പാലക്കാട്: യു.എസിലെ ഒറിഗോണിലെ ലോക അത്ലറ്റിക്സ് വേദി, ഞായറാഴ്ച രാവിലെ 6.50, ശ്രീശങ്കറിന്‍റെ മുഖം ടി.വിയിൽ തെളിഞ്ഞതോടെ ശങ്കുവിന്‍റെ യാക്കരയിലെ വീട്ടിൽ ഹർഷാരവം ഉയർന്നു. അമ്മ ബിജിമോളും സഹോദരി ശ്രീപാർവതിയും കുടുംബാംഗങ്ങളുമെല്ലാം ഫൈനലിലെ ശങ്കുവിന്‍റെ പ്രകടനം കാണാൻ ടി.വിക്ക് മുന്നിൽ കണ്ണിമ വെട്ടാതെ ഇരുന്നു. ലോങ്ജംപ് മത്സരം തുടങ്ങുന്നതിന് മുമ്പ് ശ്രീശങ്കർ അമ്മയുമായി ഫോണിൽ സംസാരിച്ചിരുന്നു.
ശങ്കുവിന്‍റെ ഊഴമായപ്പോൾ എല്ലാവരുടേയും മുഖത്ത് പിരിമുറുക്കം. ബിജിമോൾ പൂജ മുറിയിൽപോയി പ്രാർഥിച്ച് വീണ്ടും ടി.വിയുടെ മുന്നിലേക്ക്. ആദ്യ ചാട്ടത്തിൽ 7.96 മീറ്റർ കുറിച്ചു. മെച്ചപ്പെട്ട പ്രകടനത്തിനായി കാത്തിരിപ്പ്. എന്നാൽ, രണ്ടും മൂന്നും ചാട്ടം ഫൗൾ ആയതോടെ ആശങ്ക ഇരട്ടിച്ചു. ഫൈനലിന് ഇറങ്ങിയ 12 പേരിൽ അവസാന റൗണ്ടിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത് എട്ടുപേർ. ഈ എട്ടിൽ ശങ്കുവും സ്ഥാനം പിടിക്കണേയെന്നായിരുന്നു എല്ലാവരുടേയും പ്രാർഥന. ഉദ്വേഗത്തിന് വിരാമമിട്ട് ശങ്കു ഏഴാമനായി ബെർത്ത് ഉറപ്പിച്ചപ്പോൾ ആഹ്ലാദം തിരതല്ലി.
അവസാന റൗണ്ട് മത്സരം തുടങ്ങിയപ്പോൾ നെഞ്ചിടിപ്പ് കൂടി. എന്നാൽ, ആദ്യ ചാട്ടമായ 7.96 മീറ്ററിൽനിന്ന് ശങ്കുവിന് മുന്നേറാനായില്ല. നാലാം ചാട്ടം 7.89 മീറ്റർ. അഞ്ചാം ചാട്ടം ഫൗളുമായി. അവസാന ചാട്ടത്തിൽ 7.83 മീറ്റർ മാത്രവും. എട്ട് മീറ്റർ മറികടക്കാനാവാത്തത് നിരാശ പടർത്തിയെങ്കിലും ഫൈനലിൽ ഏഴാമനായതിന്‍റെ സന്തോഷം എല്ലാവരും പങ്കിട്ടു. ശങ്കു നല്ല ഫോമിലായിരുന്നുവെങ്കിലും മികച്ച പ്രകടനം കാഴ്ചവെക്കാൻ കഴിയാത്തതിൽ വിഷമമുണ്ടെന്ന് അമ്മ ബിജിമോൾ പറഞ്ഞു. ഫൈനലിൽ എത്താൻ കഴിഞ്ഞതിൽ വളരെയേറെ സന്തോഷം.
ജംപിൽ മികച്ച പ്രകടനം എന്നത് ഒരു ഭാഗ്യമാണ്. അത് എല്ലായ്പ്പോഴും കിട്ടിക്കൊള്ളണമെന്നില്ല. കോമൺവെൽത്ത് ഗെയിംസിൽ കൂടുതൽ ചെയ്യാൻ കഴിയുമെന്ന് പ്രതീക്ഷയുണ്ടെന്നും മുൻ ദേശീയ കായിക താരം കൂടിയായ ബിജിമോൾ പറഞ്ഞു. ലോക അത്ലറ്റിക്സിന്‍റെ ഫൈനലിൽ എത്തുന്ന ആദ്യ ഇന്ത്യക്കാരൻ എന്ന നിലക്ക് ശ്രീശങ്കറിനെക്കുറിച്ച് നമുക്ക് അഭിമാനിക്കാമെന്ന് ഷാഫി പറമ്പിൽ എം.എൽ.എ പറഞ്ഞു. ചെറുപ്രായത്തിൽതന്നെ വലിയ നേട്ടങ്ങൾകുറിച്ച ശ്രീശങ്കർ, മെഡലിലേക്കുള്ള യാത്രയിലാണെന്നും അതിനുവേണ്ട എല്ലാ സൗകര്യവും ചെയ്തുകൊടുക്കണമെന്നും എം.എൽ.എ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.