ഇംഗ്ലണ്ടിനെ ‘തോല്‍പിച്ച’ അകിന്‍ സേവുകള്‍

മാഴ്സെ: ബോക്സറുടെ കരുത്തുള്ള പഞ്ചുകള്‍, ജിംനാസ്റ്റിക് താരത്തിന്‍െറ മെയ്വഴക്കവുമായി അക്രോബാറ്റിക് സേവുകള്‍, വോളിബാള്‍ സ്മാഷറുടെ മികവോടെ ഉയര്‍ന്നുചാടിയ രക്ഷാപ്രവര്‍ത്തനം. ഫുട്ബാളിലെ ഗോള്‍കീപ്പര്‍മാത്രമായിരുന്നില്ല റഷ്യയുടെ ഐഗര്‍ അകിന്‍ഫീവ്. യുറോകപ്പ് ഗ്രൂപ് ‘ബി’യിലെ മത്സരം സമനിലയില്‍ കലാശിച്ചിട്ടും (1-1) ഇംഗ്ളണ്ട് തോറ്റുപോയത് ഈ സി.എസ്.കെ.എ മോസ്കോയുടെ ഗോള്‍കീപ്പര്‍ക്ക് മുന്നില്‍ മാത്രം.യൂറോകപ്പ് ഗ്രൂപ് റൗണ്ട് നറുക്കെടുപ്പിനു പിന്നാലെ റഷ്യന്‍ ഒന്നാം നമ്പര്‍ ഗോളി ഐഗര്‍ അകിന്‍ഫീവ് ഒരുകാര്യം പറഞ്ഞുവെച്ചിരുന്നു. ‘പ്രാഥമിക റൗണ്ടിലെ വലിയ വെല്ലുവിളി ഇംഗ്ളണ്ടാണ്. അവരെ സമനിലയില്‍ പിടിച്ചാല്‍ പകുതി രക്ഷപ്പെട്ടു. എതിരാളിയെ ചെറുതായി കാണുകയല്ല. മികച്ച താരങ്ങളടങ്ങിയ ഇംഗ്ളണ്ട് കിരീടഫേവറിറ്റുകളാണ്’. കഴിഞ്ഞ ഡിസംബറില്‍ നടന്ന നറുക്കെടുപ്പിനു പിന്നാലെ പറഞ്ഞ വാക്കുകള്‍, ഐഗര്‍ അകിന്‍ഫീവ് കഴിഞ്ഞദിവസം പൊന്നാക്കി മാറ്റി.

ഇംഗ്ളണ്ട്-റഷ്യ മത്സരത്തില്‍ ഗോള്‍രഹിതമായി ഒന്നാം പകുതിക്കുശേഷമായിരുന്നു വലകുലുങ്ങിയത്. 73ാം മിനിറ്റില്‍ ഫ്രീകിക്ക് അനായാസം വലയിലേക്ക് അടിച്ചുകയറ്റി എറിക് ഡീര്‍ ഇംഗ്ളണ്ടിനെ മുന്നിലത്തെിച്ചപ്പോള്‍ വിജയമുറപ്പിച്ചതായിരുന്നു. ഒട്ടേറെ അവസരങ്ങള്‍ പാഴായെങ്കിലും നേടിയ ഒരുഗോളില്‍ വെള്ളക്കുപ്പായത്തിലിറങ്ങിയവര്‍ പിടിച്ചുതൂങ്ങി. പക്ഷേ, ഇഞ്ചുറിടൈമില്‍ കളിയുടെ ഫലം നിര്‍ണയിച്ച അട്ടിമറി ഗോള്‍ പിറന്നു. ഇംഗ്ളീഷ് പ്രതിരോധം കീറിമുറിച്ചത്തെിയ ഹൈബാള്‍, ഡയറക്ട് ഹെഡറിലൂടെ വാസിലി ബെര്‍സുസ്കി വലയിലേക്ക് കയറ്റിയതോടെ ഇംഗ്ളീഷുകാരും തകര്‍ന്നു.
കളിയിലുടനീളം ഇംഗ്ളണ്ടിനായിരുന്നു മേധാവിത്വം. നിരന്തര മുന്നേറ്റവുമായി ഹാരി കെയ്ന്‍, ആഡം ലല്ലാന, ദിലി അലി, വെയ്ന്‍ റൂണി എന്നിവര്‍ റഷ്യന്‍ ഗോള്‍മുഖത്ത് പ്രകമ്പനം തീര്‍ത്തപ്പോള്‍ പോസ്റ്റിനു കീഴെ ആറടി ഒരിഞ്ചുകാരനായ അകിന്‍ഫീവ് നെഞ്ചുവിരിച്ചുനിന്നു.

വെയ്ന്‍ റൂണിയെ കൊകോറിന്‍ പൂട്ടിയിട്ടപ്പോള്‍, വലതുവിങ്ങില്‍നിന്ന് അലിയായിരുന്നു ഇംഗ്ളീഷ് മുന്നേറ്റത്തിന് പന്തത്തെിച്ചത്. ഇരുവിങ്ങുകളും ചലനാത്മകമാക്കി നടന്ന മുന്നേറ്റങ്ങളെല്ലാം റഷ്യന്‍ പ്രതിരോധത്തിലോ അകിന്‍ഫീവിന്‍െറ ഉജ്ജ്വല സേവുകളിലോ അവസാനിച്ചു. ഗോളെന്നുറപ്പിച്ച അരഡസനിലേറെ അവസരങ്ങളാണ് റഷ്യന്‍ ഫുട്ബാളിലെ പകരംവെക്കാനാളില്ലാത്ത ഗോള്‍കീപ്പര്‍ തട്ടിയകറ്റിയത്. 34ാം മിനിറ്റില്‍ പെനാല്‍റ്റി ബോക്സിന് തൊട്ടുമുന്നില്‍നിന്ന് വെയ്ന്‍ റൂണി തൊടുന്ന പോയന്‍റ് ബ്ളാങ്ക് ഷോട്ട് ഒരു ബോക്സറുടെ മെയ്വഴക്കത്തോടെ പഞ്ച് ചെയ്തകറ്റിയ രക്ഷാപ്രവര്‍ത്തനം മാത്രം മതിയായിരുന്നു ഈ ദിനം അകിന്‍ഫീവിന്‍േറതെന്ന് അടിവരയിടാന്‍. 70ാം മിനിറ്റില്‍ വീണ്ടും കണ്ടു അകിന്‍ഫീവിന്‍െറ അക്രോബാറ്റിക് സേവ്. റൂണിയുടെ ഷോട്ട് വലത്തോട്ട് ചാടി അകറ്റിയപ്പോള്‍ ലല്ലാന പായിച്ച റീബൗണ്ട് ഷോട്ടും വഴിതെറ്റിച്ചു.

2014 ലോകകപ്പിലെ നിരാശ മാറ്റാനുള്ള തീരുമാനവുമായാണ് അകിന്‍ഫീവ് ഇക്കുറി കളത്തിലിറങ്ങുന്നത്. അന്ന്, കൊറിയക്കെതിരെ ഗോളിയുടെ കൈപ്പിഴയായിരുന്നു പുറത്താകലിനുവഴിവെച്ച സമനിലയിലേക്ക് നയിച്ചത്. 18ാം വയസ്സില്‍ ദേശീയ ടീമിലത്തെിയ അകിന്‍ഫീവ് 87 മത്സരങ്ങളില്‍ കുപ്പായമണിഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.