സിഡ്നി: ആസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ മൂന്നാം മത്സരത്തിൽ വൻ തകർച്ചയിൽനിന്ന് കരകയറി പാകിസ്താൻ. മധ്യനിരയിൽ മുഹമ്മദ് റിസ്‍വാൻ-ആഗ സൽമാൻ സഖ്യം പിടിച്ചുനിൽക്കുകയും അവസാന വിക്കറ്റിൽ ആമിർ ജമാലും മിർ ഹംസയും ചേർന്ന് വീരോചിത പോരാട്ടം നടത്തുകയും ചെയ്തതോടെ പാകിസ്താൻ 313 റൺസിലെത്തുകയായിരുന്നു.
ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത സന്ദർശകരുടെ രണ്ട് ഓപണർമാരും പൂജ്യരായി മടങ്ങി. അബ്ദുൽ ഷഫീഖിനെ സ്റ്റാർക്ക് സ്മിത്തിന്റെയും സയിം അയൂബിനെ ഹേസൽവുഡ് അലക്സ് കാരിയുടെയും കൈയിലെത്തിക്കുകയായിരുന്നു. തുടർന്നെത്തിയ ക്യാപ്റ്റൻ ഷാൻ മസൂദും (35), മുൻ നായകൻ ബാബർ അസമും (26) പിടിച്ചുനിൽക്കാൻ ശ്രമിച്ചെങ്കിലും അധികം ആയുസ്സുണ്ടായില്ല. അഞ്ച് റൺസെടുത്ത് സൗദ് ഷകീലും മടങ്ങിയതോടെ സ്കോർ അഞ്ചിന് 96 എന്ന പരിതാപകരമായ നിലയിലെത്തി.
എന്നാൽ, പിന്നീടെത്തിയ വിക്കറ്റ് കീപ്പർ ബാറ്റർ മുഹമ്മദ് റിസ്‍വാനും ആഗ സൽമാനും ചേർന്ന് വിലപ്പെട്ട അർധ സെഞ്ച്വറികളിലൂടെ ടീമിനെ മുന്നോട്ട് നയിക്കുകയായിരുന്നു. 88 റൺസെടുത്ത റിസ്‍വാനെ കമ്മിൻസും ആഗ സൽമാനെ സ്റ്റാർക്കും മടക്കി. ഇരുവരും ചേർന്ന് ആറാം വിക്കറ്റിൽ 101 പന്തിൽ 94 റൺസാണ് ചേർത്തത്. 15 റൺസുമായി സാജിദ് ഖാനും റൺസൊന്നുമെടുക്കാതെ ഹസൻ അലിയും തിരിച്ചുകയറിയതോടെ പാകിസ്താൻ 250 കടക്കില്ലെന്ന് ഉറപ്പിച്ചതായിരുന്നു.
എന്നാൽ, ഒരുവശത്ത് നിലയുറപ്പിച്ച ആമിർ ജമാൽ അവസാനമായി എത്തിയ മിർ ഹംസയെ കൂട്ടുപിടിച്ച് സ്കോർ 300 കടത്തുകയായിരുന്നു. പത്താം വിക്കറ്റിൽ ഇരുവരും ചേർന്ന് 86 റൺസാണ് പാകിസ്താൻ സ്കോർ ബോർഡിൽ ചേർത്തത്. 97 പന്ത് നേരിട്ട് 82 റൺസെടുത്ത ആമിറിനെ നഥാൻ ലിയോൺ സ്റ്റാർക്കിനെറ കൈയിലെത്തിച്ചതോടെ പാക് ഇന്നിങ്സിനും വിരാമമായി. ക്ഷമയോടെ പിടിച്ചുനിന്ന മിർ ഹംസ 43 പന്ത് നേരിട്ട് ഏഴ് റൺസുമായി പുറത്താകാതെ നിന്നു.
ആസ്ട്രേലിയക്കായി പാറ്റ് കമ്മിൻസ് അഞ്ച് വിക്കറ്റുമായി ഇത്തവണയും നിറഞ്ഞുനിന്നപ്പോൾ മിച്ചൽ സ്റ്റാർക്ക് രണ്ടും ജോഷ് ഹേസൽവുഡ്, മിച്ചൽ മാർഷ്, നഥാൻ ലിയോൺ എന്നിവർ ഓരോന്നും വിക്കറ്റ് വീഴ്ത്തി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ആസ്ട്രേലിയ ഒന്നാം ദിനം സ്റ്റമ്പെടുക്കുമ്പോൾ വിക്കറ്റ് നഷ്ടപ്പെടാതെ ആറ് റൺസെന്ന നിലയിലാണ്. ആറ് റൺസുമായി അവസാന ടെസ്റ്റ് കളിക്കുന്ന ഡേവിഡ് വാർണറും റൺസൊന്നുമെടുക്കാതെ ഉസ്മാൻ ഖ്വാജയുമാണ് ക്രീസിൽ.
ആദ്യ ടെസ്റ്റിൽ 360 റൺസിന്റെ കൂറ്റൻ ജയം നേടിയ ആസ്ട്രേലിയ രണ്ടാമത്തേതിൽ 79 റൺസിനും ജയിച്ചുകയറി മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര സ്വന്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.