ട്വന്റി 20 ക്രിക്കറ്റിലെ കൂറ്റനടിക്കാരെ കുറിച്ച് ചോദിച്ചാൽ പല ഉത്തരങ്ങളുണ്ടാകും. എന്നാൽ, എല്ലാവരുടെയും പട്ടികയിൽ ആദ്യം വരുന്ന പേരുകളായിരിക്കും വെസ്റ്റിൻഡീസിന്റെ ക്രിസ് ഗെയിലിന്റേതും കീറൺ പൊള്ളാർഡിന്റേതും ഇന്ത്യയുടെ യുവരാജ് സിങ്ങിന്റേതുമെല്ലാം.
ഒരോവറിൽ ആറ് സിക്സടിച്ച് ക്രിക്കറ്റ് ലോകത്തെ വിസ്മയിപ്പിച്ചവരാണ് പൊള്ളാർഡും യുവരാജും. നേപ്പാളിന്റെ ദിപേന്ദ്ര സിങ് ഐരീ ആയിരുന്നു ഈ നേട്ടത്തിലെത്തിയ മൂന്നാമൻ. ഈ പട്ടികയിലേക്ക് മറ്റൊരാൾ കൂടി എത്തിയിരിക്കുന്നുവെന്ന് മാത്രമല്ല ആർക്കും തകർക്കാനാവില്ലെന്ന് കരുതിയ ഇവരുടെ റൺ റെക്കോഡ് മറികടന്നിരിക്കുകയുമാണ് ഇപ്പോഴൊരു ബാറ്റർ. ട്വന്റി 20 ലോകകപ്പ് കിഴക്കൻ ഏഷ്യ-പസഫിക് മേഖല യോഗ്യത പോരാട്ടത്തിൽ സമോവയും വന്വാതുവും തമ്മിലുള്ള മത്സരത്തിലാണ് അതുല്യ റെക്കോഡ് പിറന്നത്. 28കാരനായ ദാരിയസ് വിസ്സർ ആണ് ഒരോവറിൽ 39 റൺസ് അടിച്ചുകൂട്ടിയത്.
നളിൻ നിപികൊ എറിഞ്ഞ 15ാം ഓവറിലാണ് റെക്കോഡിന്റെ പിറവി. മൂന്ന് നോബാളുകൾ പിറന്ന ഓവറിൽ ആറ് സിക്സറുകളാണ് വിസ്സർ അടിച്ചെടുത്തത്. ആദ്യ മൂന്ന് പന്തുകളും ഡീപ് മിഡ്‍വിക്കറ്റിലൂടെ സിക്സറിലേക്ക് പറത്തിയാണ് വിസ്സർ തുടങ്ങിയത്. അടുത്ത പന്ത് എക്സ്ട്രാ കവറിലേക്ക് അടിച്ചെങ്കിലും റൺസ് നേടാനായില്ല. എന്നാൽ, എറിയുമ്പോൾ ലൈൻ കടന്നതിന് അമ്പയർ നോബാൾ വിളിച്ചിരുന്നു. തുടർന്ന് ലഭിച്ച ഫ്രീഹീറ്റും വിസ്സർ ഡീപ് സ്ക്വയർ ലെഗിലൂടെ നിലംതൊടാതെ അതിർത്തി കടത്തി. എന്നാൽ, അഞ്ചാം പന്തിൽ വിസ്സർക്ക് റൺസൊന്നും നേടാനായില്ല. എന്നാൽ, ഇതിന് ശേഷമെറിഞ്ഞ രണ്ട പന്തുകളും നോബാളായി. ആദ്യത്തേതിൽ റൺസ് നേടാനായില്ലെങ്കിലും രണ്ടാമത്തേത് വിസ്സർ സിക്സടിച്ചു. തുടർന്ന് ലഭിച്ച ഫ്രീ ഹിറ്റും അതിർത്തിക്കപ്പുറത്തേക്ക് ഉയർന്ന് പറന്നതോടെ ആറ് സിക്സും മൂന്ന് നോബാളുമടക്കം പിറന്നത് 39 റൺസ്.
62 പന്തിൽ 14 സിക്സറുകളടക്കം 132 റൺസാണ് വിസ്സറുടെ ബാറ്റിൽനിന്ന് പിറന്നത്. ട്വന്റി 20 ക്രിക്കറ്റിൽ സമോവക്കായി സെഞ്ച്വറി നേടുന്ന ആദ്യ താരമെന്ന നേട്ടവും വിസ്സർ സ്വന്തമാക്കി. നിശ്ചിത ഓവറിൽ സമോവ 174 റൺസാണ് നേടിയത്. ടീം ടോട്ടലിന്റെ 75.86 ശതമാനവും നേടിയ വിസ്സർ ഇക്കാര്യത്തിൽ ആസ്ട്രേലിയൻ താരം ആരോൺ ഫിഞ്ചിനെ മറികടക്കുകയും ചെയ്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ വന്വാതു പൊരുതിയെങ്കിലും ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 164 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.