പ്രതിയോഗികളെ നിസ്സാരവത്കരിക്കുന്നവർക്കു കിട്ടുന്ന ശിക്ഷ അതി ഭീകരമായിരിക്കുമെന്നു ചരിത്രം നമ്മെ പലവട്ടം പഠിപ്പിച്ചിട്ടുള്ളതാണ്. അത്തരം ഒരു നിസ്സാരവത്കരണത്തിന് വിഖ്യാതരായ സ്പാനിഷ് ഫുട്ബാൾ ടീമിന് കളിക്കളത്തിൽ റഷ്യക്കാർ നൽകിയ കടുത്തശിക്ഷയാണ് ലോകകപ്പു ഫുട്ബാളിലെ പ്രീ ക്വാർട്ടറിൽ തന്നെയുള്ള അവരുടെ പുറത്താകൽ.
73 ശതമാനം ബാൾപൊസഷനും ലോകത്തിലെ ഏറ്റവും മികച്ച ഗോളടി വിദഗ്ധരും ഗോൾ തടുക്കുന്ന ആളും ഉണ്ടായിട്ടും ഒരു പന്ത് എതിർ ഗോൾ വര കടത്താൻ 90 മിനിറ്റും എക്സ്ട്രാ സമയവും കഴിഞ്ഞിട്ടും അവർക്കായില്ല. അവരുടെ പേരിൽ രേഖപ്പെടുത്തിയ ഗോളാകട്ടെ റഷ്യൻ പ്രതിരോധ നായകെൻറ സംഭാവനയും.
പ്രീ ക്വാർട്ടറിൽ ആദ്യമായി രണ്ടു യൂറോപ്യൻ ടീമുകൾ ഏറ്റുമുട്ടിയപ്പോൾ ആതിഥേയരായ റഷ്യക്കാർക്കു പൊരുതി മരിക്കാൻ നിയോഗിക്കപ്പെട്ടവരുടെ റോളേ ഉണ്ടായിരുന്നുള്ളൂ. ലോക റാങ്കിങ്ങിൽ തങ്ങളെക്കാൾ 60 സ്ഥാനം മുന്നിലുള്ളവർ മാത്രമായിരുന്നില്ല സ്പെയിൻ. ലോക ഫുട്ബാളിലെ വിലപിടിപ്പുള്ള താരങ്ങളും ലോകത്തെ ഏറ്റവും വിശ്രുതമായ രണ്ടു ടീമുകളിലെ അംഗങ്ങളിൽ അധികവും അവർക്കൊപ്പമായിരുന്നു. എന്നിട്ടും കളി തുടങ്ങി അവസാന വിസിൽ വരെ റഷ്യൻ പ്രതിരോധനിര അശേഷം പരിഭ്രമം കൂടാതെ നിലയുറപ്പിച്ചു. മധ്യനിര അതി സാഹസികമായി പന്തുകൾ മുൻനിരക്ക് എത്തിച്ചുകൊണ്ടിരുന്നു. ആദ്യമേതന്നെ അർടം സ്യൂബയും ഗ്ലോവോണിനും ഡി ഗെയയെ പരീക്ഷിച്ചുകൊണ്ടിരുന്നു. എത്രത്തോളം സാവകാശമാക്കാമോ അത്രക്കും സാവകാശമായിരുന്നു കാളപ്പോരിെൻറ നാട്ടുകാരുടെ പ്രത്യാക്രമണങ്ങൾ. അത്തരം ഒരു മുന്നേറ്റം സമദേവ് തടഞ്ഞിട്ടപ്പോൾ കിട്ടിയ കോർണർ 11ാം മിനിറ്റിൽ സെൽഫ്ഗോളായി സ്പെയിനിനെ തുണച്ചു. റഷ്യൻ ബാക്കിെൻറ അബദ്ധത്തെക്കാൾ റാമോസിെൻറ കൗശലമായിരുന്നു ഗോളിന് വഴിമരുന്നിട്ടത്. അത് ഗോളായിരുന്നിെല്ലങ്കിൽ മറ്റൊരു പെനാൽറ്റിക്ക് കാരണമാകുമായിരുന്നു.
വലതുഭാഗത്തുനിന്ന് തുടർച്ചയായ മുന്നേറ്റങ്ങൾ ഒരുക്കി കുസോവിനും സ്യൂബക്കും ഗോൾ അടിക്കാൻ പാകത്തിന് റഷ്യൻ മധ്യനിര പന്ത് നൽകിക്കൊണ്ടിരുന്നു. എന്നാൽ, നാച്ചോയും പികെയും ഏറ്റവും അലസമായ രീതിയിലായിരുന്നു തടയാൻ ശ്രമിച്ചത്. ഒരു പെനാൽറ്റി ബോക്സ് ഫോർവേഡിെൻറ മട്ടിൽ സ്യൂബ അവിടെ തമ്പടിച്ചിട്ടും അയാളെ തടയാനൊന്നും സ്പാനിഷ് അർമഡകൾക്ക് താൽപര്യമില്ലായിരുന്നു. അതിനു കിട്ടിയ ശിക്ഷയായിരുന്നു 41ാം മിനിറ്റിലെ സമനില ഗോളും അതേത്തുടർന്നുള്ള എക്സ്ട്രാ ടൈമും പിന്നെ പെനാൽറ്റി ഷൂട്ട്ഔട്ടിലെ നാണംകെട്ട തോൽവിയും.
കോർണർ കിക്കിനെ ഒരു വോളിബാൾ സ്പൈക്കറുടെ മട്ടിൽ ഉയർന്നുചാടി കൈകൊണ്ട് തടുത്തിട്ട പിെക വീണ്ടും ദുരന്തനായകനായപ്പോൾ ‘വാർ’ ക്ലിയറൻസിനു കാത്തുനിൽക്കാതെ ഹോളണ്ടുകാരൻ റഫറി ക്യപേഴ്സ് പെനാൽറ്റി ബോക്സിലേക്ക് കൈചൂണ്ടി. ഒരു ഭാവഭേദവും കൂടാതെ സ്യൂബ അത് ഡി ഗിയയുടെ റീച്ചിനും അപ്പുറമായി വല കടത്തിയപ്പോൾ ഉയരംകൂടിയ ഈ മുന്നേറ്റക്കാരെൻറ തുടർച്ചയായ രണ്ടാം പെനാൽറ്റിയും മൂന്നാം ഗോളുമായി മാറി. പെനാൽറ്റി ഷൂട്ട്ഔട്ടിൽ കൊകെയുടെ കിക്ക് ഗോളി അകീൻഫിവ് തടഞ്ഞിട്ടു. ആസ്പാസിെൻറ കിക്ക് ബൂട്ടിൽ ഹിറ്റ്ചെയ്ത് പുറത്തേക്ക് പായിച്ചു.
റഷ്യക്കുവേണ്ടി സോമോലോവും ഇഗ്നെഷെവിച്ചും ഗോളോവീനും ചെറീഷേവും ഡി ഗേയ്ക്ക് ഒരു അവസരവും നൽകാതെ ഗോളുകൾ നേടിയപ്പോൾ 21ാം ലോകകപ്പിലെ ഏറ്റവും വലിയ അട്ടിമറിക്കു മോസ്കോയിലെ ലൂഷ്നിക്കി സ്റ്റേഡിയം നിറച്ച 72,000 കാണികൾ സാക്ഷികളായി ഏറെ വാഴ്ത്തപ്പെട്ട സ്പാനിഷ് മധ്യനിര പലപ്പോഴും റഷ്യക്കാരുടെ കളി കാണുകയായിരുന്നു. അവരുടെ മുന്നേറ്റ നിര നിർജീവമായപ്പോൾ ഡീഗോ കോസ്റ്റയുടെ ഒരു ഷൂട്ടുപോലും കാണാനായില്ല.
ഗോളി ഡി ഗിയാക്കു ആകട്ടെ തൊട്ടതൊക്കെ പിഴക്കുകയും ചെയ്തു. ചുരുക്കത്തിൽ വടികൊടുത്ത് അടിവാങ്ങിയവരുടെ മട്ടിലായിരുന്നു സ്പെയിൻ റഷ്യക്കാരിൽനിന്ന് ചോദിച്ചു വാങ്ങിയ ചരിത്ര പരാജയം.
***
അർജൻറീനക്കെതിരെയുള്ള ഏകപക്ഷീയ വിജയമടക്കം ഗ്രൂപ്പിലെ മൂന്നു മത്സരങ്ങളും വിജയിച്ച ക്രൊയേഷ്യക്കാരുടെ ആധിപത്യമാകും ഡെന്മാർക്കിനെതിരെ എന്നായിരുന്നു പ്രവചനങ്ങൾ. എന്നാൽ, 90 മിനിറ്റും അധികസമയവും കഴിഞ്ഞിട്ടും കാസ്പ്പർ ഷ്മൈഷൽ എന്ന ഗോൾകീപ്പറുടെ മുന്നിൽ കാര്യമായിട്ടൊന്നും ചെയ്യാനാകാതെ ക്രൊയേഷ്യക്കാരുടെ വിഖ്യാതമായ സ്കോറിങ് ബൂട്ടുകൾ നിന്നുവിറക്കുന്നതാണ് കണ്ടത്. പോരാത്തതിന് എക്സ്ട്രാ സമയം തീരുന്നതിനു തൊട്ടുമുമ്പു ലഭിച്ച പെനാൽറ്റി, ഷുവർ ഷോട്ടുകാരനായ ലൂക്ക മോദ്രിച്ചിെൻറ കാലിൽനിന്ന് കാസ്പ്പർ ഷ്മൈഷൽ നീരാളിയെപ്പോലെ പിടിച്ചൊതുക്കുേമ്പാൾ പെനാൽറ്റി കില്ലർ എന്ന വിശേഷണമുള്ള അച്ഛൻ പീറ്റർ ഷ്മൈഷൽ വിശിഷ്ട അതിഥികൾക്കുള്ള ഇരിപ്പിടത്തിൽ ഇരുന്ന് അഭിമാനപൂർവം കാണുന്നുണ്ടായിരുന്നു.
എന്നാൽ, ഗോൾ തടുക്കുന്നതു മാത്രമല്ല ഗോൾ അടിക്കുന്നതിൽ കൂടിയാണ് കാൽപന്തുകളിയിൽ വിജയം നിശ്ചയിക്കുന്നെതന്ന് തെളിയിച്ചുകൊണ്ട് തുടർന്നു നടന്ന പെനാൽറ്റി ഷൂട്ട്ഔട്ടിൽ പീറ്റർ ഷ്മൈഷൽ പ്രിവർച്ചിെൻറ പന്ത് സാഹസികമായി പിടിച്ചെടുത്തിട്ടും ഡെന്മാർക്കിലെ ഗോൾ രാജാവ് എറിക്സനും ഷോണനും ജോർജെൻസണും വരുത്തിയ പിഴവിൽ അവർക്ക് തോറ്റു പുറത്തുപോകേണ്ടിവന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.