കോഴിക്കോട്: കായികഭരണക്കാരുടെ അധികാരത്തിെൻറ അരികുപറ്റുന്നവര്ക്കും അഹന്തയുടെ ട്രാക്കില്‍ ഇതിഹാസതാരങ്ങളായവര്ക്കും ഇനി ആശ്വസിക്കാം. ‘ചിത്രവധം’ പൂർത്തിയായി. വാക്കുകളും ചട്ടങ്ങളും ചിലര്‍ക്കുവേണ്ടി മാത്രമെന്ന പുതിയകാലത്തെ ന്യായം 22കാരിയായ പാവം കായികതാരത്തിെൻറ കരിയറിലെ നിര്‍ണായക നിമിഷത്തെ കരിനിഴല്‍ വീഴ്ത്തിയിരിക്കുകയാണ്.
യോഗ്യതയുടെയും നിയമങ്ങളുടെയും ഉപനിയമങ്ങളുടെയും പേരില്‍ ചിത്രയെ വെട്ടാന്‍ കൂട്ടുനിന്നവര്‍ ആഹ്ലാദിക്കുകയാണ്. കളികള്‍ക്കു പിന്നില്‍ മലയാളിസാന്നിധ്യമുണ്ടെന്ന ആരോപണങ്ങള്‍ക്കു നേരെയുള്ള ദുര്‍ബലമായ പ്രതിരോധം ഓരോ ദിവസവും പൊളിഞ്ഞുവീഴുകയുമാണ്.
ചതി, കൊടുംചതി
നേരിട്ടുകണ്ടാല്‍ മുല്ലവള്ളിപോലെ ദുര്‍ബലമെങ്കിലും ട്രാക്കിലിറങ്ങിയാല്‍ കാറ്റുപിടിക്കാത്ത കരിമ്പനക്കരുത്തുമായി കുതിക്കുന്ന ചിത്രയെ കാലുവെച്ച് വീഴ്ത്തിയതെന്തിനെന്ന ചോദ്യത്തിന് ഒരാഴ്ച കഴിഞ്ഞിട്ടും ഉത്തരമായിട്ടില്ല. അത്ലറ്റിക്സ് ഫെഡറേഷന് ഓഫ് ഇന്ത്യ (എ.എഫ്.ഐ) എന്ന അഹങ്കാരികളുടെ കൂട്ടായ്മയും മലക്കംമറിയുകയാണ്.
കൊടുംചതികളുടെ നീണ്ട എപ്പിസോഡാണ് 10 ദിവസമായി ‘സംപ്രേഷണം’ ചെയ്യുന്നത്. ഭുവനേശ്വറില്‍ നടന്ന ഏഷ്യന്‍ അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടിയവര്‍ക്ക് ഒഡിഷ മുഖ്യമന്ത്രി നവീന്‍ പട്നായക് 10 ലക്ഷം രൂപ വീതം സമ്മാനിച്ചിരുന്നു. ജീവിതത്തിൽ ഏറ്റുവാങ്ങിയ ഏറ്റവും വലിയ സമ്മാനത്തുകയുടെ ചെക്ക് ചിത്രയും ഏറ്റുവാങ്ങിയിരുന്നു.
സ്വര്ണമണിഞ്ഞവരെ അഭിനന്ദിച്ച് നവീന്‍ പട്നായകും എ.എഫ്.ഐ ഭാരവാഹികളും അഞ്ജു ബോബി ജോര്‍ജും ഷൈനി വില്‍സനുമെല്ലാം ആശംസാപ്രസംഗത്തില്‍ പറഞ്ഞത് ഒരേ കാര്യം; ഈ സ്വര്‍ണനേട്ടം ലണ്ടനില്‍ ലോക ചാമ്പ്യന്‍ഷിപ്പിലും ആവര്‍ത്തിക്കാന്‍ കഴിയട്ടെ എന്ന ആശംസ. സ്വര്‍ണം നേടിയവര്‍ക്ക് ലണ്ടനിലേക്ക് ടിക്കറ്റുണ്ടാകുമെന്ന് ഭുവനേശ്വര്‍ മീറ്റിന് മുമ്പുതന്നെ എ.എഫ്.ഐ മാധ്യമപ്രവര്‍ത്തകരെ അറിയിച്ചിരുന്നു. എ.എഫ്.ഐയുടെ ഒൗദ്യോഗിക വെബ്സൈറ്റിലെ റിപ്പോർട്ടിലും ഇക്കാര്യം വ്യക്തമാക്കിയിരുന്നു. അജയ് കുമാര്‍ സരോജും സുധ സിങ്ങും ചിത്രയുമെല്ലാം ലണ്ടനില്‍ പെങ്കടുക്കുമെന്ന് ഉറപ്പായ നിമിഷങ്ങളായിരുന്നു ഇത്.
എന്നാൽ, ജൂൈല 20ന് നടന്ന സെലക്ഷന് കമ്മിറ്റി യോഗം എല്ലാം മാറ്റിമറിച്ചു. സ്ഥിരതയില്ലായ്മയുടെ പേരുപറഞ്ഞ് മൂന്നു പേരെയും ഒഴിവാക്കി. 20ന് യോഗം കഴിഞ്ഞിട്ടും 23ന് രാത്രി 9.30നാണ് ടീം പട്ടിക പ്രസിദ്ധീകരിച്ചതെന്നും ശ്രദ്ധേയമാണ്. ഈ സെലക്ഷന് കമ്മിറ്റിയില്‍ പി.ടി. ഉഷ, എ.എഫ്.ഐ സെക്രട്ടറി ജനറല്‍ സി.കെ. വത്സൻ, െഡപ്യൂട്ടി ചീഫ് കോച്ച് രാധാകൃഷ്ണന് നായര്‍ തുടങ്ങിയവര്‍ സെലക്ഷൻ കമ്മിറ്റിയിൽ ചിത്രക്കുവേണ്ടി വാദിച്ചില്ലെന്ന് സെലക്ഷന് കമ്മിറ്റി ചെയര്മാന് ജി.എസ്. രണ്‍ധാവ തന്നെ വെളിപ്പെടുത്തിയിരുന്നു. ചിത്രയുടെ പേര് പട്ടികയിലില്ലെന്ന് അറിയാമായിരുന്നിട്ടും മലയാളി സെലക്ഷന് കമ്മിറ്റി അംഗങ്ങളും നിരീക്ഷകയും ഒന്നും വെളിപ്പെടുത്തിയതുമില്ല. സുധ സിങ് പട്ടികയിലില്ലെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ നേരത്തേ അറിഞ്ഞിരുന്നുവെന്നതും ശ്രദ്ധേയമാണ്. ചിത്രയുടെ കാര്യത്തില്‍ ഇടപെടാനുള്ള നിര്‍ണായകമായ മൂന്നു ദിവസങ്ങളാണ് ചിലരുടെ പിടിപ്പുകേടുകൊണ്ട് നഷ്ടമായത്.
ഫെഡറേഷനെയും സെലക്ഷന് കമ്മിറ്റി ചെയര്‍മാനെയും കുറ്റംപറഞ്ഞ നിരീക്ഷകര്‍ക്ക് പറഞ്ഞതെല്ലാം വിഴുങ്ങേണ്ട അവസ്ഥയാണ്. ചിത്രക്കായി വാദിച്ചെങ്കിലും തങ്ങളുടെ വാദത്തിന് ബലംകിട്ടിയില്ലെന്നാണ് പി.ടി. ഉഷ കോഴിക്കോട്ട് വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞത്. എ.എഫ്.ഐക്കെതിരെ പ്രതികരിച്ചാല്‍ ഭാവി അപകടത്തിലാകുമെന്ന സൂചനയും അന്ന് ദൃശ്യമാധ്യമങ്ങളിലൂടെ ഉഷ നൽകിയിരുന്നു. എന്നാൽ, ഏഷ്യന്‍ ചാമ്പ്യന്മാരെ അയക്കണമെന്ന് താന്‍ ആവശ്യപ്പെട്ടിരുന്നതായാണ് സെലക്ഷന് കമ്മിറ്റി ചെയര്മാന് ജി.എസ്. രണ്‍ധാവ ഒടുവില്‍ പറഞ്ഞത്.
രണ്ധാവയെപ്പോലുള്ള പ്രഗല്ഭരായ സെലക്ടര്‍മാരടക്കം ചിത്രക്കുവേണ്ടി വാദിച്ചെന്ന് ഇതോടെ വ്യക്തമാക്കിയിരിക്കുകയാണ്. എ.എഫ്.ഐ പ്രസിഡൻറ് ആദില്‍ ജെ. സുമരിവാലയെപ്പോലുള്ളവരും ചിത്രക്കെതിരായി കളിച്ചെന്ന് വ്യക്തമാകുകയാണ്. ചിത്രക്ക് നിലവാരവും സ്ഥിരതയുമില്ലെന്ന് പറഞ്ഞവര്‍ ജോർഡനില്‍നിന്ന് വനിതകളുടെ 1500 മീറ്ററില്‍ ലോക ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്ന ടമാര അമീര്‍ എന്ന താരത്തിെൻറ സമയം പരിശോധിക്കുന്നതും നല്ലതാണ്. ടമാരയുടെ സമയം നാലു മിനിറ്റ് 25.47 സെക്കന്‍ഡാണ്. ചിത്രയുടെ സമയത്തേക്കാള്‍ എട്ടു സെക്കന്‍ഡ് കുറവ്.
േചർത്തുപിടിച്ചവരേറെ
അനീതിയുടെ ട്രാക്കിേലക്ക് ചിത്രയെ വലിച്ചെറിഞ്ഞപ്പോൾ മലയാളികളുടെ മനസ്സിനൊപ്പം സംസ്ഥാന സർക്കാറും ഒപ്പം നിന്നു. ഇത് ശരിയെല്ലന്ന് ‘പ്രമുഖ’ താരങ്ങേളാട് കായികമന്ത്രി എ.സി. മൊയ്തീൻ പറഞ്ഞത് പുതുമയുള്ള അനുഭവമായിരുന്നു. കായികരംഗത്ത് പ്രാഗത്ഭ്യമുള്ളവര്‍ തങ്ങള്‍ക്കു പിന്നാലെ വരുന്ന ഇളംകുരുന്നുകളെ വിവേചനമില്ലാതെ ഒരേ കണ്ണോടെ കാണണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞതും അർഥഗർഭമായിരുന്നു. വ്യക്തിതാൽപര്യങ്ങള് ഈ രംഗത്ത് കടന്നുവന്നാല്‍ കുട്ടികളുടെ അപാരമായ സാധ്യതകള്‍ക്ക് തിരിച്ചടിയുണ്ടാകും.
കുട്ടികളുടെ പ്രത്യാശകള്‍പോലും ഇത്തരം താൽപര്യങ്ങളുണ്ടായാല് തകരുമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകിയിരുന്നു. ചിത്രക്ക് ജോലിയടക്കം വാഗ്ദാനം ചെയ്തും സർക്കാർ ചേർത്തുപിടിച്ചത് കായികപ്രേമികളെ ആഹ്ലാദിപ്പിക്കുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.