‘ഇമാനെക്കെതിരായ ആക്രമണങ്ങൾ അധാർമികവും അന്യായവും’; രേഖകളും ചെറുപ്പകാല ചിത്രങ്ങളും പുറത്തുവിട്ട് പിതാവ്

പാരിസ്: അൾജീരിയൻ ബോക്സർ ഇമാനെ ഖെലിഫുമായി ബന്ധപ്പെട്ട ജെൻഡർ വിവാദവും സൈബർ ആക്രമണവും തുടരുന്നതിനിടെ ഇമാനെ പെൺകുട്ടിയായാണ് ജനിച്ചതും വളർന്നതുമെന്ന് തെളിയിക്കുന്ന രേഖകളും ചിത്രങ്ങളുമായി പിതാവ് അമർ ഖെലിഫ്. മകൾക്കെതിരായ ആക്രമണങ്ങൾ അധാർമികവും അന്യായവുമാണെന്ന് പറഞ്ഞ അദ്ദേഹം, വിമർശകരും കിംവദന്തി പരത്തുന്നവരും ലക്ഷ്യമിടുന്നത് അവളെ അസ്ഥിരപ്പെടുത്താനാണെന്നും അവൾ ലോക ചാമ്പ്യനാകുന്നത് കാണാൻ അവർ ആഗ്രഹിക്കുന്നില്ലെന്നും കുറ്റപ്പെടുത്തി.

‘ഇമാനെക്കെതിരായ ആക്രമണങ്ങൾ അധാർമികവും അന്യായവുമാണ്. ആറ് വയസ്സുള്ളപ്പോൾ മുതൽ അവൾ സ്പോർട്സ് ഇഷ്ടപ്പെടുന്നു, ഫുട്ബാൾ കളിക്കുമായിരുന്നു. വിമർശകരും കിംവദന്തി പരത്തുന്നവരും ലക്ഷ്യമിടുന്നത് ഇമാനെ അസ്ഥിരപ്പെടുത്താനാണ്, അവൾ ലോക ചാമ്പ്യനാകുന്നത് കാണാൻ അവർ ആഗ്രഹിക്കുന്നില്ല. അവൾ അൾജീരിയയെയും അറേബ്യൻ രാജ്യങ്ങളെയും അഭിമാന നേട്ടത്തിലെത്തിക്കുകയും സ്വർണ മെഡൽ നേടുകയും ചെയ്യുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു’ -എന്നിങ്ങനെയായിരുന്നു പിതാവിന്റെ പ്രതികരണം.

ഇമാനെയുമായി ബന്ധപ്പെട്ട ജെൻഡർ വിവാദം ഒളിമ്പിക്സിനെ തന്നെ പിടിച്ചുലച്ചിരുന്നു. ബോക്സിങ്ങിൽ വനിതകളുടെ 66 കിലോഗ്രാം വിഭാഗത്തിൽ എതിരാളിയെ 46 സെക്കൻഡിൽ ഇടിച്ചിട്ട അർജീരിയൻ താരം പുരുഷനാണെന്ന ആരോപണവുമായി എതിരാളിയായിരുന്ന ഇറ്റാലിയൻ താരം ഏഞ്ചല കരിനി അടക്കം രംഗത്തെത്തുകയായിരുന്നു. പരാജയത്തിന് ശേഷം ഇമാനെക്ക് ഹസ്തദാനം നൽകാൻ കരിനി തയാറായിരുന്നില്ല.

പ്രീ-ക്വാർട്ടറിൽ എതിരാളി ഇമാനെതിരെ മത്സരിക്കാൻ തയാറാവാതെ പിന്മാറുകയും ചെയ്തു. ഇതോടെ അവസാന എട്ടിലെത്തിയ താരം, ക്വാർട്ടറിൽ ഹംഗറി താരം അന്ന ലൂക ഹമോരിയെ അനായാസം കീഴടങ്ങി ​സെമിഫൈനലിലേക്ക് ഇടിച്ചുകയറി മെഡൽ ഉറപ്പിക്കുകയും ചെയ്തു. പ്രമുഖരുടെ വിമർശനവും വ്യാപക സൈബർ ആക്രമണവും നേരിട്ട താരത്തിന് കാണികളിൽനിന്ന് വൻ പിന്തുണയാണ് ലഭിച്ചത്. മത്സരത്തിന് മുമ്പ് എതിരാളിയായ അന്ന ലൂക ഹമോരി ഇൻസ്റ്റഗ്രാമിൽ ഇമാനെയെ അപമാനിക്കുന്ന ചിത്രം പങ്കുവെച്ചിരുന്നു. കരുത്തുറ്റ പേശിബലവും മൃഗത്തിന്റെ തലയുമുള്ള എതിരാളിയെ ചെറിയ പെൺകുട്ടി നേരിടുന്നതിന്റെ ചിത്രമായിരുന്നു അവർ പങ്കുവെച്ചത്. ജയിച്ചുകയറിയതോടെ കണ്ണീരോടെയാണ് താരം റിങ് വിട്ടത്. സെമിയിൽ തോറ്റാലും ഇമാനെക്ക് വെങ്കലം ഉറപ്പാണ്.

ലിംഗ യോഗ്യതാ പരിശോധനയിൽ പരാജയപ്പെട്ടതിനെ തുടർന്ന് 2023ൽ ന്യൂഡൽഹിയിൽ നടന്ന ലോക വനിത ബോക്സിങ് ചാമ്പ്യൻഷിപ്പിൽ ​ഫൈനലിന് തൊട്ടുമുമ്പായി ഇമാനെയെ വിലക്കിയിരുന്നു. രക്തത്തില്‍ ടെസ്റ്റോസ്റ്റിറോണ്‍ ഹോര്‍മോണിന്റെ അളവ് വളരെ കൂടുതലാണെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നായിരുന്നു നടപടി. തായ്‌വാന്റെ രണ്ടുതവണ ലോകചാമ്പ്യനായ ലിന്‍ യു ടിംഗിനും ഇതേ കാരണത്താൽ വെങ്കലമെഡല്‍ നഷ്ടപ്പെട്ടിരുന്നു. എന്നാൽ, പാരിസ് ഒളിമ്പിക്സിൽ പ​​ങ്കെടുക്കാൻ ഇരുവർക്കും അനുമതി ലഭിക്കുകയായിരുന്നു.  

Tags:    
News Summary - 'Attacks on Imane immoral and unjust'; Father released documents and childhood pictures

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.