മെ​ഡ​ലു​റ​പ്പി​ച്ച് റെ​ഡ്ഡി-​ഷെ​ട്ടി ജോ​ടി

ടോക്യോ: മലയാളി താരങ്ങളായ എച്ച്.എസ്. പ്രണോയിയുടെയും എം.ആർ. അർജുന്റെയും ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ് മെഡൽ പ്രതീക്ഷ ഒരു മത്സരമകലെ അവസാനിച്ച ദിനം സെമിയിൽ കടന്ന് മെഡലുറപ്പാക്കി ഇന്ത്യയുടെ പുരുഷ ഡബ്ൾസ് സഖ്യം. സാത്വിക് സായ് രാജ് റാൻകി റെഡ്ഡിയും ചിരാഗ് ഷെട്ടിയുമടങ്ങിയ ജോടിയാണ് തകർപ്പൻ വിജയവുമായി ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ സെമിയിലെത്തുന്ന ആദ്യ ഇന്ത്യൻ പുരുഷ ടീമായത്.

ക്വാർട്ടർ ഫൈനലിൽ രണ്ടാം സീഡായ ആതിഥേയരുടെ തകുറോ ഹോകി-യൂഗോ കൊബയാഷി സഖ്യത്തെയാണ് ഏഴാം സീഡായ ഇന്ത്യൻ ജോടി മൂന്നു സെറ്റ് പോരിൽ വീഴ്ത്തിയത്. 24-22, 15-21, 21-14. ആദ്യ ഗെയിം കടുത്ത പോരാട്ടത്തിനൊടുവിൽ സ്വന്തമാക്കിയ ഇന്ത്യ ടീം രണ്ടാം ഗെയിം കൈവിട്ട ശേഷം നിർണായകമായ മൂന്നാം ഗെയിമിൽ ആധികാരിക വിജയവുമായി മെഡലുറപ്പിക്കുകയായിരുന്നു. ആറാം സീഡ് മലേഷ്യയുടെ ആരോൺ ചിയ-സോ വൂയ് യിക് സഖ്യമാണ് ശനിയാഴ്ച നടക്കുന്ന സെമിയിൽ ഇന്ത്യൻ ടീമിന്റെ എതിരാളികൾ.

ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ 13ാം മെഡലാണിത്. ഒരു സ്വർണവും രണ്ടു വീതം വെള്ളിയും വെങ്കലവുമടക്കം അഞ്ചു മെഡൽ നേടിയ പി.വി. സിന്ധുവാണ് മുന്നിൽ. പരിക്കുമൂലം സിന്ധു ഇത്തവണ മത്സരിക്കാനില്ല. ഡബ്ൾസിൽ ഇന്ത്യയുടെ രണ്ടാം മെഡൽ നേട്ടമാണിത്. 2011ൽ വനിത ഡബ്ൾസിൽ അശ്വിനി പൊന്നപ്പ-ജ്വാല ഗുട്ട സഖ്യം വെങ്കലം സ്വന്തമാക്കിയിരുന്നു.

മികച്ച പ്രകടനവുമായി ക്വാർട്ടർ വരെയെത്തിയ പ്രണോയിയും എം.ആർ. അർജുൻ-ധ്രുവ് കപില സഖ്യവും സെമിക്ക് മുമ്പ് വീണതോടെ ഇന്ത്യക്ക് കൂടുതൽ മെഡലുകൾക്കുള്ള അവസരം നഷ്ടമായി. കെന്റോ മൊമോട്ടയെയും ലക്ഷ്യ സെന്നിനെയും തോൽപിച്ചെത്തിയ ലോക 18ാം റാങ്കുകാരനായ പ്രണോയിക്ക് ക്വാർട്ടറിൽ 23ാം റാങ്കുകാരനായ ചൈനയുടെ ഷാവോ യുൻ പെങ്ങിന് മുന്നിലാണ് അടിതെറ്റിയത്. സ്കോർ: 19-21, 21-6, 21-18.

സീഡ് ചെയ്യപ്പെടാത്ത അർജുൻ-കപില ജോടി മൂന്നു തവണ ചാമ്പ്യന്മാരായ മന്നാം സീഡ് ഇന്തോനേഷ്യയുടെ മുഹമ്മദ് അഹ്സൻ-ഹേന്ദ്ര സത്യവാൻ ടീമിനോടാണ് 8-21, 14-21ന് തോറ്റത്. 

Tags:    
News Summary - World badminton championship

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.