സ്വപ്നങ്ങളിലേക്ക് വെളിച്ചം പകര്‍ന്ന് ആരാധകക്കൂട്ടം


കൊച്ചി: ‘നിങ്ങള്‍ക്ക് നിരാശ തോന്നുന്നുവെങ്കില്‍ ആ ഗാലറിയിലേക്കൊന്നു നോക്കുക. ഒരു കുതിപ്പിനുള്ള ഊര്‍ജം അവര്‍ പകര്‍ന്നുതരും’ -യൂറോപ്യന്‍ ഫുട്ബാളിന്‍െറ വീറുറ്റ പോരാട്ടങ്ങളേറെക്കണ്ട സ്റ്റീവ് കോപ്പല്‍ ഹോം ഗ്രൗണ്ട് മത്സരങ്ങളില്‍ തന്‍െറ ശിഷ്യഗണങ്ങളെ പ്രചോദിപ്പിക്കാന്‍ എപ്പോഴും പറയുന്നതിതാണ്. തുടക്കം അമ്പേ തകര്‍ന്ന് പ്രതീക്ഷകളില്‍ ഇരുള്‍ പരക്കുന്നുവെന്ന് തോന്നിയ ഘട്ടത്തില്‍ കേരള ബ്ളാസ്റ്റേഴ്സിനെ സ്വപ്നങ്ങളുടെ തെളിച്ചത്തിലേക്ക് വഴി നടത്തിയത് ഈ കാണികളാണ്. പിന്നെ കോപ്പലിന്‍െറ കൗശലങ്ങളും. സെമിയില്‍ ഡല്‍ഹിക്കെതിരെ കോപ്പു കൂട്ടുമ്പോഴും കോച്ചിനും ടീമിനും ആത്മവിശ്വാസമേകുന്നതും കലൂരില്‍ തൊണ്ടപൊട്ടുമാറുച്ചത്തില്‍ ഉയരുന്ന ആരവങ്ങളാണ്.

ഇത് ആരാധകരുടെ വിജയമാണ്. ഡീഗോ ഫോര്‍ലാനും ഫ്ളോറന്‍റ് മലൂദയും ഹെല്‍ഡര്‍ പോസ്റ്റിഗയുമൊക്കെ തേരുതെളിക്കുന്ന കളിസംഘങ്ങള്‍ക്കിടയില്‍ ഉയര്‍ത്തിക്കാട്ടാന്‍ അത്രമേല്‍ തെളിച്ചമുള്ള നക്ഷത്രങ്ങളൊന്നുമില്ലാതിരുന്നിട്ടും ഈ ടീമിലെ എല്ലാവരെയും സ്റ്റാറാക്കി മാറ്റിയത് പാറശ്ളാല മുതല്‍ മഞ്ചേശ്വരം വരെയുള്ള പരശ്ശതം ആരാധകരാണ്. തിരിച്ചടികളുടെ തുടര്‍ച്ചയിലും അവര്‍ നിരാശരായി പിന്‍വാങ്ങിയില്ളെന്നു മാത്രമല്ല, ശരാശരിക്കാരായ ടീമിന് അനല്‍പമായ പിന്തുണ നല്‍കി അവരില്‍ അളവറ്റ ഊര്‍ജം കുത്തിവെച്ചു. അതുകൊണ്ടുതന്നെ, ഈ കാണികള്‍ക്കുമുമ്പില്‍ തങ്ങളുടെ മികച്ച പ്രകടനം പുറത്തെടുക്കാന്‍ ഓരോ കളിക്കാരനും നിര്‍ബന്ധിതനായതാണ് ബ്ളാസ്റ്റേഴ്സിന്‍െറ സെമിപ്രവേശത്തില്‍ നിര്‍ണായകമായത്. 

ലഭ്യമായ കളിക്കാരെവെച്ച് ടീമിനെ സംവിധാനിച്ച കോപ്പലിന്‍െറ മിടുക്ക് ഏറെ പ്രശംസനീയമായിരുന്നു. ടീം റിക്രൂട്ട്മെന്‍റില്‍ സക്രിയമായ ഇടപെടലുകള്‍ ടീം മാനേജ്മെന്‍റ് നടത്താതിരുന്നപ്പോള്‍ ലഭ്യമായ താരങ്ങളെവെച്ച് പടക്കൊരുങ്ങാന്‍ താന്‍ നിര്‍ബന്ധിതനാവുകയാണെന്ന് കോപ്പല്‍ തുറന്നടിച്ചിരുന്നു. ആരോണ്‍ ഹ്യൂസും സെഡ്രിക് ഹെങ്ബര്‍ട്ടും നയിക്കുന്ന പ്രതിരോധമാണ് ടീമിന്‍െറ ശക്തിയെന്നു തിരിച്ചറിഞ്ഞ കോച്ച്, ഡിഫന്‍സിവ് സമീപനം പുലര്‍ത്താന്‍ നിര്‍ബന്ധിതനാവുകയായിരുന്നു. താരതമ്യേന ക്രിയേറ്റിവ് പ്ളെയറായ ഹൊസു പ്രീറ്റോയെ വിങ്ങില്‍ കളിപ്പിക്കേണ്ടിവന്നു. ഡിഫന്‍സിവ് മിഡ്ഫീല്‍ഡര്‍മാര്‍ കൂടുതലുള്ള ടീമില്‍ മധ്യനിരയില്‍ മുന്നേറ്റങ്ങളെക്കാള്‍ കൂടുതല്‍ പ്രതിരോധത്തിന് പ്രാമുഖ്യംവന്നു. 

ഇതിനിടയിലും മൈക്കല്‍ ചോപ്രയെപ്പോലുള്ളവരെ വെച്ച് മുന്നേറ്റത്തിലേക്ക് പന്തുപായിക്കേണ്ടതുമുണ്ടായിരുന്നു. ടീം അമ്പേ നിരാശജനകമായ പ്രകടനം നടത്തിയപ്പോഴും വിമര്‍ശനങ്ങള്‍ക്കൊപ്പം അകമഴിഞ്ഞ പിന്തുണയുമായി കാണികള്‍ കലൂര്‍ സ്റ്റേഡിയത്തിലേക്ക് ഒഴുകിയത്തെി. 


 

Tags:    
News Summary - kerala blasters

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.