പി.വി. സിന്ധു കോച്ച് പാർക് തേ സാങ്ങിനൊപ്പം (ഫയൽ ചിത്രം)

സിന്ധുവിന്റെ ആത്മവിശ്വാസം തകര്‍ക്കാന്‍ ശ്രമം, ട്രോളന്മാരെ തേച്ചൊട്ടിച്ച് കൊറിയന്‍ പരിശീലകന്‍!

സിംഗപ്പൂര്‍: ഉയര്‍ന്ന റാങ്കിങ്ങുള്ള താരങ്ങളൊന്നും പങ്കെടുക്കാത്ത ടൂര്‍ണമെന്റ് എളുപ്പം ജയിക്കാം! ഇന്ത്യയുടെ വനിതാ ബാഡ്മിന്റണ്‍ താരം പി.വി. സിന്ധു സിംഗപ്പൂര്‍ ഓപണ്‍ ജേതാവായപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വന്ന ട്രോള്‍ ആണിത്. എന്നാല്‍, ട്രോളന്‍മാര്‍ക്ക് മറുപടി നല്‍കാന്‍ സിന്ധു തയാറായിട്ടില്ല. പക്ഷേ, സിന്ധുവിന്റെ വിദേശ പരിശീലകന്‍ പാര്‍ക് തേ സാങ്  വിട്ടുകൊടുക്കാന്‍ തയാറല്ല.

ഇന്‍സ്റ്റഗ്രാമില്‍ സിന്ധുവിനൊപ്പമുള്ള ഫോട്ടോ പോസ്റ്റ് ചെയ്ത പാര്‍ക് ട്രോളന്മാര്‍ വായിച്ചറിയാന്‍ ഒരു നല്ല കുറിപ്പും ചേര്‍ത്തിട്ടുണ്ട്. ഉയര്‍ന്ന റാങ്ക് ഉള്ള താരങ്ങള്‍ പങ്കെടുക്കാത്തതിനാല്‍ ഈ ചാമ്പ്യന്‍ഷിപ്പ് ജയിക്കുക എളുപ്പമാണെന്ന് ചിലര്‍ പറയുന്നുണ്ട്. ശരിയാണ്, ടോപ് റാങ്കിങ് താരങ്ങള്‍ പങ്കെടുത്തിട്ടില്ല. പക്ഷേ, അതുകൊണ്ട് സിന്ധുവിന്റെ വിജയത്തിന്റെ മാറ്റ് കുറയുന്നില്ല. ആരൊക്കെ മത്സരിച്ചു, മത്സരിച്ചില്ല എന്നതൊന്നും ഇവിടെ വിഷയമല്ല. ആര് ജേതാവായി എന്നതാണ് പ്രധാനം. അവള്‍ കഠിനാധ്വാനം ചെയ്തു മറ്റാരെക്കാളും. സിംഗപ്പൂര്‍ ഓപണ്‍ നേടുക എന്നത് അവളുടെ ലക്ഷ്യമായിരുന്നു. സിന്ധൂ.. ഈ കിരീടം  നീ അര്‍ഹിക്കുന്നു, നീയാണ് 2022 സിംഗപ്പൂര്‍ ഓപണ്‍ ചാമ്പ്യന്‍ - കോച്ച് പാര്‍ക് തേ സാങ്ങിന്റെ പോസ്റ്റ് ഇതായിരുന്നു.

ചൈനയുടെ വാങ് ഹി സിയെയാണ് സിംഗപ്പൂര്‍ ഓപണ്‍ ഫൈനലില്‍ സിന്ധു പരാജയപ്പെടുത്തിയത്. 21-9, 11-21, 21-15 നായിരുന്നു ഇന്ത്യൻ താരത്തിന്റെ ജയം.

സിംഗപ്പൂര്‍ ഓപണില്‍ ലഭിച്ച ആത്മവിശ്വാസം ബിര്‍മിങ്ഹാം കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഗുണം ചെയ്യുമെന്ന പ്രതീക്ഷയിലാണ് സിന്ധു. എന്നാല്‍, ഇന്ത്യന്‍ താരത്തിന്റെ ആത്മവിശ്വാസം തകര്‍ക്കുന്ന തരത്തിലാണ് ട്രോളുകള്‍. ഇതിനെതിരെ ശക്തമായ പ്രതികരണമാണ് കോച്ച് നടത്തിയത്. ജൂലൈ 28 മുതല്‍ ആഗസ്റ്റ് എട്ട് വരെയാണ് കോമണ്‍വെല്‍ത്ത്‌ ഗെയിംസ്.

Tags:    
News Summary - PV Sindhu's coach breaks silence over trolls

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.