അഹ്മദാബാദ്: അടിയും തിരിച്ചടിയും കണ്ട ട്വന്‍റി20 പരമ്പരയുെട 'ഫൈനൽ' മത്സരത്തിൽ ഇംഗ്ലണ്ടിന് മേൽ ഇന്ത്യക്ക് 36 റൺസ് വിജയം. ഇതോടെ അഞ്ചുമത്സരങ്ങളടങ്ങിയ പരമ്പര ഇന്ത്യ 3-2ന് സ്വന്തമാക്കി.
ബാറ്റിങ്ങിനിറങ്ങിയവരെല്ലാം കത്തിക്കയറിയതോടെ ഇന്ത്യ കൂറ്റൻ സ്കോർ പടുത്തുയർത്തി. വിരാട് കോഹ്ലി (52 പന്തിൽ 80 നോട്ടൗട്ട്), രോഹിത് ശർമ (34 പന്തിൽ 64), ഹർദിക് പാണ്ഡ്യ (17 പന്തിൽ 39 നോട്ടൗട്ട്), സൂര്യകുമാർ യാദവ് (17 പന്തിൽ 32) എന്നിവരുടെ ബാറ്റിങ് മികവിൽ ഇന്ത്യ 20 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 224 റൺസ് അടിച്ചുകൂട്ടി.
എന്നാൽ അതേ നാണയത്തിൽ തിരിച്ചടിച്ചെങ്കിലും മധ്യഓവറുകളിൽ ഇംഗ്ലണ്ടിനെ മെരുക്കിയ ഇന്ത്യ അവരെ 20 ഓവറുകളിൽ എട്ടു വിക്കറ്റിന് 188 റൺസെന്ന നിലയിൽ പിടിച്ചുകെട്ടുകയായിരുന്നു. ഡേവിഡ് മലാനും (68) ജോസ് ബട്ലറും (52) കൊളുത്തിയ തിരി ആളിക്കത്തിക്കാൻ ഇംഗ്ലീഷ് മധ്യനിരയിൽ ആരും ഇല്ലാതെ പോയി. ഇന്ത്യക്കായി ശർദുൽ ഠാക്കൂർ മൂന്നും ഭുവനേശ്വർ കുമാർ രണ്ട് വിക്കറ്റും വീഴ്ത്തി, ഹർദികും നടരാജനും ഓരോ വിക്കറ്റെടുത്തു.
റൺമല കീഴടക്കാനിറങ്ങിയ ഇംഗ്ലണ്ടിന് ആദ്യ ഓവറിൽ തന്നെ ഭുവനേശ്വർ കുമാർ കനത്ത പ്രഹരമേൽപിച്ചു. രണ്ടാം പന്തിൽ തന്നെ ജാസൺ റോയ് ഡക്കായി മടങ്ങി. ജോസ് ബട്ലറിനെ കൂട്ടായി ലഭിച്ചതോടെ ഡേവിഡ് മലാൻ ടോപ് ഗിയറിൽ ബാറ്റ് വീശിത്തുടങ്ങി. 4.3 ഓവറിൽ ഇംഗ്ലീഷ് സ്കോർ 50ലെത്തി. പവർപ്ലേയിൽ ഇന്ത്യ 60 റൺസാണ് നേടിയതെങ്കിൽ ഇംഗ്ലണ്ട് അത് 62 ആക്കി. ഇന്ത്യൻ ബൗളർമാരെ കണക്കറ്റ് പ്രഹരിച്ച് മുന്നേറിയ ഇംഗ്ലീഷ് ബാറ്റ്സ്മാൻമാർ റൺനിരക്ക് താഴാതെ കാത്തു. 9.2 ഓവറിൽ തന്നെ സന്ദർശക സ്കോർ 100 പിന്നിട്ടു. 33 പന്തിൽ മലാൻ ഫിഫ്റ്റി തികച്ചു. തൊട്ടുപിന്നാലെ 30 പന്തിൽ ബട്ലറും അർധശതകം തികച്ചു.
ഇതിനിടെ ഏറ്റവും വേഗത്തിൽ 1000 ട്വന്‍റി20 റൺസ് തികച്ച ബാറ്റ്സ്മാനെന്ന റെക്കോഡ് മലാൻ സ്വന്തമാക്കി. 24 ഇന്നിങ്സുകളിൽ നിന്നാണ് മലാൻ നാഴികക്കല്ല് പിന്നിട്ടത്. 26 ഇന്നിങ്സുകളിൽ നിന്നായി നേട്ടം സ്വന്തമാക്കിയ ബാബർ അസമിനെയാണ് മലാൻ പിന്തള്ളിയത്.
പന്ത് െകാടുത്തവരെല്ലാം തല്ല് വാങ്ങിയതോടെ കോഹ്ലി ഭുവിയെ തിരികെ വിളിച്ചു. ഓവറിൽ അപകടകാരിയായ ബട്ലറിനെ പാണ്ഡ്യയുടെ കൈകളിലെത്തിച്ച് ഭുവി ഇന്ത്യയെ മത്സരത്തിലേക്ക് തിരികെ കൊണ്ടു വരികയായിരുന്നു. പിന്നെ കൃത്യമായ ഇടവേളകളിൽ ഇന്ത്യൻ ബൗളർമാർ വിക്കറ്റ് വീഴ്ത്തി. 15ാം ഓവറിലെ മൂന്നാം പന്തിൽ ശർദുൽ ഠാക്കൂർ ജോണി ബെയർസ്റ്റോയെ (7) വീഴ്ത്തി.
അതേ ഓവറിലെ അവസാന പന്തിൽ മലാനെ ബൗൾഡാക്കിയ ശർദുൽ കളി ഇന്ത്യയുടെ ഭാഗത്തേക്ക് തിരിച്ചു. തൊട്ടടുത്ത ഓവറിൽ നായകൻ ഓയിൻ മോർഗൻ (1) പാണ്ഡ്യക്ക് വിക്കറ്റ് നൽകി മടങ്ങി. ഷോർട് ബാളിൽ സബ്സ്റ്റിറ്റ്യൂട്ട് കെ.എൽ. രാഹുലിന് ക്യാച്. 16ാം ഓവർ അവസാനിക്കുേമ്പാൾ ഇംഗ്ലണ്ടിന് ജയിക്കാൻ 20 റൺസിൽ കൂടുതൽ വേണ്ടിയിരുന്നു. വാലറ്റക്കാരെ കൂട്ടുപിടിച്ച് ബെൻ സ്േറാക്സിന് (14) അവസാനം ഒന്നും ചെയ്യാനായില്ല.
ക്രിസ് ജോർദാൻ (11), ജോഫ്ര ആർച്ചർ (1), സാം കറൻ (14), ആദിൽ റാശിദ് (0) എന്നിങ്ങനെയായിരുന്നു മറ്റ് ബാറ്റ്സ്മാൻമാരുടെ സ്കോർ.
ട്വന്‍റി20യിലെ ഇന്ത്യയുടെ ഏറ്റവും മികച്ച നാലാമത്തെയും സ്വന്തം മണ്ണിലെ ഏറ്റവും ഉയർന്ന സ്കോറുമാണ് അഹ്മദാബാദിൽ പിറന്നത്. ട്വന്‍റി20 ഫോർമാറ്റിൽ ആദ്യമായി ഓപണിങ് പങ്കാളികളായ നായകൻ വിരാട് കോഹ്ലിയും ഉപനായകൻ രോഹിത് ശർമയും പവർപ്ലേ ഓവറുകളിൽ ഇന്ത്യക്കായി മികച്ച തുടക്കമിട്ടു. ഇരുവരും ചേർന്ന് ആദ്യ ആറ് ഓവറുകളിൽ 60 റൺസാണ് ഇന്ത്യൻ സ്കോർ ബോർഡിൽ ചേർത്തത്.
30 പന്തിൽ അർധസെഞ്ച്വറി തികച്ച രോഹിത്തിനായിരുന്നു ആക്രമണ ചുമതല. സികസറുകളും ഫോറുകളുമായി രോഹിത്ത് കാണികളെ രസിപ്പിച്ചു. എന്നാൽ ഒമ്പത് ഓവറിൽ സ്കോർ 94ൽ എത്തി നിൽക്കേ ബെൻ സ്റ്റോക്സിന്റെ പന്തിൽ രോഹിത്ത് ബൗൾഡായി മടങ്ങി.
എന്നാൽ പിന്നാലെ ക്രീസിലെത്തി ബാറ്റൺ ഏറ്റുവാങ്ങിയ സൂര്യകുമാർ മികച്ച മൂഡിലായിരുന്നു. ഇംഗ്ലീഷ് ബൗളർമാരെ ഭയാശങ്കകളില്ലാതെ നേരിട്ട മുംബൈ ബാറ്റ്സ്മാൻ റൺസ് വാരിക്കൂട്ടി. എന്നാൽ 17 പന്തിൽ 32 റൺസ് അടിച്ചുകൂട്ടിയ സൂര്യയെ ബൗണ്ടറി ലൈനിനരികിൽ ജോർദാനും ജാസൺ റോയ്യും ചേർന്ന് മികച്ചൊരു ക്യാചിലൂടെ പുറത്താക്കി.
പിന്നാലെ കോഹ്ലി പരമ്പരയിലെ മൂന്നാം അർധശതകം സ്വന്തമാക്കി. അവസാന ഓവറുകളിൽ പവർസ്ട്രോക്കുകളുമായി പാണ്ഡ്യയും കളം നിറഞ്ഞതോടെ ഇന്ത്യൻ സ്കോർ 200 കടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.