറങ്ങി നടക്കാന്‍ പേടിയാകുന്നു'- ടി.ജി. മോഹന്‍ദാസ് ട്വിറ്ററില്‍ കുറിച്ചു.
യു.പി പൊലീസിനുവേണ്ടി ഹാജരായ മഹേഷ് ജേത്മലാനി ഫോമില്‍ അല്ലാത്തതിനാലായിരുന്നു സിദ്ദിഖ് കാപ്പന് ജാമ്യം ലഭിച്ചതെന്നും ടി.ജി. മോഹന്‍ദാസ് മറ്റൊരു ട്വീറ്റില്‍ പറഞ്ഞു. 'അസാമാന്യമായ നിയമ പാടവമുള്ള ആളാണ് ചീഫ് ജസ്റ്റിസ് യു.യു. ലളിത്. അദ്ദേഹത്തെ വെറുതെ കുറ്റപ്പെടുത്താന്‍ ഞാനില്ല. ഇന്ന് മഹേഷ് ജേത്മലാനി ഫോമില്‍ ആയിരുന്നില്ല. അതാണ് ചില പ്രധാനപ്പെട്ട കാര്യങ്ങള്‍ വിട്ടു പോയത്. അങ്ങനെ സിദ്ദിഖ് കാപ്പന് ജാമ്യം ലഭിച്ചു'-മോഹൻദാസ് കുറിച്ചു.
ഉത്തർപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്ത് യു.എ.പി.എ ചുമത്തി രണ്ടു വർഷം ജയിലിൽ അടച്ച പത്രപ്രവർത്തകൻ സിദ്ദീഖ് കാപ്പന് സുപ്രീംകോടതിയാണ് സോപാധിക ജാമ്യം അനുവദിച്ചത്.
മൂന്നു ദിവസത്തിനകം വിചാരണ കോടതിയിൽ ഹാജരാക്കി ജാമ്യത്തിൽ വിടണമെന്നാണ് ചീഫ് ജസ്റ്റിസ് യു.യു. ലളിത്, ജസ്റ്റിസ് എസ്. രവീന്ദ്രഭട്ട്, ജസ്റ്റിസ് പി.എസ്. നരസിംഹ എന്നിവരുൾപ്പെട്ട ബെഞ്ചിന്റെ നിർദേശം. ആറാഴ്ച ഡൽഹിയിൽ തങ്ങിയശേഷം കേരളത്തിലേക്ക് പോകാം. കേസന്വേഷിക്കുന്ന പൊലീസിനെ പാസ്പോർട്ട് ഏൽപിക്കണം. വിവാദവുമായി ബന്ധപ്പെട്ട ഒരാളുമായും ബന്ധപ്പെടരുത്. ഡൽഹിയിൽ താമസിച്ചിരുന്ന ജങ്പുര മേഖലയിൽ തന്നെ കഴിയണം. വിചാരണ കോടതിയുടെ അനുമതി കൂടാതെ ഡൽഹി വിടരുത്. ആറാഴ്ചത്തേക്ക് എല്ലാ തിങ്കളാഴ്ചയും പൊലീസ് സ്റ്റേഷനിലെത്തി ഒപ്പിടണം. കേരളത്തിലെത്തിയാൽ തിങ്കളാഴ്ചതോറും സ്വദേശത്തെ പൊലീസ് സ്റ്റേഷനിൽ ഹാജരാകണം. വിചാരണ നടക്കുമ്പോൾ നേരിട്ടോ അഭിഭാഷൻ മുഖേനയോ കോടതിയിൽ ഹാജരാകണമെന്നും സുപ്രീംകോടതി നിർദേശിച്ചു.
2020 ഒക്ടോബർ ആറിനാണ് ഹാഥറസിലേക്കുള്ള യാത്രക്കിടെ സിദ്ദീഖ് കാപ്പനെയും സഹയാത്രികരേയും യു.പി പൊലീസ് പിടികൂടിയത്. കസ്റ്റഡിയിലെടുത്തപ്പോൾ കാപ്പനെതിരായ തെളിവുകൾ എന്തായിരുന്നുവെന്ന സുപ്രീംകോടതിയുടെ ചോദ്യത്തിന് വ്യക്തമായ മറുപടി നൽകാൻ യു.പി സർക്കാറിന് കഴിഞ്ഞില്ല. തെളിവുകളില്ലാതെ ഇത്രനാൾ ജയിലിലായിരുന്ന ഒരാൾക്ക് ഇനിയും ജാമ്യം നിഷേധിക്കാനാകില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. സിദ്ദീഖ് കാപ്പനു വേണ്ടി കപിൽ സിബൽ, ഹാരിസ് ബീരാൻ എന്നിവരും യു.പി സർക്കാറിനായി മഹേഷ് ജത്മലാനിയും ഹാജരായി.
ഈ മാസം രണ്ടിനാണ് സാമൂഹ്യ പ്രവര്‍ത്തക ടീസ്റ്റ സെറ്റല്‍വാദിന് സുപ്രീം കോടതി ജാമ്യം അനുവദിച്ചത്. 2002ല്‍ നടന്ന ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് 'നിരപരാധികളായ'വര്‍ക്കെതിരെ വ്യാജ പ്രചരണങ്ങള്‍ നടത്തിയെന്നാരോപിച്ചായിരുന്നു ടീസ്തയെ അറസ്റ്റ് ചെയ്തതിരുന്നത്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.