ദുബൈ: ഇന്ത്യ-ആസ്ട്രേലിയ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ് ഫൈനലിന് ലണ്ടനിലെ ഓവലിൽ ആവേശകരമായ പരിസമാപ്തി കുറിച്ചപ്പോൾ കേരളത്തിന് അഭിമാനം. കളിയുടെ ഇടവേളകളിൽ കാണികളിൽ ആവേശമുയർത്തി ബിഗ്സ്ക്രീനിൽ ഇടക്കിടെ മിന്നിമറയുന്ന ഐ.സി.സിയുടെ ഒഫീഷ്യൽ ലോഗോ ഐഡന്റിന് പിന്നിലൊരു മലയാളി കരസ്പർശമുണ്ട്. ദുബൈയിൽ ഗ്രാഫിക്സ് ആർട്ടിസ്റ്റായ ഷാലു അബ്ദുൽ ജബ്ബാറിന്റെ ആശയത്തിൽനിന്ന് വിരിഞ്ഞതാണ് ഐ.സി.സിയുടെ ഒഫീഷ്യൽ ലോഗോ ഐഡന്റ്. ഇന്ത്യ-ആസ്ട്രേലിയ മത്സരങ്ങളുടെ എല്ലാ ആവേശവും ഉൾക്കൊള്ളുന്ന രീതിയിലായിരുന്നു ഐഡന്റിന്റെ രൂപകൽപന.
കളിയുടെ ഇടവേളകളിൽ കാണികളിൽ ആവേശംചോരാതെ നിലനിർത്തുന്നത് ബിഗ് സ്ക്രീനിൽ ഇടക്കിടെ വന്നുപോകുന്ന 30 സെക്കൻഡ് ദൈർഘ്യമുള്ള ഗ്രാഫിക്സ് ഐഡന്റിലൂടെയാണ്. ദുബൈയിലെ 9ടി സ്റ്റുഡിയോയുമായി സഹകരിച്ചായിരുന്നു ഐഡന്റിന്റെ ഗ്രാഫിക്സ് ജോലികൾ ഷാലു പൂർത്തീകരിച്ചത്. ഐ.സി.സി വനിത ട്വന്റി20 ലോകകപ്പിനായി ഐഡന്റ് ഒരുക്കിയതും ഷാലുവിന്റെ നേതൃത്വത്തിലായിരുന്നു. ഇതിന്റെ മികവ് തിരിച്ചറിഞ്ഞാണ് ടെസ്റ്റ് ലോകകപ്പിന്റെ ഒഫീഷ്യൽ ലോഗോ ഐഡന്റ് രൂപകൽപനയും തേടിയെത്തിയത്.
ഒരു ബാൾ എങ്ങനെ പിറവിയെടുക്കുന്നുവെന്നതായിരുന്നു ആശയം. സ്വർണക്കപ്പിന്റെ നിറത്തിൽ ക്രിക്കറ്റ് ബാളിൽ സീവുകൾ തുന്നിച്ചേർക്കുന്ന രീതിയിലായിരുന്നു ഐഡന്റ് ഒരുക്കിയത്. ഐ.സി.സിയെ കൂടാതെ മറ്റ് അനേകം കമ്പനികൾക്കായും ഷാലു ഐഡന്റുകൾ ഒരുക്കിയിട്ടുണ്ട്.
ലബനീസ് പോപ് ഗായിക മായ ദിയാബിന്റെ മ്യൂസിക് ആൽബത്തിന്റെ എഡിറ്റിങ് ടീമിലും ഇദ്ദേഹത്തിന്റെ നിറസാന്നിധ്യമുണ്ടായിരുന്നു. തിരുവനന്തപുരം നെയ്യാർ ഡാം സ്വദേശിയായ ഇദ്ദേഹം 12 വർഷമായി ഈ രംഗത്ത് സജീവമാണ്. ഫൈൻ ആർട്സ് ബിരുദധാരിയായ ഷാലു നാലുവർഷമായി ദുബൈയിലാണ് താമസം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.