രാഷ്ട്രീയത്തിലും വ്യക്തിബന്ധത്തിലും ഏറെ അടുത്തുനിൽക്കുന്നവരാണ് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും. ബി.ജെ.പിയെ നേരിടാനുള്ള വിശാല ഇന്ത്യ സഖ്യത്തിന്‍റെ മുന്നണിയിലുള്ള നേതാക്കളാണ് ഇരുവരും. രാഷ്ട്രീയ നീക്കങ്ങളിൽ പരസ്പരം കൈകോർത്തും വിശേഷാവസരങ്ങളിൽ ആശംസകൾ കൈമാറിയും ഇരുവരും സമൂഹമാധ്യമങ്ങളിൽ നിറയാറുണ്ട്.
യു.എസ് സന്ദർശനത്തിലാണ് നിലവിൽ എം.കെ. സ്റ്റാലിൻ. യു.എസിലെ വിവിധ പരിപാടികളുടെയും കൂടിക്കാഴ്ചകളുടെയും വിശേഷങ്ങൾ സ്റ്റാലിൻ പങ്കുവെക്കുന്നുണ്ട്. ഇതിനൊപ്പം, കഴിഞ്ഞ ദിവസം സൈക്കിൾ സവാരി നടത്തുന്നതിന്‍റെ വിഡിയോ സ്റ്റാലിൻ എക്സിൽ പങ്കുവെച്ചിരുന്നു. 'സായാഹ്നത്തിന്‍റെ ശാന്തത പുതിയ സ്വപ്നങ്ങൾക്ക് കളമൊരുക്കുന്നു' എന്ന അടിക്കുറിപ്പോടെയായിരുന്നു യു.എസിൽ നിന്നുള്ള വിഡിയോ.
സ്റ്റാലിന്‍റെ ഈ പോസ്റ്റ് രാഹുൽ ഗാന്ധി പങ്കുവെച്ചു. 'സഹോദരാ, നമ്മൾ എന്നാണ് ഒരുമിച്ച് ചെന്നൈയിൽ സൈക്കിൾ സവാരി നടത്തുന്നത്?' എന്ന ചോദ്യത്തോടെയാണ് രാഹുൽ സ്റ്റാലിന്‍റെ വിഡിയോ പങ്കിട്ടത്.
ഇതിന് സ്റ്റാലിൻ മറുപടിയും നൽകി. 'പ്രിയപ്പെട്ട സഹോദരൻ രാഹുൽ ഗാന്ധിക്ക് എപ്പോഴാണോ സമയമുള്ളത് അപ്പോൾ ചെന്നൈയുടെ ഹൃദയത്തിലൂടെ നമുക്ക് ഒരുമിച്ച് സവാരി ചെയ്യാം. ഒരു പെട്ടി മധുരപലഹാരം ഞാൻ ഇപ്പോഴും സൂക്ഷിക്കുന്നുണ്ട്. സൈക്കിൾ സവാരിക്ക് ശേഷം നമുക്ക് എന്‍റെ വീട്ടിൽ സ്വാദിഷ്ടമായ ദക്ഷിണേന്ത്യൻ ഉച്ചഭക്ഷണവും മധുരവും കഴിക്കാം' -സ്റ്റാലിൻ മറുപടി നൽകി. രാഹുലിന്‍റെ പോസ്റ്റും സ്റ്റാലിന്‍റെ മറുപടിയും സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.