ഇംഗ്ലണ്ടില്‍ തലമാറുംകാലം

ലണ്ടന്‍: ആനമെലിഞ്ഞെന്നു കരുതി തൊഴുത്തില്‍ കെട്ടാനാകുമോ. ചെല്‍സിക്കു വേണ്ടെങ്കില്‍ അതുക്കും മേലെയുള്ളത്, മാഞ്ചസ്റ്റര്‍ യുനൈറ്റഡ്. സ്റ്റാംഫോഡ് ബ്രിഡ്ജില്‍ നിന്നും പുറത്താക്കപ്പെട്ട ഹൊസെ മൗറീന്യോയുടെ കണ്ണ് ഓള്‍ഡ്ട്രഫോഡിലേക്കാണെന്നാണ് ലണ്ടനില്‍ ഇപ്പോഴത്തെ ഫുട്ബാള്‍ വര്‍ത്തമാനം. മൗറീന്യോയും യുനൈറ്റഡും തമ്മിലുള്ള ചര്‍ച്ചയും ആരംഭിച്ചുകഴിഞ്ഞു.
യുനൈറ്റഡിനും ഇപ്പോഴത്തെ നില ആശ്വസിക്കാനുള്ള വകയല്ല. സര്‍വപ്രതാപിയായിരുന്ന ഫെര്‍ഗൂസന്‍െറ വിടവ് നികത്താന്‍ ലൂയി വാന്‍ഗാലിനും കഴിയാത്തതോടെ ടീം ക്ഷീണത്തിലാണ്. അവസാന മത്സരത്തില്‍ ദുര്‍ബലരായ നോര്‍വിച്ച് സിറ്റിയോടുവരെ തോറ്റു. വാന്‍ഗാലിനെക്കൊണ്ട് പ്രത്യേകിച്ച് കാര്യമൊന്നുമില്ളെന്ന് മാനേജ്മെന്‍റിനും മനസ്സിലായി. കഴിഞ്ഞ ആറെണ്ണത്തില്‍ ഒന്നുപോലും യുനൈറ്റഡിന് ജയിക്കാനായിട്ടില്ല. ചാമ്പ്യന്‍സ് ലീഗ് നോക്കൗട്ട് കാണാതെ പുറത്താവുകയും ചെയ്തു. ചെല്‍സിയില്‍നിന്ന് ഇറക്കിവിട്ടത് മൗറീന്യോയുടെ ഇമേജിന് കോട്ടം വരുത്തിയിട്ടുണ്ട്. പുറത്താക്കി, തൊട്ടടുത്ത മത്സരത്തില്‍ നീലപ്പട നല്ല മാര്‍ജിനില്‍ സണ്ടര്‍ലന്‍ഡിനെ പരാജയപ്പെടുത്തുകയും ചെയ്തതോടെ മൗറീന്യോ വാശിയിലായി. അങ്ങനെയാണ് രായ്ക്കുരാമാനം ആടിക്കളിക്കുന്ന വാന്‍ഗാലിന്‍െറ കസേരയിലേക്ക് കണ്ണുപാഞ്ഞത്.
പുറത്തുപോകുമ്പോള്‍ പോയന്‍റ് പട്ടികയില്‍ 16ാമതാണ് ചെല്‍സിയുടെ സ്ഥാനമെങ്കിലും മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് നല്‍കുന്ന ബയോഡാറ്റയില്‍ അതൊന്നും പ്രശ്നമാകില്ല. പേരുകേട്ടയാളാണ്. ചെല്‍സിയെ മൂന്നു വട്ടം വീതം പ്രീമിയര്‍ ലീഗ്, ലീഗ് കപ്പ് ചാമ്പ്യന്മാരാക്കിയതിന്‍െറയും റയല്‍ മഡ്രിഡിനെ ഒരു സീസണില്‍ ലാ ലിഗ ചാമ്പ്യന്മാരാക്കിയതിന്‍െറയും ഇന്‍റര്‍മിലാനെ രണ്ടു സീസണില്‍ ചാമ്പ്യന്മാരാക്കിയതിന്‍െറയും വമ്പുമായാണ് പാരമ്പര്യപ്രതാപികളായ യുനൈറ്റഡിനെ സമീപിക്കുന്നത്. ഒൗദ്യോഗികമായി ഒന്നും വ്യക്തമാക്കിയിട്ടില്ളെങ്കിലും, വാന്‍ഗലിന്‍െറ കസേരയില്‍ ജനുവരിയില്‍ തന്നെ മൗറീന്യോ ഉണ്ടാകുമെന്നാണ് ഇംഗ്ളീഷ് ടാബ്ളോയ്ഡുകളുടെ വാര്‍ത്തകള്‍.
ഇതിനിടെയാണ് പെപ് ഗ്വാര്‍ഡിയോള കരാര്‍ മതിയാക്കി ബയേണില്‍നിന്ന് മടങ്ങുന്നത്. പകരം ചുമതലയേറ്റെടുത്തത് ഇറ്റാലിയന്‍ കോച്ചായ കാര്‍ലോസ് ആഞ്ചലോട്ടിയാണ്. യുനൈറ്റഡിലേക്കാണ് ഗ്വാര്‍ഡിയോള ചേക്കേറുന്നത് എന്ന് സംസാരമുണ്ടായിരുന്നെങ്കിലും യുനൈറ്റഡിന്‍െറ ചിരവൈരികളായ മാഞ്ചസ്റ്റര്‍ സിറ്റിയിലേക്കാണ് ഗ്വാര്‍ഡിയോള പറക്കുന്നതെന്ന് ഏറക്കുറെ തീരുമാനമായിട്ടുണ്ട്. അങ്ങനെയെങ്കില്‍ ഈ സീസണും വരും സീസണും ഇംഗ്ളീഷ് പ്രീമിയര്‍ ലീഗില്‍ പൊടിപാറും. മൗറീന്യോയും ഗ്വാര്‍ഡിയോളയും ഹിഡിങ്കും വെങ്ങറും തമ്മിലുള്ള അങ്കം ഫുട്ബാള്‍പ്രേമികള്‍ക്ക് മറക്കാനാകാത്ത അനുഭവങ്ങള്‍ സമ്മാനിച്ചേക്കും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.