ഇന്ത്യന്‍ ഫുട്ബാളിന് പ്രത്യാശയുടെ സാഫ് വിജയം

സ്റ്റീഫന്‍ കോണ്‍സ്റ്റന്‍ൈറനിന്‍െറ വാക്കുകള്‍ വിശ്വസിക്കുക, ഈ ടീം നാളെയുടേതാണ്. കാല്‍പന്തുകളിയില്‍ ദക്ഷിണേഷ്യന്‍ രാജ്യങ്ങളുടെ പോരാട്ടഭൂമികയായ സാഫ് കപ്പില്‍ കിരീടം വീണ്ടെടുത്ത ഇന്ത്യയുടെ യുവനിര കോച്ചിന്‍െറ വാക്കുകള്‍ക്ക് അടിവരയിടുന്നു. ഞായറാഴ്ചത്തെ ഫൈനലില്‍ പരിചയസമ്പത്തും യുവത്വവും സമന്വയിച്ച അഫ്ഗാനിസ്താനെ നേരിട്ട ആതിഥേയര്‍ക്ക്  കിരീട സാധ്യത കല്‍പിച്ചവര്‍ വിരളമായിരുന്നു. പക്ഷേ, രാജ്യംകണ്ട എക്കാലത്തെയും മികച്ച സ്ട്രൈക്കര്‍മാരിലൊരാളായ സുനില്‍ ഛേത്രിയുടെ നായകത്വത്തില്‍ ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ വശ്യമനോഹരമായ ഫുട്ബാള്‍ വിരുന്നൊരുക്കിയാണ് ഇന്ത്യ കപ്പിലേക്ക് കുതിച്ചത്. ഏഷ്യന്‍ ഫുട്ബാളിലെ ഏറ്റവും ദുര്‍ബലമായ മേഖലയിലെ ആധിപത്യം ഒരലങ്കാരമാവേണ്ടതല്ല. എന്നാല്‍, മൂക്കില്ലാ രാജ്യത്തെ മുറിമൂക്കന്‍ രാജാവ് എന്ന പദവിക്കുപോലും അഫ്ഗാനും മാലദ്വീപുമൊക്കെ വെല്ലുവിളി ഉയര്‍ത്തിത്തുടങ്ങിയ കാലത്താണ് യുവനിരയുടെ ഈ കിരീടധാരണമെന്നത് നിസ്സാരമല്ല. അതും തുടര്‍ച്ചയായ തിരിച്ചടികളില്‍നിന്ന് മോചനംതേടുന്നവര്‍ക്ക്.
കൊച്ചു രാജ്യങ്ങള്‍വരെ ഫുട്ബാളില്‍ മേല്‍വിലാസമുണ്ടാക്കിയ കാലത്താണ് ഇന്ത്യയുടെ നിലനില്‍പ്പിന്‍െറ പോരാട്ടം. നീണ്ട ഒരിടവേളകഴിഞ്ഞ് ഇന്ത്യയുടെ പരിശീലകന്‍െറ റോളില്‍ തിരിച്ചത്തെിയ  ഇംഗ്ളീഷുകാരനായ കോണ്‍സ്റ്റന്‍ൈറനില്‍ ഇനിയും രക്ഷയില്ളെന്ന് തോന്നിത്തുടങ്ങിയേടത്താണ് സ്വപ്നതുല്യമായ സാഫ് കപ്പ് വിജയം.
നാളെയിലെ ടീം വാര്‍ത്തെടുക്കുകയെന്ന ലക്ഷ്യത്തിലേക്ക് കണ്ണുനട്ട കോണ്‍സ്റ്റന്‍ൈറന് പിഴക്കുകയാണെന്ന ഭയമായിരുന്നു സാഫ് കപ്പിലെ ആദ്യ മത്സരങ്ങള്‍ നല്‍കിയത്. ശ്രീലങ്കയോട് രണ്ടു ഗോള്‍ ജയംനേടിയ ആതിഥേയര്‍ നേപ്പാളിനോടും ജയിച്ചു. സെമിയില്‍ മാലദ്വീപിനോട് ഏറെ വിയര്‍ത്താണ് അവസാന വിസിലില്‍ ആശ്വാസം കൊണ്ടത്. അതുകൊണ്ടുതന്നെയായിരുന്നു ഫൈനലില്‍ ഫുട്ബാള്‍ പണ്ഡിറ്റുകള്‍ അഫ്ഗാന് മുന്‍ത്തൂക്കം നല്‍കിയത്.
സ്വന്തം മണ്ണില്‍ കളിക്കാനിടംകിട്ടാത്ത അഫ്ഗാനികളുടെ വിദേശമണ്ണില്‍ സ്വായത്തമാക്കിയ പരിചയവും കരുത്തും അതിജയിച്ചാണ് ഇന്ത്യയുടെ പരീക്ഷണസംഘത്തിന്‍െറ വിജയം. കഴിഞ്ഞ കുറച്ചുകാലങ്ങളായി കളിക്കാരെ മാറിമാറി പരീക്ഷിച്ച കോച്ച് ഒടുവില്‍ ഈ ടീമില്‍ വിശ്വാസമര്‍പ്പിക്കുകയായിരുന്നു. സുനില്‍ ഛേത്രി കഴിഞ്ഞാല്‍ ടീമില്‍ കൂടുതല്‍ മത്സര പരിചയം പകരക്കാരുടെ ബെഞ്ചിലിരുന്ന ഗോളി സുബ്രതോ പാലിനായിരുന്നു. ഇത്തരമൊരു ടീമുമായാണ് കോണ്‍സ്റ്റന്‍ൈറന്‍ വിശ്വാസം കാത്തത്. സ്റ്റേഡിയത്തില്‍ ആര്‍ത്തലച്ച കാണികളുടെ പിന്തുണ ടീമിനെ തുണച്ചു. അസാധാരണമായ വേഗത്തില്‍ ചടുലതയാര്‍ന്ന നീക്കങ്ങളുമായി എതിര്‍ പ്രതിരോധത്തിലേക്ക് ഊളിയിട്ടിറങ്ങുന്ന ഇന്ത്യയെ സമീപകാലത്ത് മൈതാനത്ത് കണ്ടിട്ടില്ല. ജെജെക്കും ഛേത്രിക്കും മുന്‍നിരയില്‍ പറ്റിയ കൂട്ടുകാരനാണെന്ന് ഹാലിചരണ്‍ നര്‍സാരി തെളിയിച്ചു. മധ്യനിരയില്‍ യൂജിന്‍സണ്‍ ലിങ്ദോക്കൊപ്പം ബികാഷ് ജെയ്റുവും റൗളിന്‍ ബോര്‍ഗസും കളത്തില്‍ മികവുകാട്ടി. കിട്ടിയ അവസരങ്ങളില്‍ പുതിയ കണ്ടുപിടിത്തമായ ലാലിയന്‍സുവാല ചാങ്തേയും സഞ്ജു പ്രധാനും സാന്നിധ്യമറിയിച്ചു.
സാഫ് കപ്പ് വിജയം ഇന്ത്യന്‍ ഫുട്ബാളിനെ അടിമുടി മാറ്റിയെടുക്കുമെന്ന കരുതലില്‍ ഫുട്ബാളിനെ നെഞ്ചേറ്റിയ ജനത അഭിരമിക്കില്ല. പക്ഷേ, മാറ്റത്തിന്‍െറ സൂചനകളാണ് ഈ കളി. ഐ.എസ്.എല്‍ ഇന്ത്യന്‍ ഫുട്ബാളിന് ഒന്നും നല്‍കിയിട്ടില്ളെന്ന കോണ്‍സ്റ്റന്‍ൈറന്‍െറ കണ്ടത്തെലുകള്‍ ഇവിടെ തിരുത്തണം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.