ഉറങ്ങിക്കിടന്ന സിംഹങ്ങളെ ഗാരത് സൗത്ത് ഗേറ്റ് വിളിച്ചുണർത്തിയപ്പോൾ ആ ഉണർത്തുപാട്ടിന് ഇത്ര ആവേശം ഉണ്ടാക്കാനാവുമെന്ന് ആരും കരുതിയിരിക്കില്ല. സമാനതകളില്ലാത്ത ഒരു ഇംഗ്ലീഷ് ടീം ഒത്തിണക്കത്തിെൻറ വശ്യത 11 കാലുകളിൽ ആവാഹിച്ച് കളം നിറഞ്ഞപ്പോൾ കാൽപന്തുകളി സുന്ദരമായ മുന്നേറ്റങ്ങളുടെയും വിസ്മയ ഗോളുകളുടെയും സമന്വയമാണെന്ന് തെളിഞ്ഞു. കന്നിക്കാരായിട്ടും പരിഭ്രമമില്ലാത്ത മുന്നേറ്റങ്ങളിലൂടെയും അവസാനത്തെ ആ ഗോളിലൂടെയും പാനമക്കാരും മത്സരം അവിസ്മരണീയമാക്കി.
ചന്തമേറിയ നീക്കങ്ങളുമായി ഒത്തിണക്കത്തോടെ മുന്നേറിയ ജെസി ലിൻഗാഡ്-യങ്-സ്റ്റെർലിങ് ത്രയത്തെ തടഞ്ഞിടാൻ ആദ്യം മുതലേ പാനമ പരുക്കൻ അടവുകളാണ് സ്വീകരിച്ചത്. തുടർച്ചയായ ഇവരുടെ കടന്നുകയറ്റം ഇംഗ്ലീഷുകാർ ഏതു നിമിഷവും ഗോൾ നേടുമെന്ന സ്ഥിതി സൃഷ്ടിച്ചു. എട്ടാം മിനിറ്റിൽ ആദ്യ കോർണർ വഴങ്ങിയ പാനമക്കാർ കെയിനിനെയും ഹെൻഡേഴ്സണെയും ഗോളടിക്കാൻ വിടാതെ മാർക്ക് ചെയ്തപ്പോൾ പ്രതിരോധത്തിെൻറ കെട്ടുപൊട്ടിച്ച് ചാടി ഉയർന്ന ജോൺ സ്റ്റോൺസ് ഇംഗ്ലീഷുകാരെ മുന്നിലെത്തിച്ചു.
അതോടെ, തുടർച്ചയായി കൈയാങ്കളിക്ക് തുനിഞ്ഞ പാനമക്കാർ തുരുതുരാ ഗോളുകൾ ചോദിച്ചുവാങ്ങി. നായകൻ ഹാരി കെയിൻസ് ലഭിച്ച രണ്ടു പെനാൽറ്റികളും ഒരേ രീതിയിൽ വെടി പൊട്ടിച്ചപ്പോൾ പാനമ ഗോളി പെൺഡോ നിഷ്പ്രഭനായിപ്പോയി.
പന്തിനെക്കാൾ പ്രിയം എതിരാളികളുടെ കാലുകളാണെന്ന പാനമ ഡിഫൻഡറുടെ മനോഭാവവും അത് നിയന്ത്രിക്കാൻ കഴിയാതെപോയ റഫറിയുടെ നിസ്സഹായതയും ഒരു പരിധിവരെ ഈ മനോഹര മത്സരത്തിെൻറ രസച്ചരട് പൊട്ടിച്ചു.
●●●●●●
ജപ്പാൻ-സെനഗാൾ മത്സരം ആര് തോറ്റുപോയാലും സങ്കടമാകുമായിരുന്നു. രണ്ടു ടീമും വിജയം അർഹിെച്ചന്നതാണ് അതിവേഗം പന്ത് ഇരുവശത്തും കയറിയിറങ്ങിയ ഈ മത്സരത്തിെൻറ സവിശേഷത. 2002ലെ വിസ്മയക്കാഴ്ചകൾ ഓർമിപ്പിച്ച് കറുത്തവൻകരയുടെ പ്രതിനിധികൾ തുടക്കം മുതലേ മുന്നേറിയപ്പോൾ ജപ്പാൻ കഴിഞ്ഞ ലോകകപ്പിെല സ്ഥിതിയിലേക്ക് എത്തുമെന്ന് തോന്നിച്ചു.
എന്നാൽ, 12ാം മിനിറ്റിൽ വാഗിെൻറ കോർണർ കിക്ക് യൂസുഫ് ബാബേൽ നേരെ ഗോളിലേക്ക് മറിച്ചത് ഗോളി കാവാഷിമയുടെ കൈയിൽനിന്ന് തെറിച്ചു വീണപ്പോൾ കുറുക്കനെപ്പോലെ ചാടിവീണ മാനേ അത് വലയുടെ മധ്യഭാഗത്ത് തട്ടിയിട്ട് സെനഗാലിന് ലീഡ് നേടിക്കൊടുക്കുകയായിരുന്നു. ഒരുഗോൾ കുടുങ്ങിയ ജപ്പാൻ ആലസ്യം വിട്ടൊഴിഞ്ഞ് ഒത്തിണക്കത്തോടെ മുന്നേറിയപ്പോൾ മത്സരം അതിവേഗകളിയുടേതായി. ഒപ്പം, ആവേശകരമായ പ്രത്യാക്രമങ്ങളുടെയും. കാഗവയുടെ സമനിലയും, മൂസാ വാഗിെൻറ ബുള്ളറ്റ് ഗോളും പിറന്നതോടെ ആവേശമായി.
ഒടുവിലാണ് ജപ്പാെൻറ പകരക്കാരനാെയത്തിയ ഹോണ്ട ഗോളടിക്കലാണ് തെൻറ നിയോഗമെന്ന് തെളിയിച്ചത്. 77ാം മിനിറ്റിൽ ഗോൾ നേടി മൂന്നാം ലോകകപ്പിലും അവൻ താരമായി. 2010ലും 2014ലും ഗോൾ നേടിയ ഹോണ്ട 18ലും ജപ്പാൻ ടീമിെൻറ ഗോൾസ്രോതസ്സായി.
●●●●●●
ഹീറോയായെത്തിയ റോബർട്ട് ലെവൻഡോസ്കി സീറോ ആയി മടങ്ങിയ ദുര്യോഗമാണ് യൂറോപ്പിലെ ഏറ്റവും മികച്ച സ്കോറിങ് ബൂട്ടുകളിൽ ഒന്നിെൻറ കളികണ്ടവർക്കു ഇന്നുണ്ടായത്. യൂറോപ്യൻ യോഗ്യത മത്സരത്തിലെ കളിമികവ് കണക്കിലെടുത്ത് കപ്പിന് പോലും അവകാശികളായി പരിഗണിക്കപ്പെട്ട പോളണ്ട് ആദ്യ മത്സരത്തിൽ സെനഗാളിനോട് പരാജയപ്പെട്ടതിനെക്കാൾ മോശമായ പ്രകടനമാണ് കൊളംബിയക്കെതിരെ കാഴ്ചെവച്ചത്.
പ്രതിരോധ, മധ്യ, മുന്നേറ്റ നിരകൾ മുതൽ ഗോളിവരെ പരാജയമായി. മറുവശത്തു ആദ്യദിവസം ഹാമിഷ് റോഡ്രിഗസിനെ മാറ്റിനിർത്തി, ക്വാഡ്രൊഡയെ ആദ്യമേ പിൻവലിച്ച് അബദ്ധം കാണിച്ച പെക്കർമാൻ അവരെ മുൻനിർത്തിയാണ് കൊളംബിയക്കാരെ കളിക്കാൻ വിട്ടത്. ഇരുവരും അരങ്ങുതകർത്തപ്പോൾ ഏറ്റവും അവിസ്മരണീയമായ പ്രകടനവുമായി ഏകപക്ഷീയമായ മൂന്നു ഗോളുകൾക്ക് പോളണ്ടിനെ നിഷ്പ്രഭരാക്കി പ്രീ ക്വാർട്ടർ മോഹം നില നിർത്തി. റഷ്യൻ ലോകകപ്പിൽ ഏറ്റവും അധികം ഗോൾ പിറന്ന ദിവസമായിരുന്നു ഞായറാഴ്ച -14 ഗോളുകൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.