ലോകകപ്പിൽ ബ്രസീലിനോട് ഏറ്റുമുട്ടി രക്തസാക്ഷികളാകാൻ വിധിക്കപ്പെട്ടവരാണ് മെക്സികോ. പതിവില്ലാത്ത പോരാട്ടവീര്യം പുറത്തെടുത്തിട്ടുകൂടി ഇത്തവണയും അവരുടെ കുതിപ്പ് ബ്രസീലിനു മുന്നിൽ അവസാനിച്ചു.സിംഹത്തെ മടയിൽ കടന്ന് ആക്രമിക്കണം എന്ന തന്ത്രമായിരുന്നു പ്രത്യാക്രമണത്തിൽ സുൽത്താന്മാർ എന്ന വിശേഷണമുള്ള മെക്സികോക്കാർ സ്വീകരിച്ചത്. തങ്ങളെ പതിവായി നാണംകെടുത്തുന്ന സെലസാവോകളെ കാർലോസ് വേലയും ചിറ്റാരിറ്റോയും ലോസാനയും കൂടി ആദ്യ മിനിറ്റ് മുതൽ ഗോൾ മുഖം വളഞ്ഞ് ആക്രമിച്ചുകൊണ്ടിരുന്നു. പതറിയ ബ്രസീൽ പ്രതിരോധ നിരയെ മറികടന്നു പച്ചപ്പട ഏതു നിമിഷവും ഗോൾ നേടുമെന്ന മട്ടിലാണ് കളി നീങ്ങിയത്. അഞ്ചാം ലോകകപ്പ് കളിക്കുന്ന 39കാരനായ മെക്സികോ നായകൻ മാർക്വസ് അണിനിരന്ന പ്രതിരോധം ലക്ഷ്യമാക്കിയുള്ള കാനറികളുടെ മുന്നേറ്റങ്ങൾക്ക് അപ്പോൾ തീവ്രത പോരായിരുന്നു. പിള്ളേർ കളിച്ചോട്ടെ എന്നമട്ടിൽ കളി തണുപ്പിച്ച ബ്രസീൽ മധ്യനിര എന്തോ തീരുമാനിച്ചുറപ്പിച്ച മട്ടിലായിരുന്നു.
ആറാം മിനിറ്റിലായിരുന്നു നെയ്മറുടെ ആദ്യ മുന്നേറ്റം. 20 മീറ്റർ അകലെ നിന്നുള്ള കൂറ്റൻ ഷോട്ട്, തെൻറ ഉയരത്തിെൻറ ആനുകൂല്യം മുഴുവൻ മുതലെടുത്ത് ഒേച്ചാവ ഉയർന്നുചാടി അപകടം ഒഴിവാക്കി. വില്യെൻറ നേതൃത്വത്തിൽ മുൻ ലോകജേതാക്കൾ ആദ്യ സംയുക്ത മുന്നേറ്റം നടത്തിയത് 20 മിനിറ്റുകൾക്ക് ശേഷമായിരുന്നു. വില്യൻ- ജീസസ്-കുടീന്യോ സഖ്യം ചന്തമാർന്ന നീക്കങ്ങളുമായി കളികൈയിലെടുത്തു. രണ്ടാം പകുതി മാർക്വസിനെ പിൻവലിച്ചു പകരം ലിയോണിന് അവസരം നൽകിയതായിരുന്നു മെക്സിക്കൻ കോച്ച് ഒസാരിയോക്ക് പറ്റിയ ഏറ്റവും വലിയ പിഴവ്. ഈ ഭാഗത്തുകൂടിയായിരുന്നു വില്യൻ അസാമാന്യ ഗതിവേഗത്തിൽ പന്തുകൾ എത്തിച്ചുകൊണ്ടിരുന്നത്. 55ാം മിനിറ്റിൽ ഇത്തരം ഒരു മുന്നേറ്റത്തിൽ ഈ ലോകകപ്പിലെ മറ്റൊരു മനോഹര ഗോളും പിറന്നു. ഒരു ഗോളിന് ബ്രസീൽ ജയിച്ചു ക്വാർട്ടറിൽ എന്നു കരുതപ്പെട്ട നിമിഷമാണ് 80ാം മിനിറ്റിൽ പകരക്കാരനായെത്തിയ ഫിർമിന്യോയുടെ നിനച്ചിരിക്കാത്ത ഗോൾ. അങ്ങനെ തുടർച്ചയായി അഞ്ചാമതും ‘വല്യേട്ടന്മാർക്ക്’ മുന്നിൽ തല വണങ്ങി മെക്സികോ രംഗംവിട്ടു.ബ്രസീലിെൻറ വിജയത്തിെൻറ സവിശേഷത അവരുടെ മാച്ച് എക്സ്പീരിയൻസ് ഉപയോഗിച്ചതും മധ്യനിര കളി നിയന്ത്രിച്ചു നെയ്മർക്കും കുടീന്യോക്കും ജീസസിനും അനിവാര്യ മുന്നേറ്റത്തിന് വഴിയൊരുക്കിയതുമാണ്. ഗോളടിക്കാൻ മറന്ന മെക്സികോയുടെ മുന്നേറ്റനിരയുടെ ദുർബല്യവും കാനറികൾക്ക് തുണയായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.