അർജന്റീനയുടെ കളി തുടങ്ങുന്നതിനു അൽപസമയം മുൻപ് ദി അത്ലറ്റിക് മാഗസിനിൽ ഒരു നെടുനീളൻ വിശകലന പോസ്റ്റ് കണ്ടു. 'മെസ്സിയെ എങ്ങനെ തടയാം' എന്ന തലക്കെട്ടിൽ വന്ന പോസ്റ്റ്. മെസ്സിയെ ഒരിക്കലും കളിയിൽ നിന്നില്ലാതാക്കാനാവില്ല പക്ഷേ മെസ്സിയുടെ കളിയിലെ സ്വാധീനം കുറക്കാമെന്ന് അതിൽ പറയുന്നുണ്ട്. മെസ്സിയെ ഇടംകാൽ കൊണ്ട് ഡ്രിബിൾ ചെയ്ത് മധ്യഭാഗത്തേക്ക് വരാൻ സമ്മതിക്കാതിരിക്കുക, ബോക്സിന്റെ തൊട്ടുപുറത്ത് കൂടുതൽ സാന്നിധ്യവും സമയവും അനുവദിക്കാതിരിക്കുക, ഇടതു വിങ്ങിലേക്കു ഡയഗണൽ പാസ് കൊടുത്തതിനു ശേഷം ബോക്സിലേക്ക് കുതിക്കുന്ന മെസ്സിയെ തടുക്കുക എന്നൊക്കെ വിവരിച്ചെഴുതിയ ഒരു നെടുനീളൻ ലിസ്റ്റ്. ഇത് വായിച്ചുപഠിച്ച് വന്നപോലെ മികച്ച തയ്യാറെടുപ്പോടെയാണ് ഓസ്‌ട്രേലിയൻ കോച്ച് ഗ്രഹാം അർണോൾഡ് ഇന്നലെ തന്റെ കളിക്കാരെ ഗ്രൗണ്ടിലേക്കയച്ചത്.
അർനോൾഡിന്റെ നിർദേശമനുസരിച് കളിച്ച ഓസ്‌ട്രേലിയൻ താരങ്ങൾ ഈ തന്ത്രം ആദ്യ പകുതിയിൽ നടപ്പാക്കി എന്നു പറയാം. തന്റെ 1000ആമത്തെ കളിക്കിറങ്ങിയ മെസ്സിക്ക് ആദ്യ ടച്ചിന് ആറു മിനിറ്റ് വേണ്ടി വന്നു. പരിക്ക് പറ്റിയ ഡി മരിയയ്ക്കു പകരം പപ്പു ഗോമസിനെയാണ് ഇന്നലെ സ്കലോണി ഇറക്കിയത്. ഡി മരിയയെ പോലൊരു വിങ്ങറല്ലാത്തത് കൊണ്ട് പപ്പുവിന് ഗ്രൗണ്ടിന്റെ വൈഡ് സ്പേസിൽ ഡ്രിബ്ലിങ് കൊണ്ട് ഓസ്‌ട്രേലിയൻ ഡിഫൻഡർമാരെ മറികടക്കാൻ കഴിഞ്ഞില്ല. അതുകൊണ്ട് തന്നെ ഗ്രൗണ്ടിന്റെ മധ്യഭാഗത്തു ആളെണ്ണം കൂട്ടി മെസ്സിയുടെ വരവിനായി അവർ ക്ഷമയോടെ കാത്തിരുന്നു. ആദ്യത്തെ 33 മിനിറ്റ് മെസ്സിയെയും അർജന്റീനയെയും കാര്യമായ മുന്നേറ്റങ്ങളൊന്നും നടത്താൻ അനുവദിക്കാതെ കങ്കാരുപ്പട തങ്ങൾക്കു കിട്ടിയ നിർദേശങ്ങൾ ഭംഗിയായി നടപ്പാക്കി.
ഓസ്ട്രേലിയ ടെക്സ്റ്റ് ബുക്ക് പെർഫെക്റ്റായാൽ പോലും ഒരു ചെറിയ പിഴവു മതി മെസ്സിയുടെ മാജിക് സംഭവിക്കാൻ. മുപ്പത്തിമൂന്നാം മിനിറ്റിൽ അവർക്ക് ആ അബദ്ധം സംഭവിച്ചു. അർജന്റീനൻ ഫുൾ ബാക്ക് നിക്കൊളാസ് മോളിനയെ ഓസ്‌ട്രേലിയൻ ഫുൾ ബാക് അസീസ് ബെഹിച് ഫൗൾ ചെയ്തു. ഒരനാവശ്യ ഫൗൾ. ഇനിയിവിടെ സംഭവിക്കാനിരിക്കുന്ന മെസ്സിയുടെ ജീനിയസ്സിനെ എങ്ങനെ തടുക്കും എന്ന പാഠം ആ ലേഖനത്തിലില്ലായിരുന്നു. ഇവിടെ ഗ്രഹാം അർണോൾഡിന്റെ ആവനാഴിയും കാലിയാണ്. വലതുവിങ്ങിൽ നിന്ന് ബോക്സിലേക്കുതിർത്ത ഫ്രീകിക്ക് റീബൗണ്ട് ആയി മെസ്സിയുടെ കാലിലേക്ക് വന്നു, അത് ബോക്സിന്റെ പുറത്തുള്ള മക്കല്ലിസ്റ്റർനു നൽകിക്കൊണ്ട് മെസ്സി ബോക്സിലേക്ക് കുതിച്ചു. ആദ്യ ടച്ചിൽതന്നെ ബോക്സിലേക്ക് നീട്ടിക്കിട്ടിയ പന്ത് ഓട്ടമേണ്ടി വരുതിയിലാക്കുമ്പോഴേക്കും മെസ്സി അവിടെയെത്തിയിരുന്നു. ഒരു ടച്ച്, ശേഷം ബോക്സിന്റെ ഇടതുമൂലയിലേക്ക് ഒരു വളഞ്ഞ ഷോട്ട്. ഗോൾ! ഇതിനവർ തയ്യാറെടുത്തിരുന്നില്ലെന്നല്ല, ഇതിനാർക്കും തന്നെ തയ്യാറെടുക്കാൻ സാധിക്കുമായിരുന്നില്ല. റീബൗണ്ട് വന്ന പന്ത് തന്റെ കാലിന്റെ വരുതിയിലാക്കിയതിനെയും ബോക്സിനുള്ളിൽ മൂന്ന് ഡിഫെൻഡർമാരുടെ ഇടയിലൂടെ ഷോട്ട് ഉതിർത്തതിനെയും വിശേഷിപ്പിക്കാൻ ജീനിയസ് എന്ന വാക്കിനേ കഴിയൂ. അതുകണ്ട് അഹ്‌മദ് ബിൻ അലി സ്റ്റേഡിയത്തിലെ പതിനായിരങ്ങളെപ്പോലെ നോക്കി നിൽക്കാനേ നമുക്ക് സാധിക്കൂ..
രണ്ടാം പകുതിയിൽ ഡി പോളും അൽവാരസും നടത്തിയ മികച്ച പ്രെസ്സിങ് കൊണ്ട് അൽവാരെസ് ഗോൾ നേടിയപ്പോൾ അർജന്റീന അനായാസം പ്രീക്വാർട്ടർ കടക്കുമെന്നുറപ്പിച്ചു. പക്ഷേ ഒരു ശ്രമത്തിനു മുതിരാതെ അടിയറവു പറയുകയില്ലെന്നുറപ്പിച്ച ഓസ്ട്രേലിയ 77ആം മിനിറ്റിൽ എൻസോ ഫെർണാണ്ടസ് ഡിഫ്‌ളെക്റ്റഡ് ഷോട്ട് വഴി ഒരു ഗോൾ മടക്കി. അതിനുശേഷവും നിരന്തര ആക്രമണം നടത്തിയ ഓസ്‌ട്രേലിയയെ പിടിച്ചുകെട്ടാൻ പകരക്കാരനായിറങ്ങിയ ലിസാൻഡ്രോ മാർട്ടിനെസിന്റെയും ഗോളി എമി മാർട്ടിനെസിന്റെയും ശ്രമങ്ങൾ പ്രശംസയർഹിക്കുന്നതാണ്. കൃത്യമായ പാസുകളിലൂടെ മിഡ്‌ഫീൽഡ് നിയന്ത്രിച്ച എൻസോയും, മക്കല്ലിസ്റ്ററും മികച്ച ശാരീരികക്ഷമതയും പ്രെസ്സിങ്ങും കാഴ്ചവെച്ച അർജന്റീനയുടെ പടകുതിരയായ റോഡ്രിഗോ ഡി പോളും ഈ വിജയത്തിൽ തിളങ്ങി നിൽക്കും. ഒരു തിരിച്ചുവരവിനായി പരമാവധി ശ്രമിച്ച ഓസ്‌ട്രേലിയക്കും അഭിമാനത്തോടെ തിരികെ മടങ്ങാം.
എന്തിരുന്നാലും ഇന്നലത്തെ കളി മെസ്സിയുടേത് തന്നെയായിരുന്നു. കളിയുടെ 80 ശതമാനവും അതിർത്തികാക്കുന്ന സിംഹത്തെപ്പോലെ ഗ്രൗണ്ടിലൂടെ നടന്നു പെട്ടെന്നുണ്ടാക്കുന്ന നീക്കങ്ങൾ കൊണ്ട് അവസരങ്ങൾ സൃഷ്ടിച്ചെടുക്കുന്ന പുതിയ മെസ്സി ഇപ്പോഴും നമ്മെ അത്ഭുതപ്പെടുത്തുന്നു. ആദ്യ ഗോളിലാണ് കളി അർജന്റീനയുടെ വരുതിയിലായത്. അത് നേടാൻ മെസ്സിക്കല്ലാതെ മറ്റാർക്കും കഴിയില്ലായിരുന്നു. മിഡ്‌ഫീൽഡിൽ നിന്ന് ബോക്സിലേക്ക് നടത്തിയ സോളോ റണ്ണുകളും ഗോളെന്നുറപ്പിക്കാൻ വിധം ലൗറ്ററോ മാർട്ടിനെസിന് കൊടുത്ത പാസുകളും കൊണ്ട് മെസ്സി കളം നിറഞ്ഞാടി.
മറ്റൊരിടത്ത് അമേരിക്കയെ 3-1 എന്ന സ്കോറിന് ആധികാരികമായി തോല്പിച്ചു കൊണ്ട് വാൻ ഹാളിന്റെ ഡച്ച് ടീം ക്വാർട്ടറിൽ പ്രവേശിച്ചു. തങ്ങളുടെ സ്വതസിദ്ധമായ ഫുട്ബോളിങ് ശൈലി കൊണ്ട് കേളികേട്ട ഓറഞ്ചു പട ഇത്തവണ വളരെ വ്യത്യസ്തമായ രീതിയാണ് പ്രയോഗിക്കുന്നത്. അമേരിക്കക്ക് പൊസഷൻ നല്‍കി 5-3-2 ഫോർമേഷനിൽ സംഘടിച്ചു കൊണ്ടുള്ള മികവാർന്ന കൗണ്ടർ അറ്റാക്കിലൂടെയാണ് ഇന്നലെ അവര്‍ വിജയിച്ചത്. കൗണ്ടർ അറ്റാക്കിങ് ശൈലിയാണെങ്കിലും പന്തിനെ മികച്ച രീതിയില്‍ മുന്നോട്ട് കൊണ്ടുപോവുക എന്ന പരമ്പരാഗത ഡച്ച് ശൈലി തങ്ങളില്‍ ഒരിക്കലും കൈമോശം വന്നിട്ടില്ല എന്ന് അവരുടെ മൂന്ന് ഗോളുകള്‍ അടിവരയിടുന്നു. മിഡ്‌ഫീൽഡിൽ നിന്ന് പന്ത് നേടിയ ശേഷം ഡി ജോംഗ്, ഡി റോൺ, ക്ലാസ്സെൻ തുടങ്ങിയവരുടെ മികച്ച പാസിങ്ങിലൂടെ വിങ് ബാക്കുകളായ ഡംഫ്രൈസ്, ഡാലി ബ്ലിൻഡ് എന്നിവർക്ക് നീട്ടി നൽകി ബോക്സിൽ പന്തെത്തിച്ചു കൊണ്ട് ഗോൾ നേടുക എന്ന തന്ത്രം ഫലപ്രദമായി അവർ പ്രയോഗിച്ചു. ഡംഫ്രിസും, ബ്ലിൻഡും ഓരോ ഗോൾ നേടുകയും അടിക്കുകയും ചെയ്തത് വാൻ ഗാൽ തന്ത്രത്തിന്റെ പൂർണത വെളിവാക്കുന്നു. കൂടുതൽ സമയം പന്തടക്കം കിട്ടിയിട്ടും കാര്യമായൊന്നും ചെയ്യാൻ അമേരിക്കൻ സംഘത്തിനായില്ല. ഹാജി റൈറ്റ് നേടിയ ആശ്വാസഗോൾ മാത്രമാണ് അവർക്കു കളിയിൽ എന്തെങ്കിലും അവകാശപ്പെടാനുള്ളത്. മക്‌കെന്നി, പുലിസിച്ച് തുടങ്ങിയ ഒരുപറ്റം യുവതാരങ്ങളടങ്ങിയ അമേരിക്കൻ സംഘം ഇനി 2026ൽ സ്വന്തം നാട്ടിൽ നടക്കുന്ന ലോകകപ്പിന് വേണ്ടി തയ്യാറെടുക്കും.
ക്വാർട്ടറിൽ വരുന്ന മെസ്സിക്കും സംഘത്തിനും നെതർലാൻഡ് മികച്ചൊരു വെല്ലുവിളിയാവുമെന്നതിൽ സംശയമില്ല. ടൂർണമെന്റിലുടനീളം കടുത്ത ഡിഫെൻസിന്റെ കെട്ടഴിക്കാൻ പാടുപെട്ട അർജന്റീന തങ്ങളുടെ ബോക്സിന്റെ പുറത്തുനിന്ന് നേടുന്ന പന്തുമായി കൗണ്ടർ അറ്റാക്ക് നടത്തുന്ന ഡച്ചുപടയെ ഭയക്കേണ്ടിയിരിക്കുന്നു. ഗാക്പോ, ഡിപ്പായ് തുടങ്ങിയവരുടെ അതിവേഗ കൗണ്ടർ ഓട്ടമെന്റി നയിക്കുന്ന പ്രതിരോധനിരക്ക് കടുത്ത വെല്ലുവിളിയായിരിക്കും. നെതർലാൻഡിന്റെ മിഡ്‌ഫീൽഡ് തലവൻ തന്റെ മുൻ ബാഴ്‌സ ക്യാപ്റ്റനായ മെസ്സിയെ എങ്ങനെ മിഡ്‌ഫീൽഡിൽ നേരിടും എന്നതും കളിയെ നിർണയിക്കുന്ന പ്രധാന ഘടകമായിരിക്കും. ഇന്നലത്തെ മിന്നുംവിജയത്തിന് ശേഷം ഇരുകൂട്ടർക്കും ഇന്ന് വിശ്രമിക്കാം. അടുത്തയാഴ്ചത്തെ മറ്റൊരു ക്ലാസിക് പോരാട്ടത്തിനായി നമുക്കും കാത്തിരിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.