കിക്കോഫ് മുതൽ കളി ആക്രമോത്സുകരായ അർജന്റീനയുടെ വരുതിയിലായിരുന്നുവെങ്കിലും മികച്ച അഞ്ച് സേവുകളുമായി പോളിഷ് കീപ്പർ ഷ്റ്റെസ്നെ നെഞ്ചുവിരിച്ചു നിന്നതോടെ മെസ്സിപ്പട ആഗ്രഹിച്ച നിമിഷം വൈകിപ്പോയി. ഒടുവിൽ മുപ്പത്തിയേഴാം മിനിറ്റിലാണത് സംഭവിച്ചത്. ഒരു പെനാൽറ്റി - അർജന്റീന അർഹിക്കുന്നില്ല എന്ന് കമന്റേറ്റർമാർ ഒന്നടങ്കം പറഞ്ഞ ആ പെനൽറ്റിയെടുക്കാൻ മെസ്സി മുന്നോട്ടുവന്നു. ഷ്റ്റെസ്നെ വളരെ ശാന്തനായിരുന്നു. സഹകളിക്കാരോട് കണ്ണിറുക്കി കാണിച്ച അയാൾ അവർക്കു ധൈര്യം നൽകി. ​തൊട്ടുമുമ്പുള്ള സൗദിയുമായുള്ള കളിയിൽ നടത്തിയ സേവ് അയാൾക്ക് ധൈര്യം പകർന്നിട്ടുണ്ടാവാം. ലയണൽ മെസ്സി പോസ്റ്റിന്റെ വലതുഭാഗത്തേക്ക് തൊടുത്ത ശക്തമായ ഷോട്ട് മികച്ച വൈദഗ്ദ്യത്തോടെ രക്ഷപ്പെടുത്തിയ ഷ്റ്റെസ്നെ നിലവിളിച്ചു. സഹതാരങ്ങൾ ഓടിവന്ന് നായകൻ എന്ന് അയാളെ അഭിനന്ദിച്ചു. സ്റ്റേഡിയത്തിലേക്ക് ഒഴുകിയെത്തിയ പതിനായിരക്കണക്കിന് അർജന്റീനിയൻ ആരാധകർ നിശബ്ദരായി. സൗദിയുമായുള്ള മത്സരത്തിന്റെ ഭീകരമായ ഓർമകൾ, ടൂർണമെന്റിൽ നിന്നും പുറത്താകുമ്പോഴുള്ള വേദന - ഇതൊക്കെയും അവർ മനസിൽ കണ്ടിട്ടുണ്ടാവാം. മെസ്സിയുടെ അമർഷം ബിഗ്‌സ്‌ക്രീനിൽ പ്രകടമായിരുന്നു. എന്നാൽ ഷ്റ്റെസ്നെ എന്ന പോരാളിയുടെ മുന്നിൽ ഈ രാത്രി അടിയറവ് വെക്കാൻ അവർക്കു സമ്മതമായിരുന്നില്ല.

നാടകീയത നിറഞ്ഞ ആ രാത്രിയുടെ തുടക്കത്തിൽ റാസ് അബു അബൂദിലേക്കു പ്രവേശിച്ച മെസ്സിക്കും കൂട്ടർക്കും ലക്ഷ്യം ലളിതമായിരുന്നു. പോളണ്ടിനെ തോൽപ്പിക്കുക, പ്രീക്വാർട്ടറിലേക്ക് ഗ്രൂപ്പ് ചാമ്പ്യന്മാരായി പ്രവേശിക്കുക. അതേ ഗ്രൂപ്പിലെ സൗദി- മെക്സിക്കോ പോരാട്ടം അവരെ ഒരുതരത്തിലും ബാധിക്കരുത്. കളി തുടങ്ങിയതു മുതൽ ആ ലക്ഷ്യം വ്യക്തമായിരുന്നു. പോളിഷ് പടയുടെ നേരെ തുടരെത്തുടരെ ആക്രമണം അഴിച്ചുവിട്ട ആൽബിസെലെസ്റ്റകൾ തുടക്കത്തിൽ തന്നെ ഗോൾ നേടാനുള്ള ശ്രമത്തിലായിരുന്നു. ലിസാന്ത്രോ മാർട്ടിനെസിന്‌ പകരം റൊമേറോയെയും, റോഡ്രിഗസിനു പകരം എൻസോ ഫെർണാണ്ടസിനെയും, ലൗറ്റാറോ മാർട്ടിനെസിന്‌ പകരം ജൂലിയൻ അൽവാരെസിനെയും ഇറക്കിയാണ് കോച്ച് സ്കെലോണി ഗ്രൂപ്പിലെ അവസാന അങ്കത്തിനിറങ്ങിയത്.

മെസ്സിയുടെ പെനാൽറ്റി ഷോട്ട് ഷ്റ്റെസ്നെ സേവ് ചെയ്യുന്നു

മിഡ്‌ഫീൽഡിൽ പൂർണാധിപത്യം സ്ഥാപിച്ചു വിങ്ങുകളിലേക്ക് പന്തു നൽകി മുന്നേറാനുള്ള അർജന്റീനയുടെ ശ്രമം തുടക്കത്തിലേ പോളിഷ് പ്രതിരോധത്തെ നന്നായി അലട്ടി. ഇടതുവിങ്ങിൽ കളിച്ച ജൂലിയൻ അൽവാരെസ് ബോക്സിന്റെ മധ്യ ഭാഗത്തേക്ക് നീങ്ങിയപ്പോൾ ഫ്രീയായ മാർക്കസ് എക്കൂണക്കു നിരന്തരം ക്രോസ്സുകൾ നൽകാനും വലതുവിങ്ങിൽ ഡി മരിയക്ക് ഡ്രിബിളുകളിലൂടെ മുന്നേറാനും അവസരം ലഭിച്ചു. അതിലൂടെ നിരന്തരം ഗോളവസരങ്ങളും സൃഷ്ടിക്കാൻ കഴിഞ്ഞു. ആദ്യ പകുതിയിൽ ഏഴ് ഓൺ ടാർഗറ്റ് ഷോട്ടുകളാണ് അവർ തോടുത്തുവിട്ടത്. എന്നാൽ ഏഴ് മികച്ച സേവുകളുമായി പോളിഷ് കീപ്പർ ഷ്റ്റെസ്നെ അർജന്റീനൻ അറ്റാക്കിനെ പരമാവധി അകറ്റി.

സമനില ലക്ഷ്യമാക്കി വന്ന പോളിഷ് പടയ്ക്ക് അർജന്റീനയെ പരമാവധി പ്രതിരോധിക്കുക, അതിലൂടെ കിട്ടുന്ന കൗണ്ടർ അറ്റാക്കിങ് സാധ്യതകൾ ഉപയോഗിച്ചു ഗോൾ നേടുക എന്ന പദ്ധതി ഒരു തരത്തിലും നടപ്പാക്കാൻ കഴിയാതെപോയി. സൂപ്പർ താരം ലെവൻഡോസ്‌കി പോളിഷ് അറ്റാക്കിങ് മുഖത്തു പലപ്പോഴും ഒറ്റപ്പെട്ടുനിന്നു. കളിയുടെ പൂർണാധിപത്യം കയ്യിലിരിക്കെ മുപ്പത്തിയേഴാം മിനിറ്റിൽ വാറിലൂടെ ലഭിച്ച മെസ്സിയുടെ പെനാൽറ്റി മികച്ച സേവോടുകൂടി ഷ്റ്റെസ്നെ പോളണ്ടിനെ വീണ്ടും രക്ഷിച്ചു. ആദ്യ പകുതി കഴിഞ്ഞപ്പോൾ ടൂർണമെന്റിലെ രണ്ടാം പെനാൽറ്റി സേവ് ചെയ്ത ഷ്റ്റെസ്നെ പോളിഷ് പടയുടെ ജീവൻ എങ്ങനെയോ നിലനിർത്തി എന്നുപറയാം.

ഗോൾ നേടുന്ന ജൂലിയൻ അൽവാരെസ്

രണ്ടാം പകുതിയിൽ കാര്യങ്ങൾ വളരെ പെട്ടെന്നായിരുന്നു. കളി തുടങ്ങിയ മൂന്നാം മിനിറ്റിൽ തന്നെ വലതുവിങ്ങിൽ നിന്ന് വന്ന മോളിനയുടെ ലോ ക്രോസ്സ്‌ മക്കല്ലിസ്റ്റർ ഒരു ലോ ഡ്രൈവിലൂടെ ഷ്റ്റെസ്നെയെ മറികടന്നുകൊണ്ട് വലയിലേക്ക് പ്രവേശിച്ചു.അർജന്റീന അത്രയും നേരം നടത്തിയ ആക്രമണത്തിന്റെയും വിങ്ങിലൂടെ കളി വ്യാപിപ്പിച്ച്‌ മുന്നേറുക എന്ന ഉദ്ദേശത്തിന്റെയും പൂർണതയായി വേണം ആ ഗോളിനെ മനസിലാക്കാൻ. പിന്നെയും ആക്രമം തുടർന്ന അർജന്റീനയുടെ രണ്ടാം ഗോൾ എൻസോ ഫെർണാണ്ടസിന്റെ മനോഹരമായ ത്രൂ ബോളിലൂടെ അറുപത്തിയേഴാം മിനിറ്റിൽ ജൂലിയൻ അൽവാരെസ് നേടി. പിന്നീട് കളി വരുതിയിലായശേഷം കൂടുതൽ ആക്രമണത്തിന് മുതിരാതിരുന്ന അർജന്റീന കളി അവസാനിപ്പിക്കാനുള്ള ശ്രമത്തിലായിരുന്നു. അനുകൂലമായ ഗോൾ ശരാശരി ഉള്ളതുകൊണ്ട് പോളണ്ടും കൂടുതൽ ആക്രമണത്തിന് മുതിർന്നില്ല. കാര്യമായ മുന്നേറ്റങ്ങളില്ലാതെ കളി അവസാനിച്ചു. ഗോൾ ശരാശരിയിലൂടെ നേടിയ പ്രീ ക്വാർട്ടർ സ്ഥാനം ഉള്ളതുകൊണ്ട് പോളണ്ടിനും ഇപ്പോൾ ആശ്വസിക്കാം. പ്രീ ക്വാർട്ടറിൽ സർപ്രൈസ് എൻട്രി നേടിയ ആസ്ട്രേലിയയാണ് അർജന്റീനയുടെ എതിരാളികൾ. സാധ്യതാ സമവാക്യങ്ങളിൽ തൂക്കം അർജന്റീനക്ക് തന്നെ. ഗ്രൂപ്പിൽ രണ്ടാം സ്ഥാനക്കാരായ പോളണ്ടിനെ നിലവിലെ ചാമ്പ്യന്മാരായ ഫ്രാൻസ് കാത്തിരിക്കുന്നുണ്ട്. ഫ്രാൻസിന്റെ ചടുലതാളങ്ങൾക്ക് മുമ്പിൽ പോളിഷുകാർ എ​ങ്ങനെ പിടിച്ചുനിൽക്കുമെന്ന് കണ്ടറിയേണ്ടിയിരിക്കുന്നു.

Tags:    
News Summary - arabian nights one

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.