ഈ ആരവങ്ങള്‍ നിലക്കരുത് –ഷബീര്‍ അലി

കോഴിക്കോട്: ‘നിറഞ്ഞുകവിഞ്ഞ മുളഗാലറികള്‍. പന്തുമായി കുതിക്കുന്ന കളിക്കാര്‍ക്ക് നിറഞ്ഞ കൈയടിയും ആര്‍പ്പുവിളിയുമായി പിന്തുണക്കുന്നവര്‍. മൈതാനത്തെ ഒരു പിഴവും അവര്‍ ക്ഷമിക്കില്ല. ഓരോ ടീമിലെയും കളിക്കാരെ പേരെടുത്ത് വിളിക്കാന്‍ മാത്രം ഫുട്ബാളുമായി പരിചയമുണ്ടവര്‍ക്ക്. അന്ന് ഞങ്ങള്‍ കളിക്കാര്‍ക്കും നാഗ്ജി ആവേശമായിരുന്നു. ഒപ്പം പിഴവുകളൊന്നുമുണ്ടാവരുതേയെന്ന പ്രാര്‍ഥനയും’ -കോര്‍പറേഷന്‍ സ്റ്റേഡിയത്തില്‍ ടെലിവിഷനിലൂടെ നാഗ്ജി കളി പറയുന്ന മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും കോച്ചുമായ ഷബീര്‍ അലിക്ക് കോഴിക്കോടിനെയും കേരളത്തെയും കുറിച്ച് പറയാന്‍ നൂറു നാവുകള്‍. കളിക്കാരനും പരിശീലകനുമായി നാഗ്ജി കിരീടമുയര്‍ത്തിയ ഷബീര്‍ അലി 60ാം വയസ്സില്‍ കളിപറച്ചിലുകാരന്‍െറ വേഷത്തിലാണ് ഇക്കുറി ടെലിവിഷന്‍ സംഘത്തിനൊപ്പം കളിമുറ്റത്തത്തെിയത്. 1984ല്‍ മുഹമ്മദന്‍സ് മോഹന്‍ബഗാനെ വീഴ്ത്തി കിരീടമണിയുമ്പോള്‍ ഷറഫലിയായിരുന്നു ടീമിന്‍െറ നട്ടെല്ല്. പിന്നീട്, 1991ല്‍ ഇന്ത്യന്‍ ഇലവനെ വീഴ്ത്തി മുഹമ്മദന്‍സ് വീണ്ടും കിരീടമണിയുമ്പോള്‍ പരിശീലക വേഷത്തില്‍ കുമ്മായവരക്ക് പുറത്തുണ്ടായിരുന്നു ഇന്ത്യകണ്ട ഇതിഹാസകാരനായ ഫുട്ബാളര്‍. എട്ട് വിദേശ ടീമുകളുമായി നാഗ്ജി ചാമ്പ്യന്‍ഷിപ് 21 വര്‍ഷത്തിനു ശേഷം തിരിച്ചത്തെുന്നതില്‍ സന്തോഷം പങ്കുവെച്ച ധ്യാന്‍ചന്ദ് പുരസ്കാര ജേതാവ് കൂടിയായ ഷബീര്‍ അലി ഇന്ത്യന്‍ ഫുട്ബാളിനെക്കുറിച്ചും കേരള ഫുട്ബാളിനെക്കുറിച്ചുമെല്ലാം ‘മാധ്യമ’വുമായി സംസാരിച്ചു.

•നാഗ്ജി ഫുട്ബാള്‍, ടീമുകള്‍, കാണികള്‍?
റൊണാള്‍ഡീന്യോയുടെ വരവും അര്‍ജന്‍റീന അണ്ടര്‍ 23 ഉള്‍പ്പെടെയുള്ള ദേശീയ ടീമുകളുടെ സാന്നിധ്യവുമെല്ലാം ശ്രദ്ധേയമായിരുന്നു. ഇന്ത്യന്‍ ടീമുകളുടെ സാന്നിധ്യം അനിവാര്യമായിരുന്നു. ഐ ലീഗിലെ നാലു ടീമുകളെക്കൂടി ഉള്‍പ്പെടുത്തിയിരുന്നെങ്കില്‍ ടൂര്‍ണമെന്‍റ് കൂടുതല്‍ ജനകീയമാവുമായിരുന്നു. അഖിലേന്ത്യ ഫുട്ബാള്‍ ഫെഡറേഷന്‍ മനസ്സുവെച്ചാല്‍ നടക്കുമായിരുന്നു. ഐ ലീഗിലെ മത്സരങ്ങള്‍ പുന$ക്രമീകരിച്ചിരുന്നെങ്കില്‍ ഏതാനും ഇന്ത്യന്‍ ക്ളബുകള്‍ക്കുകൂടി പങ്കെടുക്കാമായിരുന്നു.മികച്ച മത്സരങ്ങളായിരുന്നു ഇതുവരെ കണ്ടത്. ആദ്യ കളിയില്‍ തോറ്റ ഇംഗ്ളീഷ് ക്ളബ് വാറ്റ്ഫോഡ് രണ്ടാം മത്സരത്തില്‍ സുന്ദരമായ പ്രകടനത്തിലൂടെ തിരിച്ചുവന്നതും കണ്ടതാണ്. എന്നാല്‍, കാണികള്‍ കുറയുമ്പോള്‍ ആരെയും കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. ടെലിവിഷനിലൂടെ എന്നും ലോകനിലവാരത്തിലുള്ള ഫുട്ബാള്‍ മത്സരങ്ങള്‍ അവര്‍ കാണുന്നു. അതേ നിലവാരം തന്നെയാണ് അവര്‍ എവിടെയും പ്രതീക്ഷിക്കുന്നത്. ടൂര്‍ണമെന്‍റ് നിലനിന്നാല്‍ പഴയ ആവേശം തിരിച്ചത്തെും.

•കേരള ഫുട്ബാളിനെക്കുറിച്ച്?
കൊല്‍ക്കത്തയും ഗോവയും പോലെ തന്നെയായിരുന്നു കേരളവും ഇന്ത്യന്‍ ഫുട്ബാളില്‍. ഒട്ടനവധി മികച്ച താരങ്ങളെ സംഭാവന ചെയ്ത നാടാണിത്. പക്ഷേ, ഇന്നത്തെ അവസ്ഥ ദു$ഖകരമാണ്. ഐ ലീഗിലോ രണ്ടാം ഡിവിഷന്‍ ലീഗിലോ കേരളത്തിന്‍െറ ഒരു സാന്നിധ്യവുമില്ല. കേരള ഫുട്ബാള്‍ ഫെഡറേഷനാണ് ഇതിന് ഉത്തരം പറയേണ്ടത്. അവര്‍ മുന്‍കൈയെടുത്താലേ കേരളത്തില്‍നിന്ന് ദേശീയ നിലവാരത്തിലേക്ക് ക്ളബ് ഉയര്‍ന്നുവരൂ. കോടികള്‍ ചെലവഴിച്ച് നാഗ്ജിപോലൊരു ചാമ്പ്യന്‍ഷിപ് സംഘടിപ്പിക്കാന്‍ ജില്ലാ ഫെഡറേഷനുകള്‍ക്ക് കഴിയുമെങ്കില്‍ സംസ്ഥാന ഫെഡറേഷന് സ്പോണ്‍സര്‍മാരെ കണ്ടത്തെി ക്ളബ് രൂപവത്കരിക്കാവുന്നതാണ്. ചെറുനഗരമായ ഷില്ളോങ്ങില്‍നിന്ന് ഐ ലീഗില്‍ കഴിഞ്ഞ രണ്ടു സീസണില്‍ മൂന്നു ടീമുകള്‍ കളിച്ചുവെന്നത് പാഠമാവണം.

•ഐ.എസ്.എല്ലും ഇന്ത്യന്‍ ഫുട്ബാളും
കോര്‍പറേറ്റ് സംരംഭം എന്നനിലയില്‍ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഗുണകരമാണ്. പരിചയസമ്പത്തുള്ള വിദേശ താരങ്ങള്‍ക്കൊപ്പം ഇന്ത്യക്കാര്‍ക്ക് കളിക്കാനുള്ള അവസരമാണ് ഐ.എസ്.എല്‍. എന്നാല്‍, ഇന്ത്യയെ ആകെ പ്രതിനിധാനം ചെയ്യാന്‍ ഐ.എസ്.എല്ലിനാവില്ല.
അതിന് സാധ്യതയുള്ളതാണ് ഐ ലീഗും സന്തോഷ് ട്രോഫിയും. ആശ്ചര്യകരമെന്ന് പറയട്ടെ, സന്തോഷ് ട്രോഫിക്ക് ആരും അര്‍ഹിച്ച പരിഗണന നല്‍കുന്നില്ല. പരിശീലനവും ക്യാമ്പും ഒന്നുമില്ലാതെയാണ് ടീമുകളെ അയക്കുന്നത്. അതുകൊണ്ടുതന്നെ ഈ ടൂര്‍ണമെന്‍റും അവഗണിക്കപ്പെടുന്നു.
സന്തോഷ് ട്രോഫിയും ഐ ലീഗും ആവശ്യമായ പരിഷ്കാരങ്ങളോടെ നിലനിര്‍ത്തണം. ഗ്രാസ് റൂട്ട് തലത്തിലെ വികസനത്തിലൂടെ മികച്ച കളിക്കാരെ കണ്ടത്തെണം. പുതിയ അക്കാദമികള്‍ രാജ്യത്തിന്‍െറ പലഭാഗത്തുമുണ്ട്. ഇവരെ യൂത്ത് ടീമുകളിലും ഡിവിഷന്‍ ലീഗുകളിലും കളിപ്പിച്ച് വളര്‍ത്തിയെടുക്കുകയാണ് വേണ്ടത്. മികച്ച കാഴ്ചപ്പാടിലൂടെ ഇന്ത്യന്‍ ഫുട്ബാള്‍ വളര്‍ത്തിയെടുക്കണം.

•ഐ.എം. വിജയന്‍, ജോപോള്‍ അഞ്ചേരി, ബൈച്യുങ് ബൂട്ടിയ -മികച്ച ഇന്ത്യന്‍ ഫുട്ബാളര്‍ ആര്?
മൂവരും മികച്ച ഫുട്ബാളര്‍മാരാണ്. അവരുടേതായ പ്രകടനങ്ങളിലൂടെ ദേശീയ ഫുട്ബാളില്‍ ഇടം നേടിയവരാണ് ഇവര്‍.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.