മുംബൈ: ഡൽഹി കാപിറ്റൽസിനെ ആറു റൺസിന് മറികടന്ന് ലഖ്നോ സൂപ്പർ ജയന്റ്സിന്റെ കുതിപ്പ്. ആദ്യം ബാറ്റുചെയ്ത ലഖ്നോ മൂന്നു വിക്കറ്റിന് 195 റൺസടിച്ചപ്പോൾ ഡൽഹിയുടെ വെല്ലുവിളി ഏഴിന് 189ൽ അവസാനിച്ചു. ഏഴാം ജയത്തോടെ 10 മത്സരങ്ങളിൽ നിന്ന് 14 പോയിന്റുമായി ലഖ്നോ പോയിന്റ് പട്ടികയിൽ രണ്ടാമതെത്തി.
ക്യാപ്റ്റൻ കെ.എൽ. രാഹുലിന്റെയും (51 പന്തിൽ 77) ദീപക് ഹൂഡയുടെയും (34 പന്തിൽ 52) അർധസെഞ്ച്വറികളുടെ കരുത്തിലാണ് ലഖ്നോ മികച്ച സ്കോറുയർത്തിയത്. മറുപടി ബാറ്റിങ്ങിൽ നായകൻ ഋഷഭ് പന്ത് (30 പന്തിൽ 44), അക്സർ പട്ടേൽ (24 പന്തിൽ 42 നോട്ടൗട്ട്), മിച്ചൽ മാർഷ് (20 പന്തിൽ 37), റോവ്മാൻ പവൽ (21 പന്തിൽ 35) എന്നിവർ പൊരുതി നോക്കിയെങ്കിലും കാര്യമുണ്ടായില്ല. നാലോവറിൽ 19 റൺസ് മാത്രം വഴങ്ങി നാലു വിക്കറ്റെടുത്ത പേസർ മുഹ്സിൻ ഖാനാണ് ഡൽഹിയെ മെരുക്കുന്നതിൽ മുഖ്യ പങ്കു വഹിച്ചത്.
13 റൺസ് ചേർക്കുന്നതിനിടെ പൃഥ്വി ഷായും (5) ഡേവിഡ് വാർണറും (3) പുറത്തായെങ്കിലും തകർത്തടിച്ച മാർഷും പന്തും ഇന്നിങ്സ് നേരെയാക്കുകയായിരുന്നു. പിന്നീട് ഇടക്കിടെ വിക്കറ്റുകൾ പൊഴിഞ്ഞെങ്കിലും ഡൽഹി പൊരുതിനിന്നു. പന്തും മാർഷും വീണശേഷം പവലും അക്സറും തകർത്തടിച്ചതോടെ ഡൽഹിക്ക് പ്രതീക്ഷയുണ്ടായിരുന്നു. എന്നാൽ, 17ാം ഓവറിലെ ആദ്യ പന്തിൽ വിൻഡീസ് താരത്തെ പുറത്താക്കിയ മുഹ്സിൻ ഖാൻ ലഖ്നോയെ കളിയിൽ തിരിച്ചെത്തിച്ചു. അക്സർ ഒരുവശത്ത് ശ്രമിച്ചുനോക്കിയെങ്കിലും പിന്നീട് ഡൽഹിക്ക് ജയത്തിലെത്താനായില്ല.
നേരത്തേ, ആദ്യം ബാറ്റിങ്ങിനിറങ്ങിയ ലഖ്നോക്കായി ബാറ്റെടുത്തവരെല്ലാം തിളങ്ങി. ക്വിന്റൺ ഡികോക്കും (13 പന്തിൽ 23) രാഹുലും അതിവേഗത്തിൽ സ്കോർ ചെയ്തു. ഡികോക് പുറത്തായശേഷമെത്തിയ ഹൂഡയും രാഹുലും 61 പന്തിൽ 95 റൺസ് ചേർത്തു. രാഹുൽ അഞ്ചു സിക്സും ആറു ഫോറും പായിച്ചപ്പോൾ ഹൂഡ ഒരു സിക്സും ആറു ഫോറും നേടി. മൂന്നു വിക്കറ്റും ശർദുൽ ഠാകൂർ സ്വന്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.