െചന്നൈ: ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിൽ സ്റ്റേഡിയത്തിൽ 50 ശതമാനം കാണികളെ പ്രവേശിപ്പിക്കാൻ തീരുമാനം. ഫെബ്രുവരി 13 മുതൽ 17 വരെ ചെന്നൈ എം.എ ചിദംബരം സ്റ്റേഡിയത്തിൽ വെച്ചാണ് മത്സരം നടക്കുക.
തമിഴ്നാട് ക്രിക്കറ്റ് അസോസിയേഷന്‍റെ ആവശ്യം ബി.സി.സി.ഐ തിങ്കളാഴ്ച അംഗീകരിക്കുകയായിരുന്നു. എന്നിരുന്നാലും ആദ്യ ടെസ്റ്റ് അടച്ചിട്ട സ്റ്റേഡിയത്തിലാകും നടക്കുക.
'രണ്ടാം ടെസ്റ്റിൽ കാണികളെ അനുവദിക്കാൻ ബി.സി.സി.ഐ സമ്മതം മൂളിയിട്ടുണ്ട്. ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകും. ആദ്യ ടെസ്റ്റ് അടച്ചിട്ട സ്റ്റേഡിയത്തിലാകും നടക്കുക. ആദ്യ ടെസ്റ്റിന് കാണികളെ പ്രവേശിപ്പിക്കാനുള്ള ക്രമീകരണങ്ങൾ ചെയ്യാൻ വളരെ വൈകിയതിനാലാണിത്' -ടി.എൻ.സി.എ സെക്രട്ടറി ആർ.എസ്. രാമസാമി ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.
നേരത്തെ ആദ്യ രണ്ട് മത്സരങ്ങൾ വേണ്ടെന്നായിരുന്നു തീരുമാനം എന്നാൽ കേന്ദ്ര കായിക മന്ത്രാലയവും തമിഴ്നാട് സർക്കാറും ഔട്ട്ഡോർ സ്റ്റേഡിയങ്ങളിൽ മത്സരങ്ങൾ നടത്തുന്നതിന് ഇളവുകൾ പ്രഖ്യാപിച്ചതോടെയാണ് തീരുമാനം മാറിയത്.
38,000 പേർക്കാണ് ചെപ്പോക്ക് സ്റ്റേഡിയത്തിൽ കളി കാണാനാകുക. 12,000 മുതൽ 15,000 ടിക്കറ്റുകൾ വരെ വിൽപനക്ക് വെക്കുമെന്ന് രാമസാമി പറഞ്ഞു.
ക്വാറന്‍റീൻ പൂർത്തിയാക്കിയ ഇന്ത്യയുടെയും ഇംഗ്ലണ്ടിന്‍റെയും മുഴുവൻ താരങ്ങളുടെയും മൂന്ന് ആർ.ടി.പി.സി.ആർ ടെസ്റ്റുകളും നെഗറ്റീവ് ആയി.
തിങ്കളാഴ്ച വൈകീട്ട് ഇന്ത്യൻ താരങ്ങൾ സ്റ്റേഡിയത്തിലെത്തി ചെറിയ രീതിയിൽ പരിശീലനം തുടങ്ങി. ചൊവ്വാഴ്ച ഉച്ചക്ക് ശേഷം മാത്രമാകും ഇംഗ്ലണ്ട് പരിശീലനം ആരംഭിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.