ലോകത്തിനൊപ്പമെത്താന്‍ ഇന്ത്യക്ക് ഇനിയെത്ര കാലം..?

ഉസൈന്‍ ബോള്‍ട്ട് 100 മീറ്ററില്‍ കുറിച്ച 9.58 എന്ന അതിവേഗത്തിന്‍െറ റെക്കോഡ് ഒരിന്ത്യക്കാരന്‍ എന്നാവും മറികടക്കുക? ഏതെങ്കിലുമൊരു ഇന്ത്യക്കാരന്‍ ചിലപ്പോള്‍ ആ വേഗം മറികടക്കുന്നതിനെക്കുറിച്ച് ഒന്നാലോചിച്ചുനോക്കൂ. അപ്പോഴേക്കും 70 വര്‍ഷം കഴിഞ്ഞുപോയിട്ടുണ്ടാവും. അപ്പോള്‍ ബോള്‍ട്ടിന്‍െറ റെക്കോഡൊക്കെ തിരുത്തി ലോകം ഏറെ മുന്നോട്ടുപോയിട്ടുമുണ്ടാകും.

100 മീറ്ററില്‍ ഇന്ത്യക്കാരന്‍ കുറിച്ച അതിവേഗം 10.26 ആണ്. ഒഡിഷക്കാരനായ അമിയകുമാര്‍ മല്ലിക് ഈ വര്‍ഷം ഏപ്രില്‍ 28ന് ന്യൂഡല്‍ഹിയില്‍ നടന്ന ദേശീയ ഫെഡറേഷന്‍ കപ്പ് അത്ലറ്റിക് മീറ്റില്‍ ഈ വേഗം കുറിക്കുമ്പോള്‍ ചരിത്രത്തില്‍ കഴിഞ്ഞുപോയത് 70 വര്‍ഷമായിരുന്നു. 1936ല്‍ ഷികാഗോ ഒളിമ്പിക്സില്‍ ജെസി ഓവന്‍സ് 100 മീറ്റര്‍ മറികടന്ന് അന്നത്തെ ലോക റെക്കോഡ് കുറിച്ചത് 10.2 സെക്കന്‍ഡ് വേഗത്തിലായിരുന്നു. സാക്ഷാല്‍ ഹിറ്റ്ലറെ സാക്ഷിയാക്കി കറുത്തവനായ ജെസി ഓവന്‍സ് റെക്കോഡ് കുറിക്കുമ്പോള്‍ അമിയ കുമാറിന്‍െറ പിതാവുപോലും ജനിച്ചിരിക്കാനിടയില്ല. അന്ന് ഓവന്‍സ് കുറിച്ച ആ വേഗം മറ്റാരും മറികടക്കാനിടയില്ളെന്ന് ലോകം കരുതിയതാണ്.

പക്ഷേ, പലകുറി ആ റെക്കോഡ് തിരുത്തപ്പെട്ടു. വില്ലി വില്യംസും ആര്‍മിന്‍ ഹാരിയും കാള്‍ ലൂയിസും ഡോണോവാന്‍ ബെയ്ലിയും അസഫ പവലും കഴിഞ്ഞ് 9.58 എന്ന മാന്ത്രിക വേഗത്തില്‍ തൊട്ട് ഉസൈന്‍ ബോള്‍ട്ട് ഇടിമിന്നലായി നില്‍ക്കെ ഈ റെക്കോഡും തിരുത്തപ്പെടാമെന്നുതന്നെ കായികലോകം വിശ്വസിക്കുന്നു.

ലോക കായിക ഭൂപടത്തില്‍ ഇന്ത്യയുടെ അവസ്ഥകൂടി രസകരമായ ഈ താരതമ്യം സൂചിപ്പിക്കുന്നു. ലോകത്തിനൊപ്പം ഓടിയത്തൊന്‍ കഴിയാതെ 70 വര്‍ഷം പിന്നില്‍ ഇന്ത്യ നില്‍ക്കുന്നു. 53 ലക്ഷം മാത്രം ജനസംഖ്യയുള്ള നോര്‍വേ പോലും 56 ഒളിമ്പിക് സ്വര്‍ണം നേടിയപ്പോള്‍ ഇന്ത്യയുടെ ആകെ സുവര്‍ണ നേട്ടം ഒമ്പതില്‍ ഒതുങ്ങി. അതില്‍ എട്ടും ഹോക്കിയിലൂടെ നേടിയത്. ഹോക്കിയുടെ പ്രതാപം പാശ്ചാത്യ രാജ്യങ്ങള്‍ കരസ്ഥമാക്കിയപ്പോള്‍ അതും കൈവിട്ടുപോയി. പിന്നീട് 2008ല്‍ ബെയ്ജിങ് ഒളിമ്പിക്സില്‍ അഭിനവ് ബിന്ദ്ര വെടിവെച്ചിടുന്നതുവരെ സ്വര്‍ണമെഡലില്‍ വരള്‍ച്ച തന്നെയായിരുന്നു ഇന്ത്യക്ക്.

പട്ടിണിരാജ്യമായ ഇത്യോപ്യ പോലും 21 സ്വര്‍ണം സ്വന്തമാക്കിയപ്പോഴാണ് 125 കോടി ജനങ്ങളുള്ള രാജ്യം വെങ്കല മെഡല്‍പോലും അദ്ഭുതമായി കാണുന്നത്. 1500 മീറ്റര്‍ പുരുഷ വിഭാഗത്തില്‍ ലോക റെക്കോഡ് മൊറോക്കോക്കാരനായ ഹിഷാം അല്‍ ഗുറൂജിന്‍െറ പേരിലാണ്. 3:26:00 എന്ന വേഗത്തിലാണ് ഗുറൂജ് റെക്കോഡ് സ്വന്തമാക്കിയത്. ഈയിനത്തില്‍ ഇന്ത്യയുടെ റെക്കോഡ് 1995ല്‍ ഡല്‍ഹിയുടെ ബഹാദൂര്‍ പ്രസാദിന്‍െറ പേരിലുള്ള 3:38.00ന്‍േറതാണ്. 1958ല്‍ ആസ്ട്രേലിയയുടെ സ്റ്റാനിസ്ലാവ് ജുങ്വര്‍ത്ത് തിരുത്തിയ റെക്കോഡിനൊപ്പം ഇന്ത്യക്കത്തൊനായത് 37 വര്‍ഷത്തിനു ശേഷമായിരുന്നു. എന്നിട്ടും ആ റെക്കോഡ് ഭേദിക്കാനായില്ല.

2004ല്‍ ഹരിശങ്കര്‍ റോയ് ചാടിയ 2.25 ഉയരമാണ് ഹൈജംപിലെ ഇന്ത്യന്‍ റെക്കോഡ്. 42 വര്‍ഷം മുമ്പ് റഷ്യയുടെ വലേരി ബ്രുമല്‍ ഭേദിച്ച റെക്കോഡിനൊപ്പമത്തൊനേ 2004ല്‍ പോലും ഹരിശങ്കറിനായുള്ളൂ. ക്യൂബയുടെ ജാവിയര്‍ സോട്ടോ മേയര്‍ 1993ല്‍ 2.45 മീറ്റര്‍ ചാടി ഈ ഇനത്തിലെ റെക്കോഡുകാരനായി. ലോങ്ജംപില്‍ 1991ല്‍ അമേരിക്കയുടെ മൈക്ക് പവല്‍ കുറിച്ച 8.95 മീറ്ററിന്‍െറ ലോക റെക്കോഡ് 25 വര്‍ഷമായി ഇളക്കമില്ലാതെ നില്‍ക്കുന്നു. ഈയിനത്തില്‍ തമിഴ്നാട്ടുകാരന്‍ പ്രേംകുമാര്‍ കുറിച്ച 8.09 മീറ്ററാണ് ഇന്ത്യന്‍ റെക്കോഡ്. 1935ല്‍ ജെസി ഓവന്‍സ് താണ്ടിയ 8.13 മീറ്ററിന്‍െറ ഒപ്പം പോലുമത്തൊന്‍ കഴിഞ്ഞിട്ടില്ല.

ജാവലിന്‍ ത്രോയില്‍ ഇന്ത്യക്കാരനായ രജീന്ദര്‍ സിങ് 2015 ദേശീയ ഗെയിംസില്‍ താണ്ടിയ 82.23 എന്ന ദൂരം 1956ല്‍ ലോകം താണ്ടിയ ആ ദൂരത്തിനടുത്തത്തൊന്‍ 59 വര്‍ഷം വേണ്ടിവന്നു. അപ്പോഴേക്കും ചെക് റിപ്പബ്ളിക്കിന്‍െറ ജാന്‍ സെലെസ്നി 98.48 മീറ്റര്‍ എറിഞ്ഞ് തന്‍െറ തന്നെ ലോക റെക്കോഡ് രണ്ടുതവണ തിരുത്തിയിരുന്നു.

ഓരോ ഇനത്തിലും ഇന്ത്യന്‍ പ്രകടനം മുമ്പത്തെക്കാള്‍ ഏറെ മെച്ചപ്പെട്ടിട്ടുണ്ടെങ്കിലും അതിലും ഏറെ മുന്നിലായി ലോക രാജ്യങ്ങള്‍ കുതിക്കുകയാണ്. 70ഉം 80ഉം വര്‍ഷങ്ങള്‍ക്കപ്പുറം ലോകം കുറിച്ച പ്രകടനത്തിനടുത്തത്തൊനേ ഇപ്പോള്‍ പോലും ഇന്ത്യക്കാകുന്നുള്ളൂ.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.