ചെല്‍സി എന്ന മുങ്ങും കപ്പല്‍

ലണ്ടന്‍: ചുഴിയും അടിയൊഴുക്കും നിറഞ്ഞ പുഴയുടെ നടുക്കയത്തില്‍ ഒറ്റപ്പെട്ടവന്‍െറ അവസ്ഥ എന്താവും. മരണം മുന്നില്‍കാണവെ കൈകാലിട്ടടിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കുന്തോറും ആഴങ്ങളിലേക്ക് പതിക്കുന്നു. ഇങ്ങനെയൊരു ദുരിതക്കയത്തിലാണ് ഇംഗ്ളീഷ് ചാമ്പ്യന്‍ ടീം ചെല്‍സിയെന്ന് പറഞ്ഞാല്‍ ഒട്ടും അതിശയോക്തിയാവില്ല. ഓരോ കളിയിലും നീലപ്പട തിരിച്ചുവരുമെന്ന് മോഹിച്ച് മൗറീന്യോക്കും ടീമിനും പിന്നാലെ പായുന്ന ആരാധകരും നിരാശയുടെ നിലയില്ലാകയത്തിലേക്ക് പതിച്ചിരിക്കുന്നു. പ്രീമിയര്‍ ലീഗിലെ അവസാന മത്സരത്തില്‍ സ്റ്റോക് സിറ്റിയോടും എതിരില്ലാത്ത ഒരു ഗോളിന് തോറ്റതോടെ അവസാന അഞ്ചിലൊരാളായി ചെല്‍സി മാറി.

യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ഡൈനാമോ കിയവിനെതിരെ വിജയം നേടി പ്രീമിയര്‍ ലീഗിലെ 12ാം പോരാട്ടത്തിനിറങ്ങിയപ്പോഴായിരുന്നു നീലപ്പടയുടെ ഒരു ഗോള്‍ തോല്‍വി. സ്റ്റോക് സിറ്റിയുടെ ഹോം ഗ്രൗണ്ടായ ബ്രിടാനിയ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഡീഗോ കോസ്റ്റയും റമിറസും ഹസാഡും വില്യനും അടക്കമുള്ള മുന്‍നിര താരങ്ങളെല്ലാം അണിനിരന്നിട്ടും രണ്ടാം പകുതിയില്‍ വഴങ്ങിയ ഗോളിലൂടെ ചെല്‍സി സീസണിലെ ഏഴാം തോല്‍വി വഴങ്ങി. 53ാം മിനിറ്റില്‍ മാര്‍ക് അര്‍നോടോവിച്ചിന്‍െറ ഗോളിലൂടെയായിരുന്നു കളം കൈയ്യടക്കിയ ചെല്‍സി തകര്‍ന്നത്. ഇതോടെ, 12 കളിയില്‍ മൂന്ന് ജയവും രണ്ട് സമനിലയും ഏഴ് തോല്‍വിയുമുള്ള ചെല്‍സി 13 പോയന്‍റുമായി 16ാം സ്ഥാനത്തേക്ക് കൂപ്പുകുത്തി. പ്രീമിയര്‍ ലീഗില്‍ തരംതാഴ്ത്തല്‍ ഭീഷണിയിലുള്ള ടീമുമായി മൂന്ന് പോയന്‍റിന്‍െറമാത്രം വ്യത്യാസം.
 



വെസ്റ്റ്ഹാമിനെതിരായ മത്സരത്തിനിടയില്‍ മാച്ച് ഒഫീഷ്യലുമായുണ്ടായ പ്രശ്നം കാരണം സ്റ്റേഡിയം വിലക്ക് നേരിട്ട മൗറീന്യോയുടെ സാന്നിധ്യമില്ലാതെയായിരുന്നു ചെല്‍സി സ്റ്റോക് സിറ്റിയോട് തോറ്റത്. പെഡ്രോയും റമിറസും ചേര്‍ന്ന് മികച്ച അവസരങ്ങള്‍ തുറന്നെങ്കിലും ഗോളാക്കിമാറ്റാന്‍ ആത്മവിശ്വാസം നഷ്ടമായ നീലപ്പടക്കും കഴിഞ്ഞില്ല.തുടര്‍തോല്‍വികള്‍ക്കിടെ കോച്ച് മൗറീന്യോയുടെ സ്ഥാന ചലനവും ഏതാണ്ടുറപ്പായി. പ്രധാന താരങ്ങളായ എഡന്‍ ഹസാഡ്, ഒസ്കര്‍, നെമാഞ്ച മാറ്റിച് എന്നിവരുമായി കോച്ചിന്‍െറ ബന്ധവും വഷളായതായാണ് റിപ്പോര്‍ട്ട്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.