കറാച്ചി: ലോക ക്രിക്കറ്റിൽ ഇന്ന് ഏറ്റവും കൂടുതൽ ചർച്ചാ വിഷയമാകുന്ന ബാറ്റ്സ്മാനാണ് ഇന്ത്യൻ നായകൻ വിരാട് കോഹ്ലി. സചിൻെറ റെക്കോർഡുകൾ ഭേദിക്കാൻ പോകുന്ന താരമെന്നും ഏറ്റവും അപകടകാരിയായ ബാറ്റ്സ്മാനെന്നും കോഹ്ലിയെ വിശേഷിപ്പിക്കുന്നവർ കുറവല്ല. പഴയ വിഖ്യാത താരങ്ങളുമായി കോഹ്ലിയെ താരതമ്യം ചെയ്യുന്നതിനെ എതിർക്കുന്നവരുമുണ്ട്. എന്നാൽ കോഹ്ലിയെ പ്രശംസിച്ചുകൊണ്ട് പാകിസ്താൻെറ ഒരു കാലത്തെ തീതുപ്പുന്ന ബൗളറായ ശുഹൈബ് അക്തർ രംഗത്തെത്തിയിരിക്കുകയാണ്.
ആസ്ട്രേലിയൻ സ്പിൻ മാന്ത്രികൻ ഷെയിൻ വോൺ, പാകിസ്താൻെറ ഇതിഹാസ പേസർമാരായ വസീം അക്രം, വഖാർ യൂനിസ് എന്നിവർക്കെതിരെ ഇന്ത്യൻ നായകൻ വിരാട് കോഹ്ലി കളിച്ചിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചിട്ടുണ്ടെന്ന് ശുഹൈബ് അക്തർ പറഞ്ഞു. മൂവർക്കുമെതിരെ ബാറ്റേന്താൻ വിരാട് കോഹ്ലിക്ക് അവസരം ലഭിച്ചിരുന്നുവെങ്കിൽ അത് അദ്ദേഹം തന്നെ നന്നായി ആസ്വദിച്ചേനെ എന്നും അക്തർ അഭിപ്രായപ്പെട്ടു. ഇ.എസ്.പി.എൻ ക്രിക്ക് ഇൻഫോക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
44കാരനായ അക്തർ അഭിമുഖത്തിലുടനീളം കോഹ്ലിയെയും അദ്ദേഹത്തിൻെറ പ്രതിഭയെയും പുകഴ്ത്തി. ഞങ്ങൾ രണ്ടുപേരും ഒരുമിച്ചു കളിച്ചിരുന്നെങ്കിൽ ഏറ്റവും നല്ല സുഹൃത്തുക്കളായി മാറുമായിരുന്നു. ഞങ്ങൾ പഞ്ചാബികളാണ്. ഞങ്ങളുടെ രണ്ടുപേരുടേയും സ്വഭാവവും രീതികളും ഏകദേശം സമമാണ്. എന്നേക്കാൾ ഏറെ ജൂനിയറാണെങ്കിലും അദ്ദേഹത്തെ ഞാൻ ഏറെ ബഹുമാനിക്കുന്നു. -അക്തർ പറഞ്ഞു.
അതേസമയം, ഞങ്ങൾ തമ്മിൽ ഒരുപാട് സാമ്യതകൾ ഉണ്ടെങ്കിലും ഫീൽഡിൽ ഏറ്റവും വലിയ ശത്രുക്കളാവാനേ തരമുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി. ഞങ്ങൾ ഫീൽഡിന് പുറത്ത് നല്ല സുഹൃത്തുക്കളായേക്കാം. എന്നാൽ ഫീൽഡിനകത്ത് വലിയ ശത്രുക്കളും. നിങ്ങൾ വിരാടിനെതിരെ ഫൈറ്റ് ചെയ്യുകയാണെങ്കിൽ അദ്ദേഹം കൂടുതൽ ഏകാഗ്രനാകും. ഞാൻ അദ്ദേഹത്തിനെതിരെ പന്തെറിയുകയാണെങ്കിൽ ആ ശ്രദ്ധ തെറ്റിക്കാനാണ് ശ്രമിക്കുക. എൻെറ ഏറ്റവും കഠിനമായ പേസിലൂടെ അദ്ദേഹത്തിൻെറ തല തന്നെ ഞാൻ ലക്ഷ്യംവെക്കും. എനിക്കെതിരെ ഒരു പുൾ ഷോട്ടിനോ അല്ലെങ്കിൽ ഒരു കട്ടിനോ മുതിരാനായി ഞാൻ പ്രേരിപ്പിക്കും. ഇൗ രണ്ട് ഷോട്ടുകളും അദ്ദേഹം കളിക്കാത്തതാണ് -അക്തർ പറഞ്ഞു.
പാകിസ്താന് വേണ്ടി 46 ടെസ്റ്റ് മാച്ചുകൾ കളിച്ച അക്തർ 178 വിക്കറ്റുകളാണ് സ്വന്തമാക്കിയത്. 163 ഏകദിനങ്ങളിൽ നിന്നായി 247 വിക്കറ്റുകളും താരത്തിൻെറ പേരിലുണ്ട്. 15 ടി20 മാച്ചുകൾ മാത്രം കളിച്ച പാക് ഇതിഹാസ ബൗളർ 19 വിക്കറ്റുകളാണ് നേടിയത്. 2011ലാണ് അദ്ദേഹം ക്രിക്കറ്റിൽ നിന്നും വിരമിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.