ഇംഗ്ലണ്ടിലിത് സമ്മർ സീസണാണ്. സമ്മർ എന്നത് പേരിൽ മാത്രമേയുള്ളൂ, കുറച്ചുകാലമായി വേനൽക്കാലത്തും ശക്തമായ മഴയാണ്. 2017 ചാമ്പ്യൻസ് ട്രോഫി, 2019 ക്രിക്കറ്റ് ലോകകപ്പ്, 2021 ടെസ്റ്റ് ചാമ്പ്യൻഷിപ് ഫൈനൽ എന്നിവയെയെല്ലാം മഴ മുക്കിയിരുന്നു.
ഇതിലുള്ള സങ്കടത്താൽ ഇംഗ്ലണ്ടിന്റെ മുൻ സൂപ്പർ താരം കെവിൻ പീറ്റേഴ്സൺ മേലിൽ ഇംഗ്ലണ്ടിനെ പ്രധാന മത്സരങ്ങൾക്ക് വേദിയാക്കരുതെന്ന് പറഞ്ഞിരുന്നു. ഇക്കുറി നാലാം ടെസ്റ്റിൽ മാഞ്ചസ്റ്ററിൽ പെയ്ത മഴ ഇംഗ്ലീഷുകാരെ ശരിക്കും പൊള്ളിച്ചു.
മത്സരം സമനിലയായതോടെ ഇംഗ്ലണ്ടിന് നഷ്ടമായത് ക്രിക്കറ്റിലെ ഏറ്റവും പൈതൃകമുള്ള ട്രോഫിയാണ്. ആഷസ് ഓസീസിന്റെ പേരിലും പരമ്പര സമനിലയിലും കലാശിച്ചെങ്കിലും ഇവിടെ ജയിച്ചത് ക്രിക്കറ്റാണ്. ഉദ്വേഗം, ശാന്തത, ഹീറോയിസം, വില്ലനിസം, അതിജീവനം തുടങ്ങിയവയെല്ലാം ഒരു സിനിമപോലെ പരമ്പരയിൽ സമ്മേളിച്ചു.
ഇന്ത്യ×വെസ്റ്റിൻഡീസ്, ശ്രീലങ്ക×പാകിസ്താൻ ടെസ്റ്റ് പരമ്പരകൾ ശ്മശാനമൂകമായ ഗാലറികൾക്കു മുന്നിൽ അരങ്ങേറുമ്പോഴാണ് ഇംഗ്ലണ്ടിലെ ഗാലറികൾ നിറഞ്ഞുകവിഞ്ഞത്. അഞ്ചു ടെസ്റ്റുകളെയും ഇത്രയും ആഘോഷമാക്കിയത് ടീമിലെ പന്ത്രണ്ടാമനെപ്പോൽ പ്രവർത്തിച്ച കാണികളാണ്. അവധി ദിവസങ്ങളല്ലാത്തപ്പോഴും മണിക്കൂറുകൾ നീണ്ട മത്സരം കാണാൻ ഗാലറികൾ നിറഞ്ഞത് ടെസ്റ്റ് ക്രിക്കറ്റിനാകെയും ഓക്സിജൻ നൽകുന്നു. ഇഞ്ചോടിഞ്ചിൽ ഒരിഞ്ചും വിട്ടുകൊടുക്കാതെ പൊരുതിയ രണ്ടു ടീമുകൾക്കുമാണ് ഇതിന്റെ ഫുൾ ക്രെഡിറ്റ്.
ഇംഗ്ലണ്ട്, ആസ്ട്രേലിയ വൈരം ക്രിക്കറ്റിനോളം പഴക്കമുള്ളതാണ്. പക്ഷേ ഇംഗ്ലീഷ് വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ജോണി ബെയർസ്റ്റോയെ ഓസീസ് കീപ്പർ അലക്സ് ക്യാരി സ്റ്റംപ് ചെയ്ത രീതി ഈ വൈരത്തെ പുതിയ തലത്തിലേക്ക് എത്തിച്ചു. ക്രിക്കറ്റ് നിയമാവലി എടുത്ത് ഓസീസ് ക്യാപ്റ്റൻ കമ്മിൻസ് ഇതിനെ ന്യായീകരിച്ചപ്പോൾ ധാർമിക പുസ്തകമെടുത്ത് ഇംഗ്ലീഷ് ക്യാപ്റ്റൻ ബെൻസ്റ്റോക്സ് പൊട്ടിത്തെറിച്ചു. തുടർന്ന് ക്രിക്കറ്റിന്റെ വിശുദ്ധഭൂമിയായ ലോർഡ്സിലെ ലോങ് റൂമിൽവെച്ച് ഓസീസ് താരങ്ങൾക്കെതിരെ എം.സി.സി അംഗങ്ങൾ മോശമായി പെരുമാറിയത് മാന്യൻമാരുടെ കളിക്ക് പേരുദോഷമായി. വിവാദം ഗ്രൗണ്ടിനപ്പുറത്തേക്കും പടർന്നതോടെ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകും ആസ്ട്രേലിയൻ പ്രധാനമന്ത്രി ആൽബനീസും വരെ വിവാദത്തിൽ പക്ഷംചേർന്നു. പരിഹാസങ്ങളും വാഗ്വാദങ്ങളുമായി ഇരു രാജ്യങ്ങളിലെ മാധ്യമങ്ങളും വിവാദങ്ങൾക്ക് കൊഴുപ്പേകി.
ബ്രണ്ടൻ മക്കല്ലം കോച്ചായി വന്നതുമുതൽ തുടങ്ങിയ ആക്രമണോത്സുക ശൈലിയുടെ (ബാസ്ബാൾ) ഉരക്കല്ലായായിരുന്നു ആഷസിനെ വിലയിരുത്തിയിരുന്നത്. കാരണം ഓസീസ് ബൗളിങ്ങിന്റെ മൂർച്ചതന്നെ. പരമ്പരയിലെ ആദ്യ പന്തിനെ ബൗണ്ടറി കടത്തിയാണ് ഇംഗ്ലണ്ട് നയം വ്യക്തമാക്കിയത്. ആദ്യ രണ്ടു ടെസ്റ്റുകളും പരാജയപ്പെട്ടതോടെ ശൈലിക്കെതിരെ വിമർശനമുയർന്നു. പക്ഷേ ശൈലിയിൽ നോ കോംപ്രമൈസ് എന്ന് സ്റ്റോക്സ് തീർത്തുപറഞ്ഞു. തുടർന്നുള്ള മൂന്നു മത്സരങ്ങളിൽ അവരത് തെളിയിക്കുകയും ചെയ്തു. പരമ്പരയിൽ ഇംഗ്ലണ്ടിന്റെ ടോപ് സ്കോററായ സാക് ക്രൗലിയുടെയും ഓസീസ് ടോപ് സ്കോററായ ഉസ്മാൻ ഖ്വാജയുടെയും സ്ട്രൈക്റേറ്റ് യഥാക്രമം 88ഉം 39ഉം ആണ്. രണ്ടുശൈലിയും തമ്മിലുള്ള വ്യത്യാസം ഇതിൽനിന്നും വ്യക്തം. മൂന്നാം ടെസ്റ്റ് മുതൽ ക്രിസ് വോക്സിനെയും മാർക് വുഡിനെയും ടീമിലുൾപ്പെടുത്തിയത് ഇംഗ്ലണ്ടിന്റെ ഗതി മാറ്റി. വിശ്വസ്തനായ നഥാൻ ലിയോണിന് പരിക്കേറ്റത് ഓസീസിന് വലിയ തിരിച്ചടിയുമായി.
ആഷസിൽ മുത്തമിടാനായില്ലെങ്കിലും മികച്ച വിജയവുമായി പടിയിറങ്ങാനായതിന്റെ ആശ്വാസത്തിലാണ് സ്റ്റുവർട് ബ്രോഡും ടീമംഗങ്ങളും. വിജയത്തിലേക്കുള്ള അവസാന രണ്ടു വിക്കറ്റുകളും വീഴ്ത്തിയ ബ്രോഡ് കരിയറിൽ താൻ അവസാനം നേരിട്ട പന്ത് സിക്സറിനും പറത്തിയിരുന്നു. ഒരോവറിൽ ആറ് പന്തും സിക്സർ വഴങ്ങി യുവരാജ് സിങ്ങിനു മുന്നിൽ മുഖം ചുവന്നുനിന്ന ബ്രോഡ് 604 ടെസ്റ്റ് വിക്കറ്റുകളുമായാണ് കളം വിടുന്നത്. അതിലേക്ക് അയാൾ നടന്ന ദൂരങ്ങൾ ആരെയും പ്രചോദിപ്പിക്കുന്നതാണ്. ടെസ്റ്റ് ക്രിക്കറ്റിൽനിന്ന് നേരത്തേ വിരമിച്ച മുഈൻ അലി പ്രത്യേക സാഹചര്യത്തിൽ ടീമിലെത്തുകയായിരുന്നു. തന്റെ ജോലി വൃത്തിക്ക് ചെയ്ത അലിയും മറ്റൊരു പരമ്പരക്ക് ഇനിയുണ്ടാകില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.