ഖല്‍ബാണ് പന്ത്
കാല്‍പന്തുകളിയുടെ വളക്കൂറുള്ള മണ്ണാണ് കേരളം. പ്രത്യേകിച്ച് വടക്കന്‍ ജില്ലകള്‍. കേരളം പിറന്ന അതേ വര്‍ഷമായിരുന്നു ഒളിമ്പ്യന്‍ റഹ്മാനും എസ്.എസ്. നാരായണനും ഇന്ത്യന്‍ കുപ്പായത്തില്‍ മെല്‍ബണ്‍ ഒളിമ്പിക്സില്‍ പന്തുതട്ടിയത്. സെമിഫൈനല്‍ വരെയത്തെിയ ചരിത്രകുതിപ്പിന് ഇന്നും ബദലില്ല. ഇവര്‍ക്കുമുമ്പേ തിരുവല്ല പപ്പന്‍ എന്ന തോമസ് വര്‍ഗീസും (1948), കോട്ടയം സാലിയും (1952), ശേഷം ഒ. ചന്ദ്രശേഖരും എം. ദേവദാസും (1960) ഒളിമ്പ്യന്‍ ഫുട്ബാളര്‍മാരായി. ഇവരുടെ പിന്മുറക്കാരായ ഐ.എം. വിജയന്‍, വി.പി. സത്യന്‍, സി.വി. പാപ്പച്ചന്‍, ജോപോള്‍ അഞ്ചേരി, യു. ഷറഫലി, എന്‍.പി. പ്രദീപ്, ആസിഫ് സഹീര്‍... എന്നിങ്ങനെ നീളുന്നു രാജ്യാന്തരതലത്തില്‍ മേല്‍വിലാസംകുറിച്ച മലയാള താരങ്ങള്‍.
പുതുതലമുറയില്‍ ഇന്ത്യന്‍ സൂപ്പര്‍ലീഗും ഐ ലീഗും വിസ്മയമായി അവതരിച്ചപ്പോള്‍ മുഹമ്മദ് റാഫി, സി.കെ. വിനീത്, റിനോ ആന്‍േറാ, അനസ് എടത്തൊടിക, ടി.പി. രഹനേഷ് തുടങ്ങിയ താരങ്ങളുമുണ്ട്.
സംസ്ഥാനങ്ങളുടെ അഭിമാനപോരാട്ടമായ സന്തോഷ് ട്രോഫിയില്‍ അഞ്ചു തവണ കേരളം കിരീടമണിഞ്ഞു (1973, 92, 93, 02, 05). എട്ടുതവണ റണ്ണര്‍അപ്പും.
•ഓഫ് സൈഡ്
നിരവധി ഇതിഹാസതാരങ്ങളുടെയും ഒരുപിടി പ്രഫഷനല്‍ ക്ളബുകളുടെയും ഡസന്‍കണക്കിന് രാജ്യാന്തര ടൂര്‍ണമെന്‍റുകളുടെയും വിളനിലമായിരുന്ന കേരളം 60ലത്തെുമ്പോള്‍ ഫുട്ബാളിന്‍െറ തരിശുനിലമായി. ദേശീയ ലീഗില്‍ കളിക്കാന്‍ സ്വന്തമായൊരു ക്ളബില്ല. മികച്ചതാരങ്ങളുടെ എണ്ണം വിരലിലെണ്ണാവുന്നതുമായി. ആകെയൊരു മേല്‍വിലാസം ഐ.എസ്.എല്ലില്‍ സാന്നിധ്യമായ കേരള ബ്ളാസ്റ്റേഴ്സ്.
കേരളത്തിന്‍െറ ഉഷസ്സ്
കേരളം വരച്ചിട്ട ട്രാക്കിലാണ് ഇന്ത്യയുടെ കുതിപ്പ്. ഒളിമ്പിക്സ് മുതല്‍ ഏഷ്യന്‍ ഗെയിംസ് വരെ അത്ലറ്റിക്സില്‍ ഏറ്റവും കൂടുതല്‍ പങ്കാളിത്തം കേരളത്തിനാണ്. 1952 ഹെല്‍സിങ്കിയില്‍ ഓടിയ ഇവാന്‍ ജേക്കബ് മുതല്‍ കഴിഞ്ഞ റിയോ ഒളിമ്പിക്സുവരെ കണ്ട കാഴ്ച. ലോങ്ജംപിലൂടെ സുരേഷ് ബാബുവും (1972) ടി.സി. യോഹന്നാനും (1976) നല്‍കിയ തുടക്കം പി.ടി. ഉഷ, ഷൈനി വില്‍സണ്‍, എം.ഡി. വല്‍സമ്മ, മേഴ്സിക്കുട്ടന്‍, കെ.എം. ബീനാമോള്‍, അഞ്ജു ബോബി ജോര്‍ജ് വഴി ടിന്‍റു ലൂക്കയിലും കെ.ടി. ഇര്‍ഫാനിലും വരെയത്തെി.
ഏഷ്യന്‍ ഗെയിംസ് ട്രാക്കിലായിരുന്നു കേരളത്തിന്‍െറ നിര്‍ണായക സാന്നിധ്യം. 1974 തെഹ്റാന്‍ ഗെയിംസ് ലോങ്ജംപില്‍ 8.07 മീറ്റര്‍ ചാടി ഏഷ്യന്‍ റെക്കോഡ് കുറിച്ച് സ്വര്‍ണമണിഞ്ഞ ടി.സി. യോഹന്നാനിലൂടെയായിരുന്നു തുടക്കം. പിന്നെ തിരിഞ്ഞുനോക്കിയില്ല. അടുത്ത ഗെയിംസില്‍ സുരേഷ് ബാബു, പിന്നെ 1982 ന്യൂഡല്‍ഹി ഏഷ്യന്‍ ഗെയിംസില്‍ 400 മീറ്ററില്‍ സ്വര്‍ണമണിഞ്ഞ എം.ഡി. വല്‍സമ്മയിലൂടെ വനിതകളുടെ സാന്നിധ്യവുമായി. 1986 സോള്‍ ഏഷ്യന്‍ ഗെയിംസില്‍ നാലു സ്വര്‍ണവും ഒരു വെള്ളിയുമണിഞ്ഞ് പി.ടി. ഉഷ വന്‍കരയുടെ സ്പ്രിന്‍റ് റാണിയായി. പിന്നാലെ ട്രാക്കില്‍ കേരളതാരങ്ങളിലൂടെയായിരുന്നു ഇന്ത്യയുടെ കുതിപ്പ്. ലോക ചാമ്പ്യന്‍ഷിപ്പില്‍ മെഡലണിഞ്ഞ ഏക ഇന്ത്യന്‍ താരമെന്ന റെക്കോഡ് അഞ്ജു ബോബി ജോര്‍ജിലൂടെ മലയാളത്തിനും അവകാശപ്പെട്ടത്.
•ഫൗള്‍ സ്റ്റാര്‍ട്ട്
സ്വതന്ത്ര ഇന്ത്യയുടെ എല്ലാ ഒളിമ്പിക്സ് യാത്രയിലും പങ്കാളിത്തം വഹിച്ച കേരളം റിയോയിലും പത്തുപേരെ അയച്ചു. പക്ഷേ, ഇന്നും ആവേശത്തോടെ വീമ്പിളക്കാനുള്ളത് 32 വര്‍ഷം മുമ്പ് ലോസ് ആഞ്ജലസില്‍ ഉഷക്ക് നഷ്ടമായ വെങ്കലമെഡല്‍ മാത്രം. ഒളിമ്പിക്സ് മെഡലിലേക്ക് കേരളത്തിന് ഇനിയെത്ര ദൂരം കാത്തിരിക്കണം.
ഇന്ത്യയോളം വളര്‍ന്ന മൂന്നുപേര്‍
കായിക ഇന്ത്യയുടെ ജീവവായുവായ ക്രിക്കറ്റിന് വളക്കൂറുള്ള മണ്ണായിട്ടും ദേശീയ ടീമില്‍ കളിക്കാന്‍ മൂന്ന് മലയാളികള്‍ക്കേ കഴിഞ്ഞുള്ളൂ. 2001 ഡിസംബറില്‍ ടിനു യോഹന്നാനിലൂടെയായിരുന്നു അരങ്ങേറ്റം. മൂന്ന് ടെസ്റ്റും മൂന്ന് ഏകദിനവും കളിച്ച ടിനുവിന്‍െറ പിന്‍ഗാമിയായി എസ്. ശ്രീശാന്തിലൂടെ കേരളം വീണ്ടും ഇടംനേടി. 2006ല്‍ അരങ്ങേറ്റംകുറിച്ച ശ്രീ 27 ടെസ്റ്റും 53 ഏകദിനവും കളിച്ച് സൂപ്പര്‍താരമാകുമ്പോഴേക്കും ഐ.പി.എല്‍ വാതുവെപ്പുകേസില്‍ കുരുങ്ങി ക്രിക്കറ്റ് കരിയര്‍ അസ്തമിച്ചു. മൂന്നാമനായ സഞ്ജു സാംസണ്‍ ഒരു ട്വന്‍റി20 മത്സരം കളിച്ച് ഏകദിന-ടെസ്റ്റ് ടീമുകളിലേക്കുള്ള വിളി കാത്തിരിക്കുന്നു.
സുനില്‍ ഒയാസിസ്, അനന്തപത്മനാഭന്‍ തുടങ്ങി ഫസ്റ്റ്ക്ളാസിലെ സൂപ്പര്‍താരങ്ങള്‍ ഏറെ വന്നുപോയിട്ടും ആഭ്യന്തര ക്രിക്കറ്റില്‍ ഇന്നും ശൈശവദശയിലാണ് കേരളം. സഞ്ജു മുതല്‍ രോഹന്‍ പ്രേം വരെയുള്ള പുതുമുഖ താരങ്ങളെയും അയല്‍ സംസ്ഥാനക്കാരെയും കൂട്ടുപിടിച്ച് നില മെച്ചപ്പെടുത്താനുള്ള ശ്രമത്തിലാണ് മലയാളമണ്ണ്.
പ്രിയപ്പെട്ട പപ്പനും ജിമ്മിയും
മലയാളിയുടെ മനസ്സിലും കളിക്കളത്തിലും സ്മാഷ് പതിപ്പിച്ച പ്രതിഭകള്‍ ഒട്ടേറെ. ഫാക്ട് പപ്പന്‍ എന്ന വിളിപ്പേരുള്ള ടി.ഡി. ജോസഫാണ് കൈപ്പന്തുകളിയില്‍ കേരളം സൃഷ്ടിച്ച ആദ്യ സൂപ്പര്‍സ്റ്റാര്‍. 1962ല്‍ ജകാര്‍ത്ത ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യ വെള്ളിയണിഞ്ഞപ്പോള്‍ ഏഷ്യയിലെ മികച്ച സ്പൈക്കര്‍ പദവി ഇദ്ദേഹത്തിന്‍െറ പേരിലത്തെി.
പപ്പനുശേഷം മലയാളത്തിന്‍െറ ഖ്യാതി ലോകത്തേക്കുയര്‍ത്തിയ വോളി താരമായിരുന്നു കണ്ണൂര്‍ പേരാവൂര്‍ തുണ്ടിയില്‍ സ്വദേശി ജിമ്മി ജോര്‍ജ്. മൂന്ന് ഏഷ്യന്‍ ഗെയിംസുകളില്‍ രാജ്യത്തിനായി പന്തടിച്ച ജിമ്മി, 1986ലെ ഏഷ്യന്‍ ഗെയിംസില്‍ വെങ്കലം നേടിയ ടീമില്‍ അംഗമായിരുന്നു. ഗള്‍ഫില്‍ വിവിധ ക്ളബുകള്‍ക്കായി കളിച്ച ജിമ്മി ഇറ്റലിയിലും കാണികളെ കൈയിലെടുത്തു. 32ാം വയസ്സില്‍ ഈ പ്രതിഭ ഇറ്റലിയിലെ മെഡേണയില്‍വെച്ച് കാറപകടത്തില്‍ മരിച്ചത് വോളിബാളിന് കനത്ത നഷ്ടമായിരുന്നു. സിറില്‍ സി. വെള്ളൂരും ഗോപിനാഥും ഉദയകുമാറും അബ്ദു റസാഖും നിറഞ്ഞുകളിച്ച കേരള വോളിയില്‍ ടോം ജോസഫ്, കപില്‍ദേവ്, കിഷോര്‍കുമാര്‍ തുടങ്ങിയ താരങ്ങളും പിന്നീട് വളര്‍ന്നുവന്നു.
വനിതാ വോളിയില്‍ നാമക്കുഴി സിസ്റ്റേഴ്സില്‍പെട്ട കെ.സി. ഏലാമ്മയാണ് കേരളത്തിന്‍െറ ആദ്യകാലത്തെ ശ്രദ്ധേയതാരം. മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനായ ഏലാമ്മക്ക് പിന്നാലെ സാലി ജോസഫിനെപ്പോലുള്ള താരങ്ങള്‍ വളര്‍ന്നുവന്നു. വനിതകളിലെ ജിമ്മി ജോര്‍ജെന്ന വിളിപ്പേരുണ്ടായിരുന്ന കോഴിക്കോട്ടുകാരി സാലി ജോസഫ് ഒരുകാലത്ത്് ഇന്ത്യന്‍ ടീമിലെ അവിഭാജ്യ ഘടകമായിരുന്നു. ഇന്ന് ഇന്ത്യയുടെ വനിതാതാരങ്ങളില്‍ ഏറെപ്പേരും മലയാളികളാണ്.
മലയാള ശ്രീ
കേരളത്തിന് 60 തികയുമ്പോള്‍ ഇന്ത്യന്‍ ഹോക്കിയുടെ മുഖശ്രീ എറണാകുളത്തുകാരന്‍ പി.ആര്‍. ശ്രീജേഷാണ്. 1972 മ്യൂണിക് ഒളിമ്പിക്സ് വെങ്കലമെഡല്‍ നേടിയ സംഘാംഗമായ മാനുവല്‍ ഫ്രെഡറിക് മാത്രമായിരുന്നു ഇന്ത്യന്‍ ഹോക്കിയില്‍ കേരള സാന്നിധ്യം. പക്ഷേ, കാലം മാറി. അതേ ദേശീയ ടീമിന്‍െറ കപ്പിത്താനായി ശ്രീജേഷത്തെിയതോടെ ഇന്ത്യക്കുള്ള നല്ലനാളും പിറന്നു. രണ്ടു ദിവസം മുമ്പ് നേടിയ ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി കിരീടം മുതല്‍ ഏഷ്യന്‍ ഗെയിംസ്, വേള്‍ഡ് ലീഗ്, കോമണ്‍വെല്‍ത്ത് ഗെയിംസ് മെഡല്‍നേട്ടങ്ങളുമായി പഴയ പ്രതാപത്തിലേക്ക് മടങ്ങുമ്പോള്‍ മുന്നില്‍നിന്ന് നയിക്കുന്ന മലയാളിയില്‍ അഭിമാനിക്കാം. മലയാള നാട്ടില്‍ പുതു ഹോക്കിതാരങ്ങളുടെ വരവിലും ശ്രീജേഷിന്‍െറ നേട്ടങ്ങള്‍ പ്രചോദനമാകുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.