കപ്പിനും ചുണ്ടിനും ഇടക്ക് കിരീടം കൈവിട്ട രണ്ടു ടീമുകളുടെ പോരാട്ടത്തിൽ ആദ്യ റൗണ്ട് വിജയം ഒന്നുകൂടി ആധികാരികമാക്കുന്നതായിരുന്നു ലൂസേഴ്സ് ഫൈനലിലെ ബെൽജിയം ജയം. ഗതിവേഗത്തിെൻറ പുതിയ ശൈലിയിൽ ആദ്യം മുന്നേറിയ ഇംഗ്ലീഷുകാർക്കു പ്രത്യാക്രമണത്തിെൻറ പര്യായമായിമാറിയ ഡിബ്രൂയിനും കൂട്ടരും നാലാം മിനിറ്റിൽത്തന്നെ ആദ്യ പ്രഹരമേൽപിച്ചു.
ഗോളി തിബോ കർട്ടുവയുടെ പാസ് ലുകാക്കു പിടിച്ചെടുത്ത് നേരെ മറിച്ചത് ചാഡ്ലിക്ക്. വലതുവശത്തുനിന്ന് കൃത്യമായ ഒരു ലോബിലൂടെ ചാഡ്ലി പെനാൽറ്റി പോയൻറിലേക്ക് കുതിച്ച മ്യൂനിയർക്കു കൊടുക്കുന്നു. മുന്നോട്ടാഞ്ഞ പിക്ഫോഡിെൻറ എതിർ ദിശയിലേക്കു പായിച്ചു ഓർക്കാവുന്ന ഗോളായി അതിനെ മാറ്റിക്കൊണ്ട് മ്യൂനിയർ വിജയത്തിന് തുടക്കമിട്ടു. ഇംഗ്ലീഷ് പ്രതിരോധനിരക്ക് സംഭവിച്ച ആദ്യ പിഴവ് തന്നെ മുതലെടുത്തു ബെൽജിയം മുന്നേറിയപ്പോൾ മഗ്വയറും സ്റ്റോൺസും ജോൺസും ആദ്യം മുതൽ പരിഭ്രമത്തിലായി.
ഒരു ഗോൾ കുടുങ്ങിയതോടെ ആലസ്യം വിട്ട ഇംഗ്ലീഷ് മധ്യനിരയിൽ ബുദ്ധിപൂർവം മുന്നേറ്റങ്ങൾ ഒരുക്കിയ ലോഫ്റ്റസ്ചീക്കും റഹീം സ്റ്റെർലിങ്ങും ഒത്തൊരുമിച്ചു നടത്തിയ മുന്നേറ്റങ്ങൾ ടീമിന് ബാധ്യതയായിത്തീർന്ന നായകൻ ഹാരി കെയ്ന് ഉപയോഗിക്കുവാൻ കഴിഞ്ഞില്ല. ഒമ്പതാം മിനിറ്റിൽ ടെലീമാൻസിെൻറ ഫൗളിനെത്തുടർന്നു കിട്ടിയ ഫ്രീകിക്ക് ട്രിപ്പിയർ കൃത്യമായി കെയ്നിനു നൽകിയെങ്കിലും ഇംഗ്ലീഷ് നായകെൻറ അലക്ഷ്യമായ ഷോട്ട് പുറത്തേക്കുപോയതോടെ ഇത് തെൻറ ദിനം അല്ലെന്നു കെയ്ൻ തെളിയിച്ചു.
മറുവശത്തു ഗോൾഡൻ ബൂട്ടിനു അവകാശമുന്നയിക്കുവാൻ കെയ്നിനെ മറികടക്കുവാൻ തൊട്ടുപിന്നിലുണ്ടായിരുന്ന റൊമേലു ലുകാക്കുവിന് ഡിബ്രൂയിനും ചാഡ്ലിയും ഹസാർഡും നിരവധി അവസരങ്ങൾ ഒരുക്കിയെങ്കിലും ഒന്നിനുപിറകെ ഒന്നായി ഈ അതുല്യ ഫോർവേഡ് അവസരങ്ങൾ തുലച്ചുകൊണ്ടിരുന്നു. ലുകാക്കുവിനെ കളിക്കളത്തിൽ നിർത്തുന്നത് ബാധ്യതയാകുമെന്ന് മനസ്സിലാക്കിയ കോച്ചു റോബർട്ടോ മാർട്ടിനസ് സബ്സ്റ്റിറ്റ്യൂഷനിലൂടെ മെർട്ടൻസിനു അവസരം നൽകി.ഇംഗ്ലീഷ് മധ്യനിര ആകെ നിഷ്പ്രഭമായപ്പോൾ ലോഫ്റ്റസ്ചീക്ക് പിൻനിരയിൽനിന്ന് ഒറ്റക്ക് സംഘടിപ്പിച്ച മുന്നേറ്റങ്ങൾ ഗോളി കർട്ടുവക്കു അസ്വാസ്ഥ്യജനകമായ നിമിഷങ്ങൾ നൽകിയെങ്കിലും അത് തട്ടി വലയിലിടാൻ സ്റ്റെർലിങ്ങിനും ഹാരി കെയ്നിനും കഴിഞ്ഞില്ല. ബെൽജിയം നിരയിൽ എല്ലാ മുന്നേറ്റങ്ങളുടെയും തുടക്കാക്കാരൻ ഗോൾ നേടിയ തോമസ് മ്യൂനിയർ തന്നെയായിരുന്നു.
60 ശതമാനം ബാൾപൊസഷൻ ഉണ്ടായിട്ടും ഇംഗ്ലീഷ് മുന്നേറ്റനിരക്കു ഗോൾ കണ്ടെത്തുവാൻ കഴിയാതിരുന്നതിനു കാരണം ആൽഡർ വെയിലും കൊംപനിയും വെർടൊൻഗനും പടുത്തുയർത്തിയ പ്രതിരോധനിരതന്നെയായിരുന്നു. ഇടക്ക് രണ്ടു തവണ കൊംപനിക്കു പിഴച്ചെങ്കിലും തുടർന്ന് ലഭിച്ച ഫൗൾ കിക്കുകൾ സെറ്റ് പീസ് അവസരങ്ങളുടെ സുൽത്താന്മാരായ ഇംഗ്ലീഷുകാർക്ക് ലക്ഷ്യത്തിലെത്തിക്കാൻ കഴിഞ്ഞില്ല. അതോടെ ആദ്യ മിനിറ്റിലെ വിസ്മയ ഗോൾ ബെൽജിയത്തിെൻറ മൂന്നാം സ്ഥാനം തീരുമാനിക്കപ്പെട്ടു.
82ാം മിനിറ്റിൽ ഇംഗ്ലീഷ് പ്രതിരോധം അടിപടലം തകർന്നുവീണ നിമിഷത്തിൽ കൗശലക്കാരനായ കെവിൻ ഡിബ്രൂയിനാണ് മാർട്ടൻസിലൂടെ പന്ത് ഹസാർഡിനെത്തിച്ചത്. ത്രൂപാസ് അദ്ദേഹം മനോഹരമായി സ്വീകരിച്ച് മൂന്നു സ്ട്രെയിറ്റുകൾ മുന്നാട്ടാഞ്ഞു വലകടത്തിയപ്പോൾ പിക്ക്ഫോഡ് നിസ്സഹായനായിപ്പോയി. ഇത്രയൊക്കെ മുന്നേറി ലോകകപ്പിെൻറ സെമിഫൈനൽ ഘട്ടംവരെ എത്തിയിട്ടും സമ്മർദങ്ങൾ തരണം ചെയുവാൻ തങ്ങൾക്കു കഴിയുകയില്ലന്നു തെളിയിക്കുന്ന പ്രകടനമായിരുന്നു ഇംഗ്ലീഷുകാരിൽനിന്നും കണ്ടത്.
ടീം മികവിനേക്കാൾ വ്യക്തിഗതമികവിൽ നേട്ടമുണ്ടാക്കാനായിരുന്നു ലോഫ്റ്റസ്ചീക്കും റഹീം സ്റ്റെർലിങ്ങും ശ്രമിച്ചത്. അതുകൊണ്ടാകണം ഇരുവരെയും നേരത്തെതന്നെ സൗത്ത് ഗേറ്റ് പിൻവലിച്ചതും. എന്നാൽ, അതും അബദ്ധ തീരുമാനമായി. ഗതിവേഗവും ഒത്തിണക്കവും വിസ്മയിപ്പിക്കുന്ന പ്രത്യാക്രമണവും ഗോൾകീപ്പിങ് മികവുമായി ഏറെ മുന്നിലായിരുന്ന ബെൽജിയം യുവനിരക്കു അർഹിച്ചതായിരുന്നു ഇൗ വിജയവും മൂന്നാം സ്ഥാനവും. കലാശക്കളിക്ക് അവരെ കാണുവാനായിരുന്നു ഫുട്ബാൾ ലോകം ആഗ്രഹിച്ചിരുന്നത് എങ്കിൽപ്പോലും ഇൗ നേട്ടത്തിന് ത്രിമധുരം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.