ഇന്ത്യന്‍ ആധിപത്യത്തിനിടയില്‍ ചോദ്യമുയര്‍ത്തി ഗെയിംസ് നിലവാരം

ഗുവാഹതി: തുടര്‍ച്ചയായ 12ാം തവണയും ഇന്ത്യയെ വെല്ലാന്‍ ആരുമില്ളെന്ന് വിളിച്ചോതിയാണ് ഗുവാഹതിയിലും ഷില്ളോങ്ങിലും അരങ്ങേറിയ ദക്ഷിണേഷ്യന്‍ ഗെയിംസിന് തിരിതാണത്. 308 മെഡലുകളെന്ന റെക്കോഡ് നേട്ടം ആതിഥേയര്‍ കൊയ്തപ്പോള്‍ ഗെയിംസിന്‍െറ മൊത്തത്തിലുള്ള മത്സരനിലവാരം ഒട്ടും പുരോഗമിച്ചിട്ടില്ല എന്നത് ചോദ്യചിഹ്നമായി നിലനില്‍ക്കുന്നു. ഗെയിംസിന്‍െറ 32 വര്‍ഷത്തെ ചരിത്രത്തില്‍ ഒരുരാജ്യം നടത്തുന്ന ഏറ്റവും മികവുറ്റ പ്രകടനമാണ് ഇന്ത്യ ഇത്തവണ കാഴ്ചവെച്ചത്. എന്നാല്‍, ആ ഇന്ത്യന്‍ കുത്തക തന്നെ ഗെയിംസിന്‍െറ പ്രസക്തിയെ ബാധിക്കുന്നു എന്നത് ചൂണ്ടിക്കാട്ടപ്പെടുന്നു.

188 സ്വര്‍ണവും 90 വെള്ളിയും 30 വെങ്കലവുമായി ഇന്ത്യ കുതിച്ചപ്പോള്‍ ആതിഥേയ പക്ഷത്തിന് കൈവന്നത് ആകെയുണ്ടായിരുന്ന 239 ഗെയിംസ് സ്വര്‍ണത്തിന്‍െറ നാലില്‍ മൂന്ന് ഭാഗമാണ്. രണ്ടാമതത്തെിയ ശ്രീലങ്കയാകട്ടെ നേടിയത് 25 സ്വര്‍ണവും 63 വെള്ളിയും 98 വെങ്കലവും. പാകിസ്താന്‍ 12 സ്വര്‍ണവും 37 വെള്ളിയും 57 വെങ്കലവുമായി മൂന്നാമതുമായി. ഇന്ത്യയുടെ ഇത്തവണത്തെ ആധിപത്യത്തിനോട് അടുത്തുനില്‍ക്കുന്നത് 1995ലെ അന്നത്തെ മദ്രാസില്‍ നടന്ന ഗെയിംസാണ്.

അന്ന് ആകെയുണ്ടായിരുന്ന 143ല്‍ 106 സ്വര്‍ണവും ഇന്ത്യക്കായിരുന്നു. എന്നും ഇന്ത്യ തന്നെയായിരുന്നു ഒന്നാമത്. എന്നാല്‍, ഇത്തവണത്തേത് മുമ്പെങ്ങുമില്ലാത്ത തരത്തിലുള്ള മെഡല്‍ വാരലായിരുന്നു. ബോക്സിങ്, അമ്പെയ്ത്ത്, ടെന്നിസ്, ബാഡ്മിന്‍റണ്‍, ടേബിള്‍ ടെന്നിസ്, ഷൂട്ടിങ്, അത്ലറ്റിക്സ്, ഗുസ്തി, നീന്തല്‍, ഭാരദ്വഹനം, സൈക്ളിങ്, ജൂഡോ, വുഷു എന്നിവയിലെല്ലാം സ്വര്‍ണം തൂത്തുവാരുകയായിരുന്നു ആതിഥേയര്‍. കബഡി, ഹാന്‍ഡ്ബാള്‍, ഖോ ഖോ, വോളിബാള്‍ എന്നിവല്‍ ഡബ്ള്‍ സ്വര്‍ണവും ട്രയാത്തലണില്‍ ആകെയുണ്ടായിരുന്ന മൂന്നുസ്വര്‍ണവും നേടി. തായ്ക്വണ്ടോയില്‍ മാത്രമാണ് ഇന്ത്യ രണ്ടാമതായത്.  1995നുശേഷം പുരുഷവിഭാഗം ഹോക്കി സ്വര്‍ണം എന്ന ഇന്ത്യന്‍ സ്വപ്നം ഇത്തവണയും നടപ്പായില്ല. വനിതകള്‍ പക്ഷേ നിരാശപ്പെടുത്തിയില്ല. ഫുട്ബാളിലും ഇത് തന്നെയായി അവസ്ഥ.

ഇത്തരത്തില്‍ ഇന്ത്യ മുന്നേറിയപ്പോള്‍ മറ്റുരാജ്യങ്ങളുടെ പ്രകടനങ്ങളില്‍ അനിവാര്യമായ കുതിപ്പില്ല എന്നതാണ് ഗെയിംസിന് അപകടമുയര്‍ത്തുന്ന കാര്യം. ഇന്ത്യയുടെ ഷോ മാത്രമായി ഒതുങ്ങാതെ മറ്റ് രാജ്യങ്ങളുടെ പ്രകടനത്തിലെ നിലവാരവും ഉയര്‍ന്നാല്‍ മാത്രമേ ആരോഗ്യകരമായ മത്സരമുള്ളൊരു ഒരു ഗെയിംസ് ഭാവിയിലെങ്കിലും കാണാനാകൂ. ഈ ഗെയിംസ് കൊണ്ട് ഇന്ത്യന്‍ കായികരംഗത്തിന് കൂടുതല്‍നേട്ടം കൈവരിക്കണമെങ്കിലും അത്തരം ഒരു മത്സരം അത്യാവശ്യമാണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.