അഡ്ലെയ്ഡ്: ബുദ്ധിയും ബാറ്റുമുപയോഗിച്ച് ടീമിനെ വിജയതീരത്തെത്തിച്ച നായകനും ഉ പനായകനും വിലക്കുവീണ് വീട്ടിലിരിക്കുന്ന ആസ്ട്രേലിയക്കു മേൽ ഇടിത്തീയാകാൻ ഇന്ത്യയുടെ പേസ് പട വരുന്നു. രണ്ടുദിവസം കഴിഞ്ഞ് അഡ്ലെയ്ഡിൽ കന്നി ടെസ്റ്റിന് തുടക്കമാകുേമ്പാൾ കംഗാരുക്കൾക്കെതിരെ സന്ദർശകരായ ഇന്ത്യ കരുതിവെച്ചിരിക്കുന്നത് അഞ്ച് കരുത്തർ നയിക്കുന്ന പേസ് ആക്രമണം.
കറക്കി വീഴ്ത്തിയാണ് കാലങ്ങളായി ഇന്ത്യ നാട്ടിലും മറുനാട്ടിലും വിജയങ്ങളേറെയും നേടിയിരുന്നത്. അന്നും ഇന്നും സ്പിന്നിൽ ഇന്ത്യൻ നിരയോളം മികവു പുലർത്തിയവർ അപൂർവം. ഇടക്കിടെ വേഗംകൊണ്ട് ജയിക്കാൻ ചിലർ എത്തിയെങ്കിലും തുടർച്ചക്കാർ കുറഞ്ഞു. അയൽക്കാരായ പാകിസ്താൻ ഫാസ്റ്റ് ബൗളർമാരുടെ പറുദീസയായി പതിറ്റാണ്ടുകൾ കളംവാണപ്പോൾ അസൂയയോടെ നോക്കിനിന്ന ഇന്ത്യൻ ടീമിലിപ്പോൾ പക്ഷേ, പേസർമാരുടെ ആഘോഷമാണ്. ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, ഉമേഷ് യാദവ്, ഭുവനേശ്വർ കുമാർ, ഇഷാന്ത് ശർമ എന്നിവരിൽ ഒാരോരുത്തരും അവരുടെ ദിനങ്ങളിൽ ലോകം ജയിച്ചവർ. നായകൻ സ്മിത്തും ഉപനായകൻ ഡേവിഡ് വാർണറുമില്ലാത്ത ആസ്ട്രേലിയയുടെ ദുർബലമായ ബാറ്റിങ് ലൈനപ്പിനെ പിച്ചിച്ചീന്താൻ മിടുക്കും വേഗവും കൈമുതലായുള്ളവർ.
പന്ത് പുതിയതായാലും പഴയതായാലും താളവും വേഗവും നഷ്ടപ്പെടാതെ എറിയുന്ന മുഹമ്മദ് ഷമിയും ബാറ്റ്സ്മാന് പിടികൊടുക്കാത്ത ആക്ഷനുമായി മിസൈൽ വർഷിക്കുന്ന ജസ്പ്രീത് ബംറയുംതന്നെ ഇവരിൽ ഒരുപടി മുന്നിൽ. സ്വിങ്ങിെൻറ ആശാനായ ഭുവിയും ഏതുനിമിഷവും അപകടം വിതക്കാൻ ശേഷിയുള്ള ഉമേഷും കരുത്തുവിടാത്ത പഴയ എൻജിനായ ഇഷാന്തും മികച്ച പിന്തുണ നൽകുന്നവർ. എട്ടുവർഷമായി ടീമിൽ സ്ഥിരം സാന്നിധ്യമായ ഉമേഷായിരിക്കും ഇത്തവണ അത്ഭുതങ്ങളുടെ രാജകുമാരനാകുകയെന്ന് പ്രവചിക്കുന്നു മുൻ ഇന്ത്യൻ താരം ആശിഷ് നെഹ്റ.
ഇംഗ്ലണ്ടിനെതിരെ പരമ്പര തോറ്റിട്ടും മാരക ഫോമുമായി നിറഞ്ഞുനിന്ന ഷമിയിൽ ബി.സി.സി.െഎ പ്രതീക്ഷകളേറെ വെക്കുന്നുവെന്നതിെൻറ തെളിവായിരുന്നു ആഭ്യന്തര സീസണിൽ അടുത്തിടെ താരത്തിന് പ്രത്യേക ക്വാട്ട നിർണയിച്ചത്. രഞ്ജിയിൽ ബംഗാളിെൻറ പ്രതീക്ഷയായ ഷമി പ്രതിദിനം 15 ഒാവറിൽ കൂടുതൽ എറിയരുതെന്നായിരുന്നു ബി.സി.സി.െഎ നിർദേശം.
എറിയാൻ ആരൊക്കെ? അഞ്ച് പേസർമാരിൽ ആരെയൊക്കെ കളിപ്പിക്കും. തീരുമാനം വിരാട് കോഹ്ലിക്കും രവി ശാസ്ത്രിക്കുമാണ്. ടീമിൽ മൂന്ന് പേരാണെങ്കിൽ ഒാസീസിനെ ടെസ്റ്റിൽ ആദ്യമായി നേരിടുന്ന ജസ്പ്രീത് ബുംറ, ഉമേഷ് യാദവ്, മുഹമ്മദ് ഷമി എന്നിവരെയാണ് മുൻ ഇന്ത്യൻ താരം സഹീർഖാൻ തെരഞ്ഞെടുക്കുന്നത്. ഉമേഷോ ബാറ്റിങ്ങിൽ കൂടി വിശ്വസിക്കാവുന്ന ഭുവനേശ്വർ കുമാറോ എന്നതാവും ചോയ്സ്. പരിചയ സമ്പന്നനെങ്കിലും ഇശാന്തിന് കാത്തിരിക്കേണ്ടിവരും.
11 തവണ ആസ്ട്രേലിയയിൽ സന്ദർശനം നടത്തിയിട്ടും ഇന്ത്യക്ക് ജയം മാത്രം സ്വന്തമാക്കാനായിട്ടില്ല. നാലു ടെസ്റ്റുകളടങ്ങിയ ടെസ്റ്റ് പരമ്പരയിൽ ഇത്തവണ പക്ഷേ, കാര്യങ്ങൾ മറിച്ചാണ്. ഉസ്മാൻ ഖ്വാജയും ടിം പെയിനും ആരോൺ ഫിഞ്ചുമടങ്ങുന്ന ബാറ്റിങ് നിരക്ക് കരുത്തുപോര. നേരിടാനുള്ളത്, സ്പിന്നിലും പേസിലും ഒരേ മുനയുള്ള ഇന്ത്യൻ ബൗളിങ്ങിനോടാകുേമ്പാൾ പ്രത്യേകിച്ച്. പക്ഷേ, ദുർബലരെന്നുതോന്നിച്ച ഘട്ടത്തിലാണ് പലപ്പോഴും ആസ്ട്രേലിയ കരുത്തുകാണിച്ചതെന്ന് കൂടി ഒാർക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.