ലണ്ടൻ: പ്രമുഖ ഇംഗ്ലീഷ് ഫുട്ബാൾ ക്ലബ് നോർവിച് സിറ്റി എഫ്.സി സംഘാടകരായ മിന കപ്പ് യു.കെ ടൂർണമെന്റിൽ അതിശയിപ്പിക്കുന്ന പ്രകടനവുമായി ചെന്നൈയിൻ എഫ്.സി അണ്ടർ 12 ടീം. ജർമൻ വമ്പന്മാരായ ബൊറൂസിയ ഡോർട്ട്മുണ്ടിന്റെ ജൂനിയർ സംഘത്തെ രണ്ടിനെതിരെ നാല് ഗോളിനാണ് ഇവർ തോൽപിച്ചത്. മണിപ്പൂരുകാരൻ സ്ട്രൈക്കർ നെപ്പോളിയൻ ലെയ്ഖുറാമിന്റെ വകയായിരുന്നു നാല് ഗോളും. ടൂർണമെന്റിൽ ഇന്ത്യയിൽനിന്ന് പങ്കെടുത്ത ഏക ടീമായിരുന്നു ചെന്നൈയിൻ.
ഇന്റർ മിലാൻ, ലിവർപൂൾ തുടങ്ങിയ കരുത്തരുടെ ഗ്രൂപ്പിലായിരുന്നു ജൂനിയർ മച്ചാൻസ്. ഇന്ററിനോട് 0-1നും ലിവർപൂളിനോട് 0-2നും പൊരുതിത്തോറ്റെങ്കിലും തുടർന്ന് നടന്ന സിൽവർ കപ്പ് ഗ്രൂപ് മത്സരത്തിൽ ബെർമുഡ എഫ്.എയെ 2-0ത്തിന് വീഴ്ത്തി. ഗ്രൂപ്പിലെ നാലിൽ ആദ്യ രണ്ട് സ്ഥാനക്കാർ ഗോൾഡ് കപ്പിനും മറ്റു രണ്ടു സ്ഥാനക്കാർ സിൽവർ കപ്പിനുമാണ് യോഗ്യത നേടുക.
സ്ഥാനങ്ങൾ നിർണയിക്കാനുള്ള മത്സരങ്ങളിൽ 2-0ത്തിന് തന്നെ ബെർമുഡയെ തകർത്ത ചെന്നൈയിൻ 4-2ന് ബൊറൂസിയയെയും മറിച്ചിടുകയായിരുന്നു. എട്ട് മത്സരങ്ങൾ കളിച്ച ചെന്നൈയിൻ മൂന്നെണ്ണത്തിൽ ജയിച്ചപ്പോൾ അഞ്ചെണ്ണത്തിൽ പരാജയം രുചിച്ചു.
ആകെ ഗോൾ നേടിയ ചെന്നൈയിൻ താരം ലെയ്ഖുറാം ടോപ് സ്കോററുമായി. മറ്റു രാജ്യങ്ങളിൽനിന്നുള്ള ടീമുകളെയും പങ്കെടുപ്പിച്ച് വിവിധ വയസ്സ് കാറ്റഗറികളിൽ ടൂർണമെന്റുകൾ സംഘടിപ്പിച്ച് വരികയാണ് നോർവിച് സിറ്റി. ലോക ഫുട്ബാളിലെ ഭാവിവാഗ്ദാനങ്ങൾക്കൊപ്പം പന്ത് തട്ടാനുള്ള അവസരമാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.