തൃപ്രയാർ (തൃശൂർ): ഏഷ്യൻ ഗെയിംസ് വനിത ലോങ് ജംപിൽ വെള്ളി നേടി പത്തൊമ്പതുകാരി ആൻസി സോജൻ കായിക ഭൂപടത്തിൽ കടലോര ഗ്രാമമായ നാട്ടികയുടെ മുദ്ര പതിപ്പിച്ചു. 6.63 മീറ്റർ ചാടിയാണ് രണ്ടാംസ്ഥാനം നേടിയത്. സ്കൂൾതലം മുതൽ ദേശീയ ഗെയിംസുകളിലടക്കം ആൻസി വാരിക്കൂട്ടിയ മെഡലുകൾ ഏറെയാണ്.
ദേശീയതലത്തിൽ ആകെ 75 മെഡൽ നേടി. ഇതിൽ 50ഉം സ്വർണമാണ്. മണപ്പുറത്തെ മണൽത്തരികളിൽ കിതച്ചും കുതിച്ചും ഓടിയാണ് ഈ പെൺകുട്ടി പരിശീലിച്ചത്. വലപ്പാട്ടെ ഓട്ടോ ഡ്രൈവർ കണ്ണനായിരുന്നു പരിശീലകൻ. നാട്ടിക ഗവ. ഫിഷറീസ് സ്കൂളിൽനിന്നാണ് കായികരംഗത്ത് പരിശീലനത്തിനിറങ്ങിയത്. തൃശൂർ സെന്‍റ് തോമസ് കോളജിൽ ഡിഗ്രി വിദ്യാർഥിയായ ആൻസി, സോജൻ-ജാൻസി ദമ്പതികളുടെ മകളാണ്.
ഡൊമനിക്കും അഞ്ജലിയുമാണ് സഹോദരങ്ങൾ. സ്കൂൾ കായിക വേദികളിലെ മകളുടെ വേഗതയറിഞ്ഞ പിതാവ് സോജനും കുടുംബത്തിനും മകൾ ഏഷ്യൻ ഗെയിംസിൽ കളത്തിലിറങ്ങണമെന്നത് ഏറെക്കാലത്തെ സ്വപ്നമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.