തേഞ്ഞിപ്പലം: മൂന്നുദിവസമായി കാലിക്കറ്റ് സർവകലാശാല സി.എച്ച്. മുഹമ്മദ് കോയ സ്റ്റേഡിയത്തിലെ സിന്തറ്റിക് ട്രാക്കിൽ നടന്നുവന്ന സര്‍വകലാശാല അന്തര്‍കലാലയ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ തൃശൂർ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് കിരീടം നിലനിർത്തി. പതിവിന് വിപരീതമായി മീറ്റിെൻറ ആദ്യദിനം തൊട്ട് ഏകപക്ഷീയമായി മുന്നേറിയ ക്രൈസ്റ്റിന് പുരുഷ, വനിത വിഭാഗങ്ങളിലൊന്നും വെല്ലുവിളിയുണ്ടായില്ല.
പുരുഷ വിഭാഗത്തിൽ തുടർച്ചയായ എട്ടാമത്തെയും വനിതകളിൽ മൂന്നാമത്തെയും കിരീടമാണ്. തുടർച്ചയായ മൂന്നാം തവണയാണ് ക്രൈസ്റ്റ് രണ്ടിലും ഏറ്റവും കൂടുതൽ പോയൻറ് നേടുന്നത്. ആകെ 26 സ്വർണവും 17 വെള്ളിയും 15 വെങ്കലവും ഇവർ നേടി. പുരുഷ വിഭാഗത്തില്‍ 10 വീതം സ്വര്‍ണവും വെള്ളിയും അഞ്ച് വെങ്കലവുമടക്കം 91 പോയൻറാണ് ലഭിച്ചത്. വനിത താരങ്ങൾ വഴി 16 സ്വര്‍ണവും ഏഴ് വെള്ളിയും 10 വെങ്കലവുമായി 121 പോയൻറും ക്രൈസ്റ്റിന് കിട്ടി.
ഏഴ് സ്വര്‍ണം, രണ്ട് വെള്ളി, ആറ് വെങ്കലം ഉള്‍പ്പെടെ 57 പോയൻറ് കരസ്ഥമാക്കിയ ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളജിനാണ് പുരുഷന്മാരിൽ രണ്ടാം സ്ഥാനം. രണ്ട് സ്വർണം, നാല് വെള്ളി, മൂന്ന് വെങ്കലം എന്നിങ്ങനെ 26 പോയൻറിൽ തൃശൂര്‍ സെൻറ് തോമസ് കോളജ് മൂന്നാം സ്ഥാനക്കാരായി. വനിതകളിൽ നാല് സ്വർണവും രണ്ട് വെള്ളിയും നേടി സെൻറ് തോമസ് (26) രണ്ടും അഞ്ച് വെള്ളിയും മൂന്ന് വെങ്കലവും ലഭിച്ച പാലക്കാട് മേഴ്സി കോളജ് മൂന്നും സ്ഥാനത്തെത്തി.
അവസാന ദിനം ഒരുമീറ്റ് റെക്കോഡ് മാത്രമാണ് പിറന്നത്. പുരുഷ 1500 മീ. ഓട്ടത്തിൽ ഗുരുവായൂർ ശ്രീകൃഷ്ണയിലെ കെ.എ. അഖിൽ മൂന്ന് മിനിറ്റ് 57.09 സെക്കൻഡിൽ ഫിനിഷ് ചെയ്തപ്പോൾ 2018-19ൽ ക്രൈസ്റ്റിലെ ബിബിൻ ജോർജിെൻറ മൂന്നു മിനിറ്റ് 58.99 സെക്കൻഡ് സമയം പിറകിലായി.
സമാപനച്ചടങ്ങില്‍ സര്‍വകലാശാല പ്രോ വൈസ് ചാന്‍സലര്‍ ഡോ. എം. നാസര്‍, രജിസ്ട്രാര്‍ ഡോ. ഇ.കെ. സതീഷ് എന്നിവര്‍ ട്രോഫികള്‍ വിതരണം ചെയ്തു. കോഴിക്കോട് ഗവ. ഫിസിക്കല്‍ എജ്യുക്കേഷന്‍ കോളജ് പ്രിന്‍സിപ്പല്‍ എന്‍. അനില്‍ കുമാര്‍ അധ്യക്ഷത വഹിച്ചു. കായികവിഭാഗം മേധാവി ഡോ. വി.പി. സക്കീര്‍ ഹുസൈന്, കെ.എസ്. ഹാരിസ് ബാബു, അസി. ഡയറക്ടര്‍ ഡോ. കെ. ബിനോയ്, ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. എം.ആര്. ദിനു, ഡോ. വി. റോയ് ജോണ്‍, ഫാ. ജോളി ആന്‍ഡ്രൂസ് തുടങ്ങിയവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.