അഹമ്മദാബാദ്: അരങ്ങേറ്റ താരം ഇഷാൻ കിഷൻന്‍റെ അർധ സെഞ്ച്വറി പ്രകടനത്തിന്‍റെ മികവിൽ രണ്ടാം ട്വന്‍റി 20 മത്സരത്തിൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് ഏഴ് വിക്കറ്റിന്‍റെ ഉജ്ജ്വല വിജയം. ഇംഗ്ലണ്ട് ഉയർത്തിയ 165 റൺസിന്‍റെ വിജയലക്ഷ്യം 13 പന്ത് ബാക്കിയിരിക്കെയണ് ഇന്ത്യ മറികടന്നത്. യുവതാരങ്ങളിലേക്ക് ആവേശം നിറച്ച് അർധ സെഞ്ച്വറി കുറിച്ച ക്യാപ്റ്റൻ വിരാട് കോഹ്ലി ഇന്ത്യൻ വിജയത്തിന് ചുക്കാൻ പിടിച്ചു.
ആദ്യ ഓവറിൽ തന്നെ ഓപ്പണർ ലോകേഷ് രാഹുലിനെ പൂജ്യത്തിന് നഷ്ടമായ ഇന്ത്യക്കായി അരങ്ങേറ്റക്കാരൻ ഇഷാൻ അതിശയിപ്പിക്കുന്ന പ്രകടനമാണ് കാഴ്ചവെച്ചത്. കഴിഞ്ഞ ഐ.പി.എല്ലിൽ മുംബൈ ഇന്ത്യൻസിനെ കിരീടത്തിലേക്ക് നയിച്ചതിൽ മുഖ്യപങ്ക് വഹിച്ച ഇഷാൻ അതേ പ്രകടനം മെേട്ടരയിലും തുടരുകയായിരുന്നു. ക്യാപ്റ്റൻ വിരാട് കോഹ്ലിയെ മറുവശത്ത് ബാറ്റിങ്ങ് വിരുന്ന് ആസ്വദിക്കാൻ നിർത്തി ഇഷാൻ കത്തിക്കയറി. 32 പന്തിൽ നാല് സിക്സറുകളുടെയും അഞ്ച് ബൗണ്ടറിയുടെയും അകമ്പടിയിലാണ് ഇഷാൻ 56 റൺസെടുത്ത് ആദിൽ റഷീദിന്‍റെ പന്തിൽ വിക്കറ്റിനു മുന്നിൽ കുടുങ്ങി പുറത്തായത്. ഒമ്പത് ഓവറിൽ ഇഷാൻ - കോഹ്ലി സഖ്യം പടുത്തുയർത്തിയത് 94 റൺസിന്‍റെ കൂട്ടുകെട്ടായിരുന്നു. 13 പന്തിൽ 26 റൺസെടുത്ത ഋഷഭ് പന്തിന്‍റെ മിന്നൽ പ്രകടനവും ഇന്ത്യക്ക് തുണയായി.
49 പന്തിൽ പുറത്താകാതെ 73 റൺസെടുത്ത ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെ ആങ്കറിങ് ഇന്നിങ്സായിരുന്നു വിജയത്തിന്‍റെ അടിത്തറ. അഞ്ച് ബൗണ്ടറികളും മൂന്ന് സിക്സറും കോഹ്ലിയുടെ ബാറ്റിൽനിന്ന് പറന്നു.
നേരത്തേ ടോസ് നേടിയ ഇന്ത്യ വമ്പൻ സ്കോറിലേക്ക് കുതിച്ചുയരുമെന്നു കരുതിയ ഇംഗ്ലണ്ടിനെ സ്ലോഗ് ഓവറുകളിൽ പിടിച്ചു നിർത്തുകയായിരുന്നു. ഷാർദൂൽ ഠാക്കൂറും വാഷിങ്ടൺ സുന്ദറും രണ്ടു വീതം വിക്കറ്റുമായി മികച്ച ബൗളിങ്ങ് കാഴ്ചവെച്ചപ്പോൾ ഇംഗ്ലണ്ടിന്‍റെ തുടക്കത്തിലെ കുതിപ്പിന് കടിഞ്ഞാണായി. 20 ഓവറിൽ ഇംഗ്ലണ്ടിന്‍റെ ആറ് വിക്കറ്റുകൾ പിഴുത ഇന്ത്യ 164 റൺസിൽ ഒതുക്കി.
ആദ്യ മത്സരത്തിലെ പരാജയത്തിൽ നിന്ന് ഉയിർത്തെണീറ്റ ഇന്ത്യക്കയി ആദ്യ ഓവറിൽ തന്നെ ഭുവനശ്വർ കുമാർ ആഞ്ഞടിച്ചു. അപകടകാരിയായ ജോസ് ബട്ലറെ റണ്ണെടുക്കാനനുവദിക്കാതെ വിക്കറ്റിനു മുന്നിൽ കുടുക്കിയായിരുന്നു തുടക്കം. ജാസൺ റോയിയും ഡേവിഡ് മലനും ചേർന്ന് വമ്പൻ അടികളിലൂടെ സ്കോർ ഉയർത്തുന്നതിനിടയിൽ ഇന്ത്യ വീണ്ടും തിരിച്ചടിച്ചു. 24 റൺസെടുത്ത മലനെ ചഹൽ വിക്കറ്റിനു മുന്നിൽ കുടുക്കി. 35 പന്തിൽ 46 റൺസെടുത്ത ജാസൺ റോയിയെ വാഷിങ്ടൺ സുന്ദർ ഭുവനേശ്വറിന്‍റെ കൈയിലെത്തിച്ചു. 13ാമത്തെ ഓവറിൽ നൂറു കടന്ന ഇംഗ്ലണ്ടിനെ ശേഷിച്ച ഓവറുകളിൽ ഇന്ത്യൻ ബൗളർമാർ വരച്ച വരയിൽ നിർത്തി.
ഇയോൺ മോർഗനെയും (28), ബെൻ സ്റ്റോക്സിനെയും (24) ഷാർദൂലിന്‍റെ ബൗളിങ് തന്ത്രം ചതിച്ചു. യുസ്വേന്ദ്ര ചഹലും ഭുവനേശ്വർ കുമാറും ഓരോ വിക്കറ്റ് നേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.