ലോകം ഈ കാൽപന്തിന് ചുറ്റുമിങ്ങനെ കണ്ണിമ ചിമ്മാതെ നോക്കിയിരിക്കുന്നത് ഇത്തരം വിസ്മയക്കാഴ്ചകൾക്ക് വേണ്ടിയാണ്. കണ്ണൊന്ന് ചിമ്മിയാൽ കാണാതെ പോകുന്ന കാൽപ്പന്തിൻെറ ഗോൾ വലതേടിയുള്ള പ്രയാണത്തിന് സാക്ഷിയാകാനാണ്! പ്രതീക്ഷക്കൊത്തുയരാതെ പോയ രണ്ട് പ്രീ ക്വാർട്ടർ മൽസരങ്ങൾ ഇന്നലെ സമ്മാനിച്ച ഉറക്കച്ചടവിൽ നിന്നും ബ്രസീൽ മെക്സിക്കോ മത്സരം നൽകിയ ആവേശത്തിലായിരുന്നു കളി കാണാനിരുന്നത്.
ഒരു ഏഷ്യൻ രാജ്യത്തിൽ നിന്നും ഇന്ന് ജപ്പാൻ നടത്തിയ പോലൊരു പ്രകടനം ഒരിക്കലും ഫുട്ബോൾ പ്രേമികൾ പ്രതീക്ഷിച്ചിരുന്നില്ല. ചാമ്പ്യൻഷിപ്പിലെ കറുത്ത കുതിരകളെന്ന് പ്രവചിക്കപ്പെടുന്ന ബൽജിയത്തിനെതിരെ ജപ്പാൻ പ്രകടിപ്പിച്ച ഈ പോരാട്ട വീര്യത്തെ അവസ്മരണീയമെന്നല്ലാതെ എന്ത് വിശേഷിപ്പിക്കാൻ! തുടക്കം മുതൽ തന്നെ എണ്ണയിട്ട യന്ത്രം പോലെയായിരുന്നു ജപ്പാൻെറ കളി! പല തവണ അവർ ഒന്നാം പകുതിയിൽ തന്നെ ബൽജിയം ഗോൾ മുഖം വിറപ്പിക്കുകയും ചെയ്തു.
ആജാന ബാഹുവായ ലുക്കാക്കുവിൻെറ യൊക്കെ തലയിൽ നിന്നും സ്റ്റൂൾ വെച്ച് ചാടി ഉയരം കുറഞ്ഞ ജപ്പാൻ കളിക്കാർ പലപ്പോഴും പന്തൊഴിവാക്കുന്ന കാഴ്ചന്ന അൽഭുതത്തോടെയാണ് കണ്ട് നിന്നത്. സ്വന്തം ബോക്സിൽ ഉറുമ്പിൻകൂട്ടങ്ങളെ പോലെ അവർ ഹസാഡിനേയും കമ്പനിയേയുമൊക്കെ സംഘം ചേർന്നു പ്രതിരോധിച്ചു! കായബലത്തിലും താരക്കണക്കിലും ശരിക്കും ദാവീദും ഗോലിയാത്തും തമ്മിലുള്ള യുദ്ധം!
ഇടവേളയിൽ സമാസമം!
ഇടവേളകഴിഞ്ഞതും ജപ്പാൻകാർ വർദ്ധിത വീര്യത്തോടെ ബൽജിയം ഗോൾ മുഖം ആക്രമിച്ച് കൊണ്ടിരുന്നു. ഹിരോഷിമയിൽ നിന്നും നാഗസാക്കിയിൽ നിന്നുമൊക്കെ ഉയിർത്തെഴുന്നേറ്റവരുടെ പിൻമുറക്കാരുടെ പോരാട്ട വീര്യത്തെ തടയാൻ ബൽജിയം പ്രതിരോധം നന്നേ പ്രയാസപ്പെട്ടു. ബെൽജിയവും വിട്ട് കൊടുത്തില്ല, അവസരം കിട്ടുമ്പോഴൊക്കെ ജപ്പാൻ ഗോൾ മുഖവും വിറപ്പിച്ച് കൊണ്ടിരുന്നു! അതിനിടയിൽ അപ്രതീക്ഷിതമായി ജപ്പാൻ ഗോളടിച്ചു! 48ാം മിനുട്ടിൽ ഹാരാ ഗൂച്ചിയായിരുന്നു സ്കോറർ. അവശ്വസനീയമായ കാഴ്ചകണ്ണിൽ നിന്ന് മായും മുമ്പ് നാല് മിനുട്ടിനകം ജപ്പാൻ വീണ്ടും ഗോളടിച്ചു. ടി ഇനുയിയുടെ ലോങ് റേഞ്ചർ! രണ്ട് ഗോളിന് മുന്നിൽ കടന്നിട്ടും ജപ്പാൻ ആക്രമണം നിർത്തിയില്ല.
ഗോൾ മടക്കാനുള്ള കഠിന പ്രയത്നം മറുഭാഗത്തും! ശാരീരികമായുള്ള അന്തരമൊന്നും ജപ്പാൻെറ കളിയിൽ കണ്ടില്ല. 69 മിനുട്ടിൽ വെർടോഗൻ ബെൽജിയത്തിന് മൽസരത്തിലേക്ക് തിരിച്ചെത്താനുള്ള അവസരം നൽകി ദൈവസഹായമുള്ള ഗോൾ ! പാസ് നൽകിയ ബോൾ ഉയർന്ന് പൊങ്ങി ജപ്പാൻ നെറ്റിൽ എന്ന് വേണം കരുതാൻ! പിന്നീടൊരു ജീവൻമരണ പോരാട്ടം! 74ാമത്തെ മിനുട്ടിൽ ഫെല്ലിനിയിലൂടെ വീണ്ടും ബെൽജിയം (2-2)!
ഇഞ്ചുറി ടൈമിൻെറ അവസാനം കാണികളെ നിശബ്ദരാക്കി ചാഡ്ലിയുടെ വിന്നിങ് ഗോൾ ലുക്കാക്കുവിൻെറ മനോഹരമാരു 'ഡമ്മി പരീക്ഷണ'മാണ് ഗോളിൽ കലാശിച്ചത്.ജപ്പാൻകാരുടെ തലയിൽ അശ നിപാതം പോലെ പതിച്ച ആ ഗോളിന് ശേഷം നീണ്ട വിസിൽ! അസാമാന്യ പോരാട്ട വീര്യം ജയിച്ചവരും തോറ്റവരും പ്രകടിപ്പിച്ച മൽസരം! ഇതു പോലെ ഫുട്ബോളിലെ ഇത്തിരി കുഞ്ഞൻമാർ മഹാമേരുക്കളോട് പൊരുതുന്നത് കാണുന്നത് വല്ലാത്തൊരഭൂതിയാണ്. ഏഷ്യക്കാരനെന്ന നിലയിൽ അഭിമാനമാണ്! ഈ കാഴ്ചകൾ വിരുന്നെത്തുന്നത് കാണാനാണ് ഈരാത്രികൾ നിദ്രാ വിഹീനങ്ങളാക്കി ലോകം കാത്തിരിക്കുന്നത്! ഇത്തരം മൽസരങ്ങളും മൽസരഫലങ്ങളുമാണ് ഇക്കളിയെ വീണ്ടും വീണ്ടും നെഞ്ചോടു ചേർക്കാൻ പ്രേരിപ്പിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.