ഇന്ത്യൻ ഫുട്ബാളിെല അതുല്യനായ നായകൻ സുനിൽ ഛേത്രി കളിക്കളം വിടുന്നു. എന്തായിരുന്നു അദ്ദേഹം ഇന്ത്യൻ കാൽപന്തിന് നൽകിയ സംഭാവന? ചരിത്രത്തിൽ എങ്ങനെയാണ് അദ്ദേഹം ഒാർമിക്കപ്പെടുക?
സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ ആദ്യ ഒളിമ്പിക്സിൽ, 1948ൽ ലണ്ടനിൽ ഉദ്ഘാടന മാർച്ച് പാസ്റ്റിൽ ദേശീയപതാക പിടിച്ചത് ഇന്ത്യൻ ഫുട്ബാൾ ടീം നായകൻ ടാലിമെറാൻ അയോ ആയിരുന്നു. അഹമ്മദ് ഖാനും മേവലാലും സുനിൽ നന്ദിയും ശാരങ്കപാണി രാമനുമൊക്കെ ഉൾപ്പെട്ട മുന്നേറ്റനിരയായിരുന്നു ടീമിന്റേത്. 1950കളിൽ മേവലാലിനും അഹമ്മദ് ഖാനുമൊപ്പം ടി. ഷൺമുഖവും കോട്ടയം സാലിയും പിന്നീട് പി.കെ. ബാനർജിയും സമർ ബാനർജിയും കിട്ടുവും ബലറാമും നെവിൽ ഡിസൂസയും ആക്രമണനിരയിൽ തിളങ്ങി. അടുത്ത പതിറ്റാണ്ടിൽ പി.കെക്കും കണ്ണനുമൊപ്പം സൈമൺ സുന്ദർരാജും ചുനി ഗോസ്വാമിയും തുളസീദാസും യൂസഫ് ഖാനുമൊക്കെ എതിർ ഗോൾമുഖം വിറപ്പിച്ചു. ഇന്ത്യൻ ഫുട്ബാളിന്റെ സുവർണകാലമായിരുന്നു അത്.
മഗൻ സിങ്ങും മുഹമ്മദ് ഹബീബുമൊക്കെ മിന്നിത്തിളങ്ങിയ 1970കളുടെ തുടക്കവും മോശമല്ലായിരുന്നു. ശ്യാം ഥാപ്പയും സുഭാഷ് ഭൗമിക്കും എതിർ ഗോൾവലയം ലക്ഷ്യമിട്ട് കുതിച്ചതും ഇക്കാലത്തുതന്നെ. പിന്നീട് ഇന്ത്യൻ ഫുട്ബാൾ പിന്നാക്കം പോയപ്പോഴും ആക്രമണനിരയിൽ എണ്ണംപറഞ്ഞ കളിക്കാർ ഒന്നിലേറെയുണ്ടായിരുന്നു. അക്കാലവും കടന്നുപോയി. ഒടുവിൽ, സുനിൽ ഛേത്രി 2024 ജൂൺ ആറിന് കൊൽക്കത്തയിൽ കുവൈത്തിനെതിരായ ലോകകപ്പ് യോഗ്യതാ റൗണ്ട് മത്സരത്തോടെ രാജ്യാന്തര ഫുട്ബാളിൽനിന്നു വിടവാങ്ങുന്നു എന്നു പ്രഖ്യാപിച്ചപ്പോൾ ഇന്ത്യൻ ടീമിന്റെ ആക്രമണനിരയിൽ ശൂന്യതയാണ് ദൃശ്യമാകുന്നത്. ഇതിനു മുമ്പൊരിക്കലും സംഭവിക്കാത്തത് എന്നുപറയാം.
ഇന്ത്യൻ ഫുട്ബാൾ തകർച്ചയിലേക്കു നീങ്ങിത്തുടങ്ങിയ 1980കളിലും ഷബീർ അലിയെയും സേവ്യർ പയസ്സിനെയും ബിശ്വജിത് ഭട്ടാചാര്യയെയും ശിശിർ ഘോഷിനെയും കണ്ടു. പിന്നീട് 1990കളിൽ ഐ.എം. വിജയനും ഗോഡ്െഫ്ര പെരേരയും ബ്രൂണോ കുട്ടിനോക്കുമൊപ്പം ബൈചുങ് ബൂട്ടിയ ചേർന്നു. വിജയൻ രംഗംവിട്ടതോടെ ഇന്ത്യൻ ടീമിൽ ഗോളടിക്കാൻ ബൂട്ടിയ മാത്രമായ സ്ഥിതിയിലേക്കു കാര്യങ്ങൾ നീങ്ങി. അപ്പോഴാണ് സുനിൽ ഛേത്രിയുടെ രംഗപ്രവേശം. 2011ൽ ബൂട്ടിയ ബൂട്ട് അഴിച്ചതോടെ ഇന്ത്യൻ ടീമിനെ ജയിപ്പിക്കേണ്ട ചുമതല ഏതാണ്ട് പൂർണമായും സുനിൽ ഛേത്രിയുടെ ചുമലിലായി. 2011ലെ ഏഷ്യാ കപ്പോടെയാണ് ബൈചുങ് ബൂട്ടിയ കളമൊഴിഞ്ഞത്. തുടർന്ന് മലേഷ്യയിൽ െവച്ച് ഇന്ത്യയുടെ വിദേശ കോച്ച് ബോബ് ഹ്യൂട്ടൻ ക്യാപ്റ്റന്റെ ആം ബാൻഡ് ഛേത്രിയെ അണിയിച്ചു. അന്നു മുതൽ നീല ജഴ്സിയും ഓറഞ്ച് ആം ബാൻഡും ധരിച്ച സുനിൽ ഛേത്രിയെന്ന പ്രായേണ ഉയരം കുറഞ്ഞ, എന്നാൽ എതിരാളികളുടെ ഉയരംകൂടിയ പ്രതിരോധ താരങ്ങളെ കബളിപ്പിച്ച് മുന്നേറിയ കളിക്കാരനിൽ മാത്രം കേന്ദ്രീകരിച്ചായി ഇന്ത്യൻ ഫുട്ബാളിന്റെ കുതിപ്പും കിതപ്പും. ഒരു വ്യാഴവട്ടത്തിലേറെയായി നായകന്റെ റോളും ഇന്ത്യക്കായി ഗോൾ അടിക്കാനുള്ള ഉത്തരവാദിത്തവും ഛേത്രി നിറവേറ്റി.
മുപ്പത്തൊമ്പതാം വയസ്സിൽ ഇന്ത്യൻ ജഴ്സി ഊരുേമ്പാൾ, ഛേത്രി പറഞ്ഞ ബോണസ് കാലം അവസാനിക്കുകയാണ് എന്നുവേണം കരുതാൻ. 2026ലെ ലോകകപ്പ് ഫുട്ബാളിന്റെ യോഗ്യതാ മത്സരങ്ങൾ രണ്ടാം റൗണ്ടിൽ എത്തിയപ്പോൾ സുനിൽ ഛേത്രി പറഞ്ഞു. ‘‘ഇനിയുള്ളത് ബോണസ് കാലം; ഞാനത് ആസ്വദിക്കട്ടെ.’’ ഒപ്പം കൂട്ടിച്ചേർത്തു. ‘‘ഞാൻ ഇപ്പോൾ മൂന്നു മാസം, മൂന്നു മാസം വീതമാണ് കണക്കുകൂട്ടുന്നത്.’’ 2023 നവംബറിൽ ഇതു പറയുമ്പോൾ ഏതാണ്ട് രണ്ടു ക്വാർട്ടറുകളിൽ ആ ബോണസ് കാലഘട്ടം അവസാനിക്കുമെന്ന് കരുതിയില്ല. 2026 ജൂണിൽ ലോകകപ്പിന് തുടക്കം കുറിക്കുമ്പോൾ, 42 തികയാൻ ഛേത്രിക്ക് രണ്ടു മാസം ബാക്കി. വിശ്രമജീവിതത്തിന്റെ ലാഘവത്തോടെ കളി കാണാം.
കഴിഞ്ഞ ഡിസംബറിൽ ഗോൾകീപ്പർ സുബ്രത പോൾ ബൂട്ട് അഴിച്ചപ്പോൾ, നല്ലൊരു ഇന്നിങ്സ് അവസാനിച്ചു എന്നേ ഫുട്ബാൾ ലോകം ചിന്തിച്ചുള്ളൂ. പക്ഷേ, ഛേത്രി ഇന്ത്യൻ ജഴ്സി ഊരുമ്പോൾ ഇനിയെങ്ങനെ എന്ന ചോദ്യമാണുയരുന്നത്. ഇന്ത്യക്കായി 150 മത്സരങ്ങളിൽ ബൂട്ടണിഞ്ഞ് 94 ഗോൾ നേടി, ഇനിയൊരു മത്സരംകൂടി മാത്രമെന്ന് പറയുേമ്പാൾ, ഇപ്പോൾ സജീവമായ രാജ്യാന്തര താരങ്ങളിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയും (128) ലയണൽ മെസ്സിയും (106) കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ താരം എന്ന റെക്കോഡ് സ്വന്തം. പക്ഷേ, റൊണാൾഡോയും മെസ്സിയും കഴിഞ്ഞാൽ ഛേത്രിയെന്ന വ്യാഖ്യാനം വരരുത്. റൊണാൾഡോയും മെസ്സിയും നേരിട്ട എതിരാളികളെയല്ല, അതിനടുത്തെങ്ങും എത്തുന്ന ദേശീയ ടീമുകളെയല്ല ഇന്ത്യക്കായി ഛേത്രി എതിരിട്ടത്. ഇന്ത്യൻ ഫുട്ബാളിൽ ഛേത്രി സൂപ്പർതാരം തന്നെ, ഇത്തരം താരതമ്യങ്ങൾക്കു പോകാതെ, ഛേത്രി ഇന്ത്യൻ ഫുട്ബാളിൽ ആരായിരുന്നു എന്നു വിലയിരുത്തുകയാണ് ആവശ്യം. ഇന്ത്യൻ ഫുട്ബാളിൽ ഒരു ഇതിഹാസം വിരമിക്കുന്നു. ഒരു അധ്യായം അവസാനിക്കുന്നു.
നേപ്പാളി വംശജരാണ് സുനിൽ ഛേത്രിയുടെ കുടുംബം. 1984 ആഗസ്റ്റ് മൂന്നിന് സെക്കന്തരാബാദിലാണ് സുനിൽ ജനിച്ചത്. പിതാവ് ഖാർഗ ഛേത്രി എന്ന കെ.ബി. ഛേത്രി ഇന്ത്യൻ ആർമി ഫുട്ബാൾ ടീമിൽ അംഗമായിരുന്നു. മാതാവ് സുശീലയും സഹോദരിമാരും നേപ്പാൾ വനിത ഫുട്ബാൾ ടീമിൽ കളിച്ചിരുന്നു. സ്വാഭാവികമായും സുനിൽ ഛേത്രിയുടെ രക്തത്തിൽ ഫുട്ബാൾ കളി അലിഞ്ഞിരിക്കണം. പക്ഷേ, ചെറുപ്പത്തിൽ കളിയിലൂടെ നല്ല കോളജിൽ പ്രവേശനം ഉറപ്പാക്കുക എന്നതിലപ്പുറമൊരു ലക്ഷ്യം സുനിലിന് ഇല്ലായിരുന്നു. ഡൽഹി സിറ്റി ക്ലബിൽ 2001-02ൽ കളിച്ചുതുടങ്ങിയതോടെ രംഗം മാറി. 2002ൽ മോഹൻബഗാനിൽ എത്തി. 2005 വരെ അവിടെ തുടർന്നു. 18 മത്സരങ്ങളിൽ എട്ടു ഗോൾ അടിച്ചു. അണ്ടർ 20 ഇന്ത്യൻ ടീമിൽ എത്തിയ
തോടെ ലക്ഷ്യംതെളിഞ്ഞു. 2005ൽ ജൂൺ 12ന് പാകിസ്താനെതിരെ ക്വറ്റയിൽ (ബലൂചിസ്താൻ) കളിച്ചുകൊണ്ട് ഇന്ത്യൻ ദേശീയ ടീമിൽ അരങ്ങേറി. അന്നുതന്നെ ഇന്ത്യക്കായി തന്റെ ആദ്യ ഗോളും നേടി. ഇന്ത്യൻ താരങ്ങൾക്ക് സുരക്ഷാഭീഷണി ഉണ്ടായിരുന്നതിനാൽ ഇരുപതുകാരനായ സുനിലിന്റെ സുരക്ഷയിലായിരുന്നു പിതാവിനു പരിഭ്രാന്തി. ബൈചുങ് ബൂട്ടിയ കളിക്കുമ്പോൾതന്നെ, 2008ൽ എ.എഫ്.സി ചലഞ്ച് കപ്പിൽ ഫൈനലിൽ ഹാട്രിക് നേടിയ സുനിൽ ഛേത്രി, ഏതെങ്കിലും ടൂർണമെന്റിന്റെ കലാശക്കളിയിൽ ഹാട്രിക് നേടിയ ആദ്യ ഇന്ത്യക്കാരനായി. അത്തവണത്തെ ചലഞ്ച് കപ്പ് വിജയം, നാലുതവണ സാഫ് ചാമ്പ്യൻഷിപ്, മൂന്നുതവണ നെഹ്റു കപ്പ്, രണ്ടുതവണ ഇന്റർ കോണ്ടിനെന്റൽ കപ്പ്. ഇന്ത്യ സമീപകാലത്ത് കൈവരിച്ച പരിമിതമായ കിരീടനേട്ടങ്ങളിലെല്ലാം സുനിൽ ഛേത്രിയുടെ ഗോളടിക്കാനുള്ള മികവ് രേഖപ്പെടുത്തപ്പെട്ടു. ആറു തവണ രാജ്യത്തെ മികച്ച ഫുട്ബാൾ കളിക്കാരനായി എ.ഐ.എഫ്.എഫ് തിരഞ്ഞെടുത്തു. ഇേപ്പാൾ കളിക്കുന്ന ബംഗളൂരു എഫ്.സി ഉൾപ്പെടെ, ഐ ലീഗിലും ഐ.എസ്.എല്ലിലുമായി 11 ക്ലബുകൾക്ക് കളിച്ചു.
അമേരിക്കൻ മേജർ ലീഗിൽ കൻസാസ് സിറ്റി വിസാഡ്സിനും പോർചുഗൽ ലീഗിൽ സ്പോർടിങ് ലിസ്ബൻ ‘ബി’ക്കും കളിച്ചു. പക്ഷേ, 2009ൽ ഇംഗ്ലീഷ് ക്ലബ് ക്വീൻസ് പാർക്ക് റെയ്ഞ്ചേഴ്സുമായി മൂന്നു വർഷ കരാർ ഉറപ്പിച്ചെങ്കിലും ഇന്ത്യയുടെ റാങ്ക് എഴുപതിനു മുകളിലായതിനാൽ യു.കെ വർക്ക് പെർമിറ്റ് നൽകിയില്ല. വിദേശത്ത് കളിച്ചിടങ്ങളിലാകട്ടെ പ്രതീക്ഷിച്ച അവസരം കിട്ടിയുമില്ല. ഇന്ത്യയിൽതന്നെ തുടരാൻ ഇതു കാരണമായി. ഇന്ത്യയിൽ ദേശീയ ടീമിന്റെ കളി കാണാൻ ആളു കുറഞ്ഞപ്പോൾ സുനിൽ ഛേത്രിതന്നെ ഫുട്ബാൾ േപ്രമികളെ ഹൃദയപൂർവം ക്ഷണിച്ചു. 2018ൽ മുംബൈ അരീനയിൽ കെനിയക്കെതിരായ ഇന്റർകോണ്ടിനെന്റൽ കപ്പ് മത്സരം കാണാൻ സ്റ്റേഡിയത്തിലേക്ക് വരാൻ ഛേത്രി അഭ്യർഥിച്ചു. ഏറെ വികാരഭരിതമായിരുന്നു ആ വിഡിയോ സന്ദേശം. ‘‘നിങ്ങൾ വിമർശിച്ചോളൂ. പക്ഷേ, കളി കാണണം.’’ എന്ന അഭ്യർഥന സ്വീകരിക്കപ്പെട്ടു. 18,000 ഇരിപ്പിടങ്ങളുള്ള സ്റ്റേഡിയത്തിന്റെ ഭൂരിഭാഗവും നിറഞ്ഞു.
2011ൽ അർജുനയും 2019ൽ പത്മശ്രീയും 2021ൽ ഖേൽ രത്നയും നൽകി രാജ്യം സുനിൽ ഛേത്രിയെ ആദരിച്ചു. പക്ഷേ ഇനിയെന്ത്, വലിയൊരു ചോദ്യമാണ് ഇന്ത്യൻ ഫുട്ബാളിൽ ഉയരുന്നത്. ഒരേയൊരു ഛേത്രിയിൽ, രാജ്യാന്തര നിലവാരത്തിൽ കളിച്ച ഒരേയൊരു താരത്തിൽ ഏറെ നാളായി തളക്കപ്പെട്ട ഇന്ത്യൻ ഫുട്ബാളിൽ ഇപ്പോൾ ഉടലെടുക്കുന്ന ശൂന്യത എങ്ങനെ നികത്തും? സുനിൽ ഛേത്രി നീലക്കുപ്പായം അഴിക്കുമ്പോൾ ലോക ഫുട്ബാളിൽ ഇന്ത്യയുടെ സ്ഥാനം 121 മാത്രം. 1994 ഫെബ്രുവരിയിലെ 94ാം സ്ഥാനം എത്രയോ അകലെയാണ്. അന്ന് ഇന്ത്യൻ ടീമിന് ആക്രമണനിരയുണ്ടായിരുന്നു. പിന്നീടത് സുനിൽ ഛേത്രിയും ഒപ്പം ചിലരുമായി. ഇനിയുള്ളത്, ഇതുവരെ ഛേത്രിക്ക് ഒപ്പമുണ്ടായിരുന്നവർ മാത്രം. അവരെ നയിക്കാൻ, അവർക്ക് ഊർജം പകരാൻ അവരുടെ അസിസ്റ്റുകൾ ഗോളാക്കാൻ സുനിൽ ഛേത്രി ഇല്ല.
സുനിൽ ഛേത്രിക്കു പകരം ഇന്ത്യയെ നയിക്കാൻ ആളെ കണ്ടെത്തുക എളുപ്പമാണ്. പക്ഷേ, ആരു ഗോളടിക്കും? ഛേത്രി ഇന്ത്യൻ ടീമിനൊപ്പം ഇരുപതു വർഷം കളിച്ചു. ഇതിനിടക്ക് എത്രയോ സ്ൈട്രക്കർമാർ വന്നുപോയി. പോയ വർഷം ഇന്ത്യക്കായി 14 മത്സരങ്ങൾ കളിച്ച ഛേത്രി ഒമ്പതു തവണ ലക്ഷ്യം കണ്ടു. മൻവീർ സിങ്, ഇഷാൻ പണ്ഡിത, ലിസ്റ്റൻ കൊളാസോ, സഹൽ അബ്ദുൽ സമദ്, ആഷിഖ് കരുണിയൻ... അങ്ങനെയെത്ര ഫോർവേഡുകൾ, സ്ട്രൈക്കർമാർ. പക്ഷേ, എല്ലാവരും വന്നും പോയുമിരിക്കുന്നു. ഛേത്രിയെപ്പോലെ ഇന്ത്യൻ ടീമിലേക്ക് സ്വയം തിരഞ്ഞെടുക്കാൻ കഴിയാത്തവരാണ് അധികവും. പി.കെ. ബാനർജിയും തുളസീദാസ് ബലറാമും ചുനി ഗോസ്വാമിയും ഉൾപ്പെട്ട ഇന്ത്യൻ മുന്നേറ്റനിര ഇന്നും ഇന്ത്യൻ ഫുട്ബാൾ ചരിത്രത്തിലെ ത്രസിപ്പിക്കുന്ന ഓർമയാണ്. മൂവരും അന്തരിച്ചു.
2023ലായിരുന്നു ബലറാം ലോകത്തോട് വിടപറഞ്ഞത്. ലോകം ശ്രദ്ധിച്ചൊരു മുന്നേറ്റനിരയായിരുന്നു അത്. 1960ൽ റോം ഒളിമ്പിക്സിൽ ത്രിമൂർത്തികൾക്കൊപ്പം സൈമൺ സുന്ദർരാജും ജർനെയ്ൽ സിങ്ങും കണ്ണനും ഹമീദും ദേവദാസുമുണ്ടായിരുന്നു എന്നും ഓർക്കണം. 1956ലെ ഒളിമ്പിക്സിൽ ആസ്േട്രലിയക്കെതിരെ ഹാട്രിക് നേടിയ നെവിൽ ഡിസൂസയെ റോമിനുള്ള ടീമിലെടുക്കാതിരുന്ന കോച്ച് എസ്.എ. റഹിം ഏറെ വിമർശനം കേട്ടെങ്കിലും അദ്ദേഹം ഒരുക്കിയ മുന്നേറ്റനിരയിൽ ആരും മോശക്കാരായില്ല എന്നതാണ് യാഥാർഥ്യം. അത്തരമൊരു കാലത്തുനിന്നാണ് ഇന്ത്യ സുനിൽ ഛേത്രിക്കു പകരം ഇനിയാര് എന്ന ഒറ്റചോദ്യത്തിൽ എത്തിനിൽക്കുന്നത്.
തൽക്കാലം നമുക്ക് സുനിൽ ഛേത്രിക്കും ഭാര്യ, ബഗാൻ കോച്ച് സുബ്രതോ ഭട്ടാചാര്യയുടെ പുത്രി സോനത്തിനും മകൻ ധ്രുവിനും ആശംസ അർപ്പിക്കാം. ക്ലബ് ഫുട്ബാളിൽ തുടരുമെങ്കിലും ഛേത്രിക്ക് കുടുംബത്തോടൊപ്പം കൂടുതൽ സമയം ചെലവഴിക്കാൻ സാധിക്കും. ഐ.എസ്.എൽ കാണാൻ ഗാലറികൾ നിറയുമ്പോഴും കളിക്കളത്തിൽ ആക്രമണനിരയിൽ ശൂന്യത സൃഷ്ടിച്ച് ദേശീയ ടീം കളിക്കേണ്ടിവരുന്നു. അവരുടെ കളി കാണാൻ ആളു കുറയുന്നു. ഇക്കാലം മാറണം. മാറിയേ തീരൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.