'ഔർ കോമ്രേഡ് വിൽ സെന്റ് ഇന്നോവ'; ഇ.പിയുടെ ശപഥത്തിനുപിന്നാലെ ഇൻഡിഗോ പേജിൽ ട്രോളന്മാരുടെ വിളയാട്ടം

ഇൻഡിഗോ വിമാന കമ്പനിയെ ബഹിഷ്കരിക്കുമെന്ന എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജന്റെ പ്രഖ്യാപനത്തിനുപിന്നാലെ സമൂഹമാധ്യമങ്ങളിൽ ട്രോളന്മാരുടെ വിളയാട്ടം. ഇൻഡിഗോയുടെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലെ ഓരോ പോസ്റ്റിനും താഴെ മലയാളികളുടെ കമന്റുകൾ നിറയുകയാണ്. ഇ.പി.ജയരാജന്റെ പ്രഖ്യാപനത്തിന് പിന്നാലെയാണ് മലയാളം കമന്റുകളുമായി ഒട്ടേറെ പേർ എത്തിയത്. ട്രോളുകളും താഴെ കാണാം. ഇ.പിയെ ട്രോളിയും ഇൻഡിഗോയെ ട്രോളിയും കമന്റുകൾ ഇട്ടിട്ടുണ്ട്.

യാത്രാവിലക്ക് ഏർപ്പെടുത്തിയ ഇൻഡിഗോ കമ്പനിയുടെ വിമാനത്തിൽ‌ ഇനി താനോ കുടുംബമോ യാത്ര ചെയ്യില്ലെന്നാണ് ഇ.പി.ജയരാജൻ പ്രഖ്യാപിച്ചത്. കണ്ണൂരിൽ നിന്നും തിരുവനന്തപുരത്തേക്ക് സർവീസ് നടത്തുന്നത് ഇൻഡിഗോ മാത്രമാണെന്ന് ഇതു പറയുമ്പോൾ അദ്ദേഹത്തിന് അറിയാമായിരുന്നോ എന്ന് ചോദിക്കുന്നവരെയും കാണാം. ഇതിെനാപ്പം കണ്ണൂരിലേക്ക് ഇനി മുതൽ നടന്നുപോകുന്ന ഇ.പി, ആകാശത്ത് കൂടി പറക്കുന്ന ഇൻഡിഗോ വിമാനത്തിന് കല്ലെറിയാൻ നോക്കുന്ന അണികൾ, ഇൻഡിഗോ പെയിന്റ് കടയ്ക്ക് മുന്നിലെ പ്രതിഷേധം, വിമാനത്തിന്റെ വില ചോദിക്കുന്ന യുവ നേതാവ്. അങ്ങനെ തലങ്ങും വിലങ്ങും ഇ.പി ട്രോളുകളിൽ നിറയുകയാണ്. നടന്നു പോയാലും ഇൻഡിഗോ കമ്പനിയുടെ വിമാനത്തിൽ ഇനി കയറില്ലെന്നാണ് ഇ.പി.ജയരാജന്റെ നിലപാട്. 'ഔർ കോമ്രേഡ് വിൽ സെന്റ് ഇന്നോവ ടു യുവർ മുതലാളീസ് ഹൗസ്' എന്നാണ് ഒരാൾ കുറിക്കുന്നത്.


മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തള്ളിമാറ്റിയ സംഭവത്തിലാണ് ഇ.പി.ജയരാജന് മൂന്നാഴ്ചത്തെ യാത്രാവിലക്ക് ഇൻഡിഗോ ഏർപ്പെടുത്തിയത്. പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് രണ്ടാഴ്ചത്തെ യാത്രാവിലക്കും ഇന്‍ഡിഗോ ഏര്‍പ്പെടുത്തി. ജൂണ്‍ 12നു മുഖ്യമന്ത്രി സഞ്ചരിച്ചിരുന്ന ഇന്‍ഡിഗോ വിമാനം തിരുവനന്തപുരം വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്തപ്പോൾ ഉണ്ടായ പ്രതിഷേധത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ വലിയതുറ പൊലീസ് വധശ്രമം ഉള്‍പ്പെടെ വകുപ്പുകളിലാണു കേസ് എടുത്തത്. തലശ്ശേരി സ്വദേശി ഫര്‍സീന്‍ മജീദ്, പട്ടന്നൂര്‍ സ്വദേശി ആര്‍.കെ.നവീന്‍ കുമാർ എന്നിവരാണ് ഒന്നും രണ്ടും പ്രതികള്‍.


കണ്ണൂരിൽനിന്ന് നിരന്തരം തിരുവനന്തപുരത്തേക്ക് ഇൻഡിയോയിൽ യാത്ര ചെയ്യുന്നയാളാണ് ഇ.പി.ജയരാജൻ. വിലക്കുവന്ന ദിവസവും അദ്ദേഹം വിമാന ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു. അത് ക്യാൻസൽ ചെയ്യുമെന്നാണ് അദ്ദേഹം പറയുന്നത്. ഇങ്ങിനെയെല്ലാം വിമാന കമ്പനിയെ ആശ്രയിച്ചിരുന്ന ജയരാജൻ ഒരു സുപ്രഭാതത്തിൽ ബഹിഷ്കരണം പ്രഖ്യാപിച്ചതോടെ വെട്ടിലാകുന്നത് അദ്ദേഹം ത​െന്നയാണ്.

കണ്ണൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് ആകെ നാല് വിമാനങ്ങളാണ് റെഗുലറായി സർവ്വീസ് നടത്തുന്നത്. ഇതിൽ മൂന്നും ഇൻഡിഗോ ആണെന്നാണ് വിവരം. നാലാമത്തേത് എയർ ഇന്ത്യ വിമാനമാണ്. ഇതാകട്ടെ ഡൽഹി വഴി കറങ്ങിയാണ് തിരുവനന്തപുരത്ത് എത്തുന്നത്. ഏകദേശം 14 മണിക്കൂർ യാത്രയാണ് ഡൽഹി വഴിയുള്ളത്. തന്റെ സ്വന്തം തട്ടകമായ കണ്ണൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് എത്താൻ ഇനിമുതൽ ഇ.പി ജയരാജന് കൂടുതൽ സമയം വേണ്ടിവരും എന്നുസാരം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.