സുവർണാഭിമാനമായി അന്നു റാണിയും പാറുൾ ചൗധരിയും; പത്താംനാളും മെഡലുകൾ വാരിക്കൂട്ടി ഇന്ത്യ

ഹാങ്ചോ: ഏഷ്യൻ ഗെയിംസ് അത്‍ലറ്റിക്സ് മൈതാനത്ത് ചൊവ്വാഴ്ചയും ഇന്ത്യയുടെ മെഡൽക്കൊയ്ത്ത്. രണ്ടു വീതം സ്വർണവും വെള്ളിയും വെങ്കലവുമായി ഇന്ത്യ ആറു മെഡലുകളാണ് ഇന്നലെ പട്ടികയിൽ ചേർത്തത്. വനിതകളുടെ 5000 മീറ്ററിൽ തകർപ്പൻ മുന്നേറ്റത്തോടെയാണ് പാറുൾ ചൗധരി സ്വർണമണിഞ്ഞത്.

കഴിഞ്ഞ ദിവസം 3000 മീറ്റർ സ്റ്റീപ്ൾചേസിൽ പാറുൾ വെള്ളി നേടിയിരുന്നു. അവസാന 40 മീറ്ററുകളിൽ ജപ്പാന്റെ റിറിക ഹിരോണകയെ തകർപ്പൻ കുതിപ്പിലൂടെ മറികടന്നാണ് പാറുൾ 5000 മീറ്ററിൽ സ്വർണത്തിലേക്ക് ഫിനിഷ് ചെയ്തത്. സമയം, 15 മിനിറ്റ് 14.75 സെക്കൻഡ്. എതിരാളി അരികിലെത്തിയോ എന്ന് ജപ്പാൻകാരി തിരിഞ്ഞുനോക്കിയ സമയത്ത് ഇന്നർലൈനിലൂടെ പാറുൾ കുതിച്ച് ഫിനിഷ് ലൈൻ തൊട്ടു.

വനിതകളുടെ ജാവലിൻ ത്രോയിൽ 62.92 മീറ്റർ പായിച്ചാണ് അന്നു റാണി സ്വർണം എറിഞ്ഞെടുത്തത്. ഈ സീസണിലെ മികച്ച പ്രകടനമാണിത്. നാലാമത്തെ ശ്രമത്തിലാണ് 31കാരിയായ അന്നുവിന് സ്വർണനേട്ടം കുറിക്കാനായത്. പാലക്കാട്ടുകാരൻ മുഹമ്മദ് അഫ്സൽ 800 മീറ്ററിൽ ഒരു മിനിറ്റ് 48.43 സെക്കൻഡിലാണ് ഫിനിഷ് ചെയ്തത്. ഡക്കാത്തലണിൽ 1974നു ശേഷം ഇന്ത്യ മെഡൽ നേടുന്നതിനു അത്‍ലറ്റിക്സ് വേദി സാക്ഷ്യം വഹിച്ചു.

ഡൽഹിയിൽ നിന്നുള്ള തേജസ്വിൻ ശങ്കർ 7666 പോയന്റുമായാണ് വെള്ളി നേടിയത്. പുരുഷന്മാരുടെ ട്രിപ്ൾ ജംപിൽ പ്രവീൺ ചിത്രവേൽ 16.68 മീറ്റർ ചാടിയാണ് വെള്ളിയണിഞ്ഞത്. മലയാളി താരം അബ്ദുല്ല അബൂബക്കർ 16.62 മീറ്ററോടെ നാലാം സ്ഥാനത്തായി. വനിതകളുടെ 400 മീറ്റർ ഹർഡ്ൽസിൽ തമിഴ്നാട്ടുകാരി വിത്യ രാമരാജിന് വെങ്കലം ലഭിച്ചു. 55.68 സെക്കൻഡാണ് സമയം. കഴിഞ്ഞ ദിവസം 4x400 മീറ്റർ മിക്സഡ് റിലേയിൽ വെള്ളി നേടിയ ടീമിലും വിത്യയുണ്ടായിരുന്നു. വനിതകളുടെ ഹൈജംപിൽ പൂജയും റുബിന യാദവും ആറ്, ഒമ്പത് സ്ഥാനങ്ങളിലേക്ക് പിന്തള്ളപ്പെട്ടു.

Tags:    
News Summary - Asian Games 2023: India's medal tally at 69

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.