ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ രണ്ടാം സ്ഥാനം ഉറപ്പിച്ച് മാഞ്ചസ്റ്റർ സിറ്റിയുടെ മിന്നും ജയം. സീസണിൽ തങ്ങളുടെ 35ാം മത്സരത്തിൽ ബ്രൈറ്റൺ ആൽബിയോണിനെതിരെ മറുപടിയില്ലാത്ത അഞ്ച് ഗോളിനായിരുന്നു ജയം. റഹിം സ്റ്റർലിങ് ഹാട്രിക് ഗോളുമായി കളംനിറഞ്ഞപ്പോൾ ഗബ്രിയേൽ ജീസസും ബെർണാഡോ സിൽവയും ഓരോ ഗോൾ നേടി.
കോവിഡിനുശേഷം ഗോൾ കൊയ്ത്തോടെയാണ് സിറ്റിയുടെ യാത്ര. ജൂൺ 18ന് പുനരാരംഭിച്ച സീസണിൽ ഏഴ് മത്സരത്തിൽ നേടിയത് 23 ഗോളുകളാണ്. ഏകപക്ഷീയമായ അഞ്ച് ഗോൾ ജയമാവട്ടെ ഇത് മൂന്നാം തവണയും. അവസാന മത്സരത്തിൽ ന്യൂകാസിലിനെ 5-0ത്തിന് തോൽപിച്ച് വന്ന സിറ്റിക്കെതിരെ 15ാം സ്ഥാനക്കാരായ ബ്രൈറ്റൺ ചെറുത്തുനിൽപിനുപോലും തയാറായില്ല. ആതിഥേയരുടെ പന്തടക്കം 29 ശതമാനം മാത്രമായിരുന്നു. 21ാം മിനിറ്റിൽ ജീസസിെൻറ േക്രാസിൽ ആദ്യ ഗോൾ നേടിയ സ്റ്റർലിങ് 53, 81മിനിറ്റിലായി ഹാട്രിക് തികച്ചു. രണ്ടാം സ്ഥാനത്തുള്ള സിറ്റിക്ക് 72 പോയൻറാണുള്ളത്.
ചെൽസിക്ക് തോൽവി
ചെൽസിയുടെ മൂന്നാം സ്ഥാനം അപകടാവസ്ഥയിലാക്കി ഷെഫീൽഡ് യുനൈറ്റഡിനെതിരെ അപ്രതീക്ഷിത തോൽവി. വില്യനും, ടാമി എബ്രഹാമും പുലിസിച്ചും നയിക്കുന്ന മുന്നേറ്റത്തെ നിരായുധരാക്കി ഡേവിഡ് മക്ഗോൾഡ്രിക്കിെൻറ ഷെഫീൽഡ് 3-0ത്തിന് ജയിച്ചു. അയർലൻഡുകാരനായ ഡേവിഡ് ഗോൾഡ്രിക് ഇരട്ട ഗോൾ നേടി (18, 77 മിനിറ്റ്). ചെൽസി (60), ലെസ്റ്റർ സിറ്റ (59), മാഞ്ചസ്റ്റർ യുനൈറ്റഡ് (58) എന്നിവർ ഓരോ പോയൻറ് വ്യത്യാസത്തിലാണ് മൂന്നു മുതൽ അഞ്ചുവരെ സ്ഥാനം പങ്കിടുന്നത്.
ടീമു പുക്കിയുടെ നോർവിച് പുറത്ത്
24ാം തോൽവിയുമായി നോർവിച് യുനൈറ്റഡ് ഇംഗ്ലീഷ് പ്രീമിയർ ലീഗ് സീസണിൽ തരംതാഴ്ത്തപ്പെടുന്ന ആദ്യ ടീമായി. കഴിഞ്ഞ ദിവസം വെസ്റ്റ്ഹാം യുനൈറ്റഡിനോട് 4-0ത്തിന് തോറ്റവർ 35 കളിയിൽ 21 പോയൻറുമായി 20ാം സ്ഥാനത്താണ്. മൂന്ന് കളി ബാക്കിയുണ്ടെങ്കിലും ഇനി മുന്നേറാൻ കഴിയില്ലെന്നുറപ്പായതോടെ അടുത്ത വർഷം ഇവരെ രണ്ടാം ഡിവിഷനിൽ കാണാം. 11 ഗോൾ നേടിയ ടീമു പുക്കിയുടെ ഒറ്റയാൾ പോരാട്ടമൊന്നും ടീമിനെ രക്ഷിച്ചില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.