കൊച്ചി: അങ്ങ് നാട്ടിൽ കാറ്റലോണിയൻ ദേശീയതയിലേക്ക് ഹിതപരിശോധന നടന്നതും സ്വതന്ത്രമായി നിൽക്കാൻ ബാഴ്സലോണ ഉൾപ്പെടുന്ന കാറ്റലൻ മേഖല താൽപര്യം കാട്ടിയതുമൊന്നും ഇൗ കളിസംഘത്തിന് ഒരു വിഷയമേ അല്ലെന്ന് മഹാരാജാസ് കോളജ് ഗ്രൗണ്ടിലെ അവരുടെ ചടുലചലനങ്ങൾ സാക്ഷ്യപ്പെടുത്തും. ടീമെന്ന നിലയിൽ അത്രമാത്രം ഒത്തിണക്കത്തോടെയും ഏറെ ആവേശത്തോടെയുമാണ് കോച്ച് സാൻറിയാഗോ ഡെനിയയുടെ വാക്കുകൾക്ക് സ്പെയിനിെൻറ കൗമാരസംഘം ചെവികൊടുക്കുന്നത്. പരിശീലനത്തിനുശേഷം കാറ്റലോണിയൻ ഹിതപരിശോധനയോടുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് ഒട്ടും താൽപര്യമില്ലാതെ കോച്ച് മുഖംതിരിച്ചുകളഞ്ഞതും അതുകൊണ്ടായിരുന്നു.
പൊള്ളുന്ന വെയിലിൽ രാവിലെ പത്തര മുതൽ രണ്ടു മണിക്കൂർ കൗമാരമേളക്കായി പടയൊരുക്കം നടത്തുേമ്പാൾ വല്ലാത്തൊരു ഉണർവുണ്ടായിരുന്നു സ്പെയിൻടീമിെൻറ ചുവടുകളിൽ. മുമ്പ് മൂന്നുതവണ കലാശക്കളിയിലെത്തിയിട്ടും കിരീടം കൈവിട്ടുപോയ സ്പാനിഷ് അർമഡ ഇക്കുറി വിശ്വകിരീടം മാത്രമാണ് മുന്നിൽ കാണുന്നത്. യൂറോപ്യൻ ചാമ്പ്യന്മാരെന്ന പകിട്ടിൽ ഇന്ത്യൻമണ്ണിൽ പോരിനിറങ്ങുന്ന സ്പെയിൻ, കപ്പുയർത്താൻ ഏറ്റവും സാധ്യത കൽപിക്കപ്പെടുന്ന ടീമുകളിലൊന്നാണ്.
തങ്ങളുടെ സ്വതഃസിദ്ധമായ പാസിങ് ഗെയിമിലൂന്നിയായിരുന്നു സ്പെയിനിെൻറ പരിശീലനമേറെയും. പ്രാക്ടീസാണെങ്കിൽകൂടി ടികിടാകയുടെ സ്വാധീനവും പാസിങ്ങിെൻറ കൃത്യതയും വ്യക്തിഗത മികവുമൊക്കെച്ചേർന്ന് കാണാൻ ഇമ്പമേറിയ നീക്കങ്ങൾ. സ്വാഭാവിക പ്രതിഭാശേഷിയാൽ വിസ്മയിപ്പിക്കുന്ന താരഗണങ്ങളാണ് ടീമിെൻറ കരുത്ത്.
ബാഴ്സലോണയുടെ ലാ മാസിയ അക്കാദമിയുടെയും റയൽ മഡ്രിഡിെൻറ ലാ ഫാബ്രിക്ക അക്കാദമിയിലെയും താരങ്ങൾക്കാണ് ടീമിൽ പ്രാമുഖ്യം കൂടുതൽ. കുറുകിയ പാസുകളിൽ വല നെയ്യുന്ന ബാഴ്സലോണയുടെ ശൈലിയും കൂടുതൽ ഡയറക്ടായി ആക്രമിച്ചുകളിക്കുന്ന റയലിെൻറ ശൈലിയും ചേർന്ന സമ്മിശ്ര തന്തങ്ങളാണ് സാൻറിയുടേത്. രണ്ടു ശൈലികൾക്കൊപ്പം ഇൗ പ്രതിസന്ധിവേളയിൽ രണ്ടു സംസ്കാരങ്ങളെ കൂടി ഒരു പന്തിെൻറ ചുവടുകൾക്കൊത്ത് ഒരുമിച്ചുനിർത്തുകയെന്ന ദൗത്യവും ടീം മാനേജ്മെൻറിനുണ്ട്. റയലിൽനിന്നുള്ള അഞ്ചുകളിക്കാരും ബാഴ്സയിലെ നാലു കളിക്കാരും ചേർന്നതാണ് ടീം.
പന്ത് കൈവശംവെച്ചു കളിക്കുന്നതിന് പ്രാമുഖ്യം നൽകുന്നതാണ് ഇരുക്ലബിെൻറയും അടിസ്ഥാന സ്വഭാവമെന്നതുകൊണ്ട് പാസിങ് ഗെയിമിലൂന്നി ടീമിനെ വാർത്തെടുക്കുാൻ സാൻറിക്ക് എളുപ്പമുണ്ട്. മുൻനിരയിൽ ബാഴ്സ താരങ്ങളായ ആബേൽ റൂയിസും സെർജിയോ ഗോമസും വലൻസിയയിൽനിന്നുള്ള ഫെറാൻ ടോറസും പടനയിക്കുേമ്പാൾ മധ്യനിരയിൽനിന്ന് അവർക്ക് പന്തെത്തിക്കാനുള്ള ചുമതല മുഖ്യമായും റയൽ താരങ്ങളായ അേൻറാണിയോ ബ്ലാേങ്കാക്കും മുഹമ്മദ് മുഖ്ലിസിനുമാണ്.
സ്പെയിനിലും ഇപ്പോൾ ചൂടുള്ള കാലാവസ്ഥയായതിനാൽ കൊച്ചിയിലെ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാൻ ബുദ്ധിമുട്ടില്ലെന്നതാണ് കോച്ചിെൻറ പക്ഷം.
ലക്ഷ്യം കിരീടം മാത്രം -സ്പെയിൻ കോച്ച്
കൊച്ചി: വിശ്വകിരീട നേട്ടത്തിൽ കുറഞ്ഞതൊന്നും തങ്ങളുടെ മുന്നിലില്ലെന്ന് സ്പെയിൻ കോച്ച് സാൻറിയാഗോ ഡെനിയ. ‘കടുത്ത ഗ്രൂപ്പിലാണ് പോരാട്ടങ്ങൾ. ടൂർണമെൻറിലെ ഏറ്റവും മികച്ച ടീമുകളിലൊന്നാണ് ബ്രസീൽ. നൈജറിനെയും വ.കൊറിയയെയും എഴുതിത്തള്ളാനാവില്ല. ബ്രസീലിനെതിരായ പോരാട്ടത്തോടെയാണ് ഞങ്ങൾ തുടക്കമിടുന്നത്. ഇതുവരെ കിരീടം നേടാൻ കഴിയാത്ത ഞങ്ങൾക്ക് ഇക്കുറി ആദ്യ ഘട്ടത്തിലെ കടുത്ത വെല്ലുവിളി മറികടക്കുകയെന്നതാണ് പ്രാഥമിക ലക്ഷ്യം ’-മഹാരാജാസ് കോളജിലെ പരിശീലനത്തിനുശേഷം മാധ്യമപ്രവർത്തകരോട് സാൻറിയോഗോ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.