മഞ്ചേരി: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ 'ചെൽസി'യുടെ കട്ട ഫാനായ ജാമിർ വലിയമണ്ണിലിന് ഇതിൽപരം സന്തോഷം വേറെയില്ല. നടന്നത് സ്വപ്നമാണോ യാഥാർഥ്യമാണോ എന്ന ഞെട്ടലിലാണ് ആനക്കയം സ്വദേശിയായ ഈ ചെറുപ്പക്കാരൻ. അബൂദബിയിൽ നടന്ന ക്ലബ് ലോകകപ്പ് ഫൈനൽ വേദിയിൽ, ചെൽസിയുടെ പ്രതിരോധ താരവും ടൂർണമെൻറിലെ മികച്ച താരവുമായ തിയാഗോ സിൽവയുടെ ജഴ്സി ലഭിച്ചത് ജാമിറിനായിരുന്നു. മത്സരശേഷമാണ് ഗാലറിയിൽ ചെൽസിക്കായി ആർപ്പുവിളിച്ച ജാമിറിനെ തേടി ജഴ്സി എത്തിയത്.
ചെൽസിയെ നെഞ്ചിലേറ്റിയ ദുബൈ മലയാളികളുടെ കൂട്ടായ്മയായ 'ദുബൈ ബ്ലൂസി'ന്റെ സ്ഥാപകനും സെക്രട്ടറിയുമായ ജാമിർ ക്ലബ് ലോകകപ്പിന് യു.എ.ഇ വേദിയാകുമെന്നറിഞ്ഞതോടെ തന്നെ ആകാംക്ഷയിലായിരുന്നു. മത്സരത്തിന് പോകാനുള്ള ഒരുക്കങ്ങൾ നേരത്തേ നടത്തി. കൂട്ടായ്മയിലെ നൂറോളം വരുന്ന അംഗങ്ങൾക്കൊപ്പമാണ് അബൂദബിയിലെ വേദിയിലെത്തിയത്. ''തിയാഗോ സിൽവ, താങ്കളുടെ ജഴ്സി എനിക്ക് നൽകൂ'' എന്നെഴുതിയ ബാനറും ജാമിറിന്റെ കൈയിലുണ്ടായിരുന്നു. ആദ്യപകുതിക്കുശേഷം ഗാലറിയിലുണ്ടായിരുന്ന സിൽവയുടെ ഭാര്യയുടെ ശ്രദ്ധയിൽ ബാനർ പെട്ടതോടെ അവരുമായി സംസാരിച്ചു. തുടർന്ന് ജഴ്സി നൽകാമോയെന്നും ചോദിച്ചു.
മത്സരം കഴിഞ്ഞ് ക്ലബിന്റെ വിജയം കുടുംബത്തോടൊപ്പം ആഘോഷിക്കാനെത്തിയ സിൽവയോട് ജാമിറിനെ ചൂണ്ടിക്കാട്ടി ഭാര്യ ബെല്ലേ സിൽവ ഇക്കാര്യം പറഞ്ഞതോടെയാണ് ഭാഗ്യം തെളിഞ്ഞത്. ബാഗിലുണ്ടായിരുന്ന ഒപ്പിട്ട ജഴ്സി ജാമിറിനായി ഗാലറിയിലേക്ക് എറിഞ്ഞുനൽകി. മറ്റുള്ളവർ ജഴ്സി എടുക്കാൻ ശ്രമിച്ചെങ്കിലും ജാമിറിന്റെ കൈയിൽ കിട്ടുന്നതുവരെ തിയാഗോ ഗാലറിക്ക് മുന്നിൽനിന്നു. തുടർന്ന് വിജയചിഹ്നം ഉയർത്തിയാണ് സിൽവ മടങ്ങിയത്. ജഴ്സി ലഭിച്ചതിൽ ഏറെ സന്തോഷമുണ്ടെന്നും ചെൽസിയുടെ ഹോം ഗ്രൗണ്ടായ 'സ്റ്റാംഫോർഡ് ബ്രിഡ്ജി'ജിൽ മത്സരങ്ങൾ കാണുകയാണ് അടുത്ത ലക്ഷ്യമെന്നും ജാമിർ 'മാധ്യമ'ത്തോട് പറഞ്ഞു. താൻ ആദ്യമായി നേരിൽകണ്ട മത്സരത്തിൽ തന്നെ ചെൽസി ജേതാക്കളായതിൽ ആഹ്ലാദമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബ്രസീലിയൻ ക്ലബായ പാൽമെയ്റാസിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തകർത്താണ് ചെൽസി ലോകകിരീടം നേടിയത്. ഈ വർഷം ഖത്തറിൽ നടക്കുന്ന ലോകകപ്പിന്റെ പ്രചാരണാർഥം സംഘാടകർ ഒരുക്കിയ ഫാൻ ലീഡർ നെറ്റ് വർക്കിൽ അംഗമായ ഏകമലയാളിയും ജാമിറായിരുന്നു. ഫിഫ ദ ബൈസ്റ്റ് പുരസ്കാര വേദിയിലെ കൂറ്റൻ ഡിജിറ്റൽ ചുമരിൽ തയാറാക്കിയ കാണികളുടെ കൂട്ടത്തിലുമുണ്ടായിരുന്നു. ദുബൈയിലെ ഡ്രാഗോമാൻ മാർക്കറ്റിങ് മാനേജ്മെൻറ് കമ്പനിയിലെ അക്കൗണ്ടൻറ് ജനറലാണ് ജാമിർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.