ബി.ജെ.പി സ്ഥാനാര്‍ഥിത്വം വാഗ്ദാനംചെയ്ത് വ്യവസായിയില്‍നിന്ന് അഞ്ചുകോടി രൂപ തട്ടിയെടുത്തകേസില്‍ അറസ്റ്റിലായ സംഘപരിവാര്‍ പ്രവര്‍ത്തക ചൈത്ര കുന്താപുരയുടെ ജീവിതം അടിമുടി വിവാദങ്ങളാൽ നിറഞ്ഞത്. അഞ്ച് കോടി രൂപയ്ക്ക് ബി.ജെ.പി സീറ്റ് വാഗ്ദാനം ചെയ്ത് വഞ്ചിച്ച കേസിലാണ് ചൈത്ര കഴിഞ്ഞ ദിവസം അറസ്റ്റിലായത്. ചൈത്രയും മറ്റ് അഞ്ച് പേരെയും ചൊവ്വാഴ്ചയാണ് ബെംഗളുരുവില്‍ സെന്‍ട്രല്‍ ക്രൈം ബ്രാഞ്ച് പൊലീസ് അറസ്റ്റ് ചെയ്തത്. ബിസിനസുകാരനായ ഗോവിന്ദ ബാബു പൂജാരിയില്‍ നിന്ന് ബൈന്ദൂര്‍ നിയമ സഭാ സീറ്റ് നല്‍കാമെന്ന വാഗ്ദാനം നല്‍കി 5 കോടി തട്ടിയതിനായിരുന്നു അറസ്റ്റ്. 10 ദിവസത്തേക്ക് ചൈത്രയെ പൊലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. ഉഡുപ്പിയിലെ കൃഷ്ണ മഠിന് സമീപത്തെ പാര്‍ക്കിങ് മേഖലയില്‍ നിന്നാണ് ചൈത്രയെ അറസറ്റ് ചെയ്തത്.
വിദ്വേഷ പ്രസംഗം മുതൽ ഗുണ്ടായിസവും സാമ്പത്തിക തട്ടിപ്പുംവരെ
കർണാകയിലെ അറിയെപ്പടുന്ന മുസ്ലിം വിരുദ്ധ പ്രചാരകയായിരുന്നു ചൈത്ര കുന്താപുര. താൻ എ.ബി.വി.പിയുടെ ദേശീയ നിർവ്വാഹക സമിതി അംഗമാണെന്നാണ് ചൈത്ര തന്‍റെ സമൂഹമാധ്യമ അകൗണ്ടുകളിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ഇവർക്കെതിരായ കുറ്റപത്രത്തിൽ പൊലീസ് പറയുന്നത് ആസൂത്രിതമായ തട്ടിപ്പിന്‍റെ കഥയാണ്. ആർ.എസ്.എസ്, ബി.ജെ.പി പാർട്ടികളുമായുള്ള ബന്ധം ഉപയോഗിച്ച് ചൈത്രയും സംഘവും തട്ടിപ്പ് നടത്തുകയായിരുന്നു.
ബൈന്ദൂര്‍ സ്വദേശിയാണ് പരാതിക്കാരനായ ഗോവിന്ദ ബാബു പൂജാരി. ചെഫ്റ്റാക് നൂട്രി ഫുഡ്സ് പ്രൈവറ്റ് ലിമിറ്റഡ് അടക്കമുള്ള സ്ഥാപനങ്ങളുടെ ഉടമയാണ് വന്‍ തട്ടിപ്പിനിരയായത്. ഏഴ് വര്‍ഷമായി ബൈന്ദൂരില്‍ വരലക്ഷ്മി ചാരിറ്റബിള്‍ ട്രസ്റ്റ് മുഖേന ജീവകാരുണ്യ പ്രവര്‍ത്തികള്‍ ചെയ്യുന്ന ഗോവിന്ദ ബാബു പൂജാരി സെപ്തംബര്‍ 8നാണ് പൊലീസില്‍ തട്ടിപ്പിനേക്കുറിച്ച് പരാതിപ്പെട്ടത്. ബി.ജെ.പി പ്രവര്‍ത്തകനായ പ്രസാദ് ബൈന്ദൂര്‍ ആണ് 2022ല്‍ ചൈത്രയെ പരിചയപ്പെടുത്തുന്നതെന്നും 2023ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബൈന്ദൂര്‍ സീറ്റ് നല്‍കാമെന്നും ചൈത്ര ഉറപ്പ് നൽകിയതായും പരാതിക്കാരൻ പറയുന്നു. ബി.ജെ.പി യുവ മോര്‍ച്ച ജനറല്‍ സെക്രട്ടറി ഗഗന്‍ കടൂറിനെ ഇതിനായി ചൈത്ര പരിചയപ്പെടുത്തുകയും ചെയ്തു. 2022 ജൂലൈ 4നായിരുന്നു ഇത്.
തട്ടിപ്പിന് വിശ്വാസ്യത വരുത്താനായി ആർ.എസ്.എസ് നേതാക്കളായി അഭിനയിക്കാൻ ചൈത്ര അഭിനേതാക്കളെ വാടകയ്‌ക്കെടുക്കുകപോലും ചെയ്‌തതായി എഫ്‌ഐആറിൽ പറയുന്നുണ്ട്. 45 വര്‍ഷത്തോളം വടക്കേ ഇന്ത്യയില്‍ ആർ.എസ്.എസ് പ്രവര്‍ത്തകനായിട്ടുള്ള വിശ്വനാഥ് എന്ന് പരിചയപ്പെടുത്തിയ ആളിനാണ് ഗോവിന്ദ ബാബു പൂജാരി ജൂലൈ ഏഴിന് 50 ലക്ഷം രൂപ അഡ്വാന്‍സ് തുക നല്‍കിയത്. ഇതിന് പിന്നാലെ ചൈത്ര കേസിലെ മൂന്നാം പ്രതിയായ അഭിനവ ഹലശ്രീ സ്വാമിയെ പരിചയപ്പെടുത്തുകയും 1.5 കോടി കൈമാറുകയും ചെയ്തു.
ഒക്ടോബറില്‍ കേസിലെ അഞ്ചാം പ്രതിയായ നായികിനെ പരിചയപ്പെടുത്തി. ബംഗളുരുവിലെ ബി.ജെ.പി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി അംഗമാണ് നായിക് എന്നാണ് ചൈത്ര പറഞ്ഞത്. സീറ്റ് ഉറപ്പാണെന്ന് വ്യക്തമാക്കിയതോടെ ഗോവിന്ദ ബാബു പൂജാരി മൂന്ന് കോടി രൂപ കൈമാറി. 2022 ഒക്ടോബര്‍ 29നായിരുന്നു ഇത്. മാര്‍ച്ച് 8 ന് വിശ്വനാഥ് ജി ശ്വാസ തടസം മൂലം മരിച്ചതായി ചൈത്ര ഗോവിന്ദ ബാബു പൂജാരിയെ ധരിപ്പിക്കുകയായിരുന്നു. ഇതോടെയാണ് വിശ്വനാഥ് ജിയെക്കുറിച്ച് ഗോവിന്ദ ബാബു പൂജാരി അന്വേഷിച്ചത്. ഇതോടെയാണ് ഇങ്ങനെയൊരു വ്യക്തിയില്ലെന്ന് ഗോവിന്ദ ബാബു പൂജാരിക്ക് വ്യക്തമാവുന്നത്. പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് ചൈത്രയുടെ നേതൃത്വത്തില്‍ നടന്ന വന്‍ തട്ടിപ്പും ആള്‍ മാറാട്ടത്തിലുമാണ് പണം നഷ്ടമായതെന്ന് വ്യക്തമായത്. ഇതോടെ ഗോവിന്ദ ബാബു പൂജാരി പൊലീസ് സഹായം തേടുകയായിരുന്നു.
അറിയപ്പെടുന്ന ഇസ്ലാമോഫോബിക്
കർണാടകയിലെ ഉഡുപ്പി ജില്ലയിലെ തീരദേശ നഗരമായ കുന്ദാപൂരിൽ ജനിച്ച ചൈത്ര പ്രാഥമിക വിദ്യാഭ്യാസം കഴിഞ്ഞ് കുന്താപുര മംഗലാപുരം സർവ്വകലാശാലയിൽ ജേർണലിസം പഠിച്ചു. തുടർന്ന് ഇവർ സമയ ന്യൂസ്, സ്പന്ദന ടിവി തുടങ്ങിയ പ്രാദേശിക വാർത്താ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു. ബജ്‌റംഗ്ദൾ, വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്‌പി) തുടങ്ങിയ ഹുന്ദുത്വ തീവ്രവാദ സംഘങ്ങൾ സംഘടിപ്പിക്കുന്ന പരിപാടികളിൽ ന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ട് നിരവധി വിദ്വേഷ പ്രസംഗങ്ങൾ അവർ നടത്തിയിട്ടുണ്ട്.
2014ലും 2015ലും ദുരൂഹസാഹചര്യത്തിൽ കൊല്ലപ്പെട്ട ബൈന്ദൂരിലെ പി.യു കോളജിലെ വിദ്യാർത്ഥിനികളായ രത്‌ന കോത്താരി, അക്ഷത ദേവാഡിഗ എന്നിവർക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് 2015ൽ നടത്തിയ പ്രക്ഷോഭത്തിന് നേതൃത്വം നൽകിയാണ് ചൈത്ര എ.ബി.വി.പിയിൽ ശ്രദ്ധേയയായത്. 2018 ൽ, ഹിന്ദു ജാഗരണ വേദികെ താലൂക്ക് സെക്രട്ടറി ഗുരുപ്രസാദ് പഞ്ചയെ അക്രമിച്ചതിന് ഇവർ അറസ്റ്റിലായിട്ടുണ്ട്.
പ്രകോപന പ്രസംഗങ്ങൾ
2021 ഒക്ടോബറിൽ, മംഗളൂരുവിലെ സൂറത്ത്കലിൽ നടന്ന ബജ്‌റംഗ്ദളിന്റെയും ദുർഗാവാഹിനിയുടെയും പരിപാടിയിൽ ‘വിദ്വേഷ പ്രസംഗം’ നടത്തിയതിന് കുന്താപുരയ്‌ക്കെതിരെ മംഗളൂരു പോലീസ് കേസെടുത്തിരുന്നു. തന്റെ പ്രസംഗത്തിൽ, "ലൗ ജിഹാദ് നിർത്താൻ" മുസ്ലീങ്ങൾക്ക് മുന്നറിയിപ്പ് നൽകിയ അവർ "അവർ 'ലൗ ജിഹാദ്' തുടരുകയാണെങ്കിൽ, ബജ്റംഗ്ദൾ പ്രവർത്തകർ അവരുടെ സമുദായത്തിലെ സ്ത്രീകളോടും അത് ചെയ്യാൻ തുടങ്ങുമെന്നും പറഞ്ഞു. മുസ്ലീം സ്ത്രീകളെ അവരുടെ വീട്ടിൽ നിന്ന് ഇറക്കി അവരുടെ ബുർഖകൾ അഴിച്ചുമാറ്റി കുങ്കുമം പുരട്ടുമെന്നും അവർ അന്ന് പറഞ്ഞു.
ഇതിനിടെ ലവ് ജിഹാദിനെക്കുറിച്ചുള്ള പുസ്തകവും ചൈത്ര രചിച്ചു. മുസ്ലീം പുരുഷന്മാർ നിർബന്ധിത മതപരിവർത്തനത്തിലൂടെ ഹിന്ദു, ക്രിസ്ത്യൻ സ്ത്രീകളെ 'കുടുക്കുന്നു' എന്ന വലതുപക്ഷ ആഖ്യാനത്തെ ശക്തിപ്പെടുത്തുന്ന ‘പ്രേമ പാഷ’ (ലവ് ലൂപ്പ്) എന്ന പേരിലാണ് ലവ് ജിഹാദിനെക്കുറിച്ച് പുസ്തകം എഴുതിയത്. മേയിൽ നടന്ന കർണാടക നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഇവർ വടക്കൻ കർണാടകയിൽ ബി.ജെ.പിക്ക് വേണ്ടി പ്രചാരണം നടത്തിയിരുന്നു.
ചോദ്യംചെയ്യലിനിടെ കുഴഞ്ഞുവീഴൽ നാടകം
തട്ടിപ്പ് കേസിൽ പിടിയിലായ ചൈത്ര പൊലീസ് ചോദ്യംചെയ്യലിനിടെ കുഴഞ്ഞുവീണിരുന്നു. അബോധാവസ്ഥയിലായ ഇവരെ ബംഗളൂരു വിക്ടോറിയ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. വെള്ളിയാഴ്ച രാവിലെ ബംഗളൂരു സി.സി.ബി. ഓഫീസില്‍ ചോദ്യംചെയ്യുന്നതിനിടെയാണ് അപസ്മാരത്തിന്റെ ലക്ഷണങ്ങളോടെ ചൈത്ര കുഴഞ്ഞുവീണത്. ഉടന്‍ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇതോടെ ചോദ്യംചെയ്യല്‍ മുടങ്ങി.
തട്ടിപ്പില്‍ ഉള്‍പ്പെട്ട ഹിരേഹഡഗള്ളി മഠം മഠാധിപതി അഭിനവ ഹലശ്രീസ്വാമിയെ അറസ്റ്റുചെയ്യാന്‍ പോലീസ് ശ്രമം തുടരുകയാണ്. ഇദ്ദേഹം മുന്‍കൂര്‍ജാമ്യത്തിന് ഹൈക്കോടതിയെ സമീപിച്ചുണ്ട്. കേസില്‍ മൂന്നാം പ്രതിയാണ് അഭിനവ ഹലശ്രീസ്വാമി. കേസില്‍ പ്രമുഖരുടെ പേരുകള്‍ പുറത്തുവരുമെന്ന് നേരത്തേ സി.സി.ബി ഓഫീസില്‍ ചോദ്യംചെയ്യാന്‍ കൊണ്ടുവന്നപ്പോള്‍ ചൈത്ര പറഞ്ഞത് വലിയ ചര്‍ച്ചയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.